പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഏഴ് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ.
ബന്ധുവും തന്റെ സംരക്ഷണയിലുമായിരുന്ന പെൺകുട്ടിയെ ഏഴു വയസ്സുമുതൽ നിരന്തരം പീഡിപ്പിക്കുയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസിൽ എരുമേലി മുക്കൂട്ടുതറ 36 മൈൽ പുളിക്ക പതാലിൽ വീട്ടിൽ ജയദാസ(51)നെയാണ് കൊട്ടാരക്കര അതിവേഗ സ്‌പെഷ്യൽ കോടിതി ജഡ്ജ് ടി.ഡി. ബൈജു ശിക്ഷിച്ചത്. ജീവപര്യന്തം തടവും എഴുവർഷം കഠിനതടവും 25000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കോട്ടുക്കൽ മലപ്പേരൂരിൽ വാടകയ്ക്കു കഴിഞ്ഞിരുന്ന പ്രതി തന്റെ സംരക്ഷണിയിലുണ്ടായിരുന്ന കുടുംബത്തിലെ പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചെന്നാണ് കേസ്. ആദ്യ കുട്ടിയെ പീഡിപ്പിക്കുകയും നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തെന്ന കേസിൽ ഇരട്ട ജീവപര്യന്തവും 17 വർഷം കഠിനതടവും കഴിഞ്ഞ ഒക്ടോബറിൽ കോടതി വിധിച്ചിരുന്നു. രണ്ടാമത്തെ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് കഴിഞ്ഞ ദിവസം വിധിയുണ്ടായത്. 2012-ൽ ചടയമംഗലം ഇൻസ്പക്ടർ ആയിരുന്ന സജു രജിസ്ടർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് ഇൻസ്പക്ടർ ബിജോയ് ആയിരുന്നു. ഇൻസ്പക്ടർ വി.എസ്. പ്രദീപ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടർ ഷുഗു സി. തോമസ് ഹാജരായി.































