ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി, ഓച്ചിറയെ കിഴക്ക് – പടിഞ്ഞാറ് വേർതിരിക്കുന്ന വന്മതിലിൻ്റെ പണിക്കെതിരെ പില്ലർ എലിവേറ്റഡ് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ മനുഷ്യ ചങ്ങല പ്രതിഷേധമൊരുങ്ങുന്നു.
തെക്കുനിന്നും വരുന്നവരെ തടയുന്ന സർവ്വീസ് റോഡ് പോലുമില്ലാത്ത ടോൾ പ്ളാസ വഴി, വലിയ തുക ടോളും കൊടുത്ത് വന്ന് സാധനങ്ങൾ വാങ്ങാൻ ആരും തയ്യാറാകില്ല, നടപ്പാത പോലുമില്ലാത്ത ദേശീയപാതയിൽ കയറി, നടന്ന് വരാനെങ്കിലും സാധിക്കുമോയെന്നത് കണ്ടറിയണം. കിഴക്കു കൂടി വരാനാണെങ്കിൽ മരണക്കെണിയായി മാറിയേക്കാവുന്ന അണ്ടർപാസ്സിലൂടെ തിങ്ങി ഞെരുങ്ങി വന്ന് വേണം സാധനങ്ങൾ വാങ്ങുവാൻ. അതിനു ആളുകൾ തയ്യാറാകുമോ? അക്ഷരാർത്ഥത്തിൽ ഓച്ചിറയിലെ വ്യാപാരികൾ വലിയ കെണിയിലകപ്പെട്ടിരിക്കുന്നുവെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
ഓച്ചിറയുടെ ഹൃദയ ഭാഗത്ത് ബസ്സുകളിലും മറ്റും വന്നിറങ്ങി, സാധനങ്ങൾ വാങ്ങി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാരാണ് വ്യാപാരികളുടെ ദൈനംദിന വരുമാന സ്രോതസ്സ്. എന്നാൽ, ഇനി വരാനും പോകാനും ഒരു അടിപ്പാത മാത്രമേയുള്ളൂ. വന്നെത്തുന്ന വാഹനങ്ങൾ തിരിക്കാൻ സ്ഥലവുമില്ല. ഈ സാഹചര്യത്തിൽ നഗരത്തിലേക്ക് കടക്കാതെ സർവ്വീസ് റോഡ് വഴി വാഹനങ്ങൾ കടന്നു പോകുന്ന അവസ്ഥയാണു സംജാതമാകുക. അതുണ്ടാക്കുന്ന നഷ്ടം വളരെ വലുതായിരിക്കും.
ഓച്ചിറയിലെ വ്യാപാരികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് പരബ്രഹ്മ ക്ഷേത്രത്തിലെ ഉത്സവകാലമാണ്. ജനലക്ഷങ്ങൾക്കും വാഹനങ്ങൾക്കും വരാനും പോകാനും ഒരു അടിപ്പാത മാത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. തെക്കും വടക്കുമുള്ള തൊട്ടടുത്ത അടിപ്പാതകൾ കിലോമീറ്ററുകൾ ദൂരെയാണ്. ആ രണ്ട് അടിപ്പാതകൾക്കുമിടയിൽ ഇരുവശങ്ങളിലുമായി ദേശീയ പാതയിൽ വന്നു ചേരുന്ന നാല്പതോളം വഴികളുണ്ട്. അതിലൂടെയൊക്കെ വന്ന് റോഡ് മുറിച്ചു കടന്നിരുന്ന പതിനാറോളം സ്ഥലങ്ങളാണ് നിർദാക്ഷിണ്യം കെട്ടിയടച്ചത്. അതുകൊണ്ട് തന്നെ ഉത്സവ കാലത്ത് അടിപ്പാതയിൽ വളരെ അപകടമായ തിരക്കാണുണ്ടാകുക. ക്ഷേത്ര നഗരിയിലോ അടിപ്പാതയിലോ എന്തെങ്കിലും സംഭവിച്ചാൽ, രക്ഷപെടാനോ രക്ഷാപ്രവർത്തനത്തിനോ മറ്റൊരു വഴിയില്ല. അത് വൻ ദുരന്തമായിരിക്കും ഉണ്ടാക്കുക. പ്രായമുള്ളവരും കുട്ടികളും സ്ത്രീകളും അടങ്ങുന്ന വൻജനാവലി, നമ്മുടെ നാട്ടിലേക്കും, സ്ഥാപനങ്ങളിലേക്കും, ഉത്സവത്തിനുമൊക്കെ വന്നുചേരുന്നത്, ഈ നാട് വളരെ സുരക്ഷിതമാണെന്നും അതിവിശാലമാണെന്നുമുള്ള വിശ്വാസം കൊണ്ടാണ്. ആ വിശ്വാസം നഷ്ടപ്പെടാൻ ഒരു ദുരന്തം മതി. പിന്നീടൊരിക്കലും ഈ നാട് പഴയതുപോലെയാകില്ല. അതുണ്ടാക്കുന്ന സാമ്പത്തിക തകർച്ച വളരെ വലുതായിരിക്കും.
റെയിൽവേ വൈദ്യുതീകരണം നിമിത്തം വലിയ കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നത് അസാധ്യമായതോടെ, റേയിൽവേ സ്റ്റേഷനു കിഴക്ക് നിന്നും വന്നിരുന്ന ആളുകളിൽ ആവേശം നഷ്ടപ്പെട്ടതു പോലെ, ടോൾ പ്ളാസ കാരണം തെക്കു നിന്നും വരുന്ന ആളുകളിലും കെട്ടുകാഴ്ചകളിലും ആവേശം നഷ്ടപ്പെടാൻ സാധ്യത കാണുന്നു. കിഴക്കൻ പ്രദേശങ്ങളിലെ ജനങ്ങളുടെ പങ്കാളിത്തം കൂടി ഇല്ലാതായാൽ അത് ഓച്ചിറയിലെ വ്യാപാര മേഖലയിൽ വലിയ മാന്ദ്യമായിരിക്കും സംഭാവന ചെയ്യുക. ഭീമമായ തുകകൾ കടമെടുത്ത് കെട്ടിടങ്ങൾ വാങ്ങിയും വാടകക്കെടുത്തും, വിലപിടിച്ച കച്ചവട സാധനങ്ങൾ നിറച്ചും കാത്തിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ പ്രശ്നത്തിലാകുമെന്ന് പ്രതിക്ഷേധക്കാർ പറയുന്നു. ദേശീയ പാതയിൽ നാം മുറിച്ചു കടന്നിരുന്ന പ്രദേശങ്ങൾ കെട്ടിയടയ്ക്കപ്പോൾ തന്നെ വ്യാപാരത്തിൽ ഉണ്ടായ കുറവ് വലുതാണ്. വലിയ കടക്കെണിയിലേക്കാണ് ഓച്ചിറയിലെ വ്യാപാരികൾ പോകുന്നത്
നാടിന്റെ സ്വസ്ഥമായ ജീവിതത്തിനു വിഘാതമാകാത്ത വികസനമാണ് വേണ്ടത്. അതിനു നമ്മൾ മുന്നോടു വെയ്ക്കുന്ന നിർദ്ദേശങ്ങൾ ഇവയാണ്
നിലവിലെ അടിപ്പാത മുതൽ റെയിൽവേ സ്റ്റേഷൻ റോഡുവരെ പില്ലർ എലവേറ്റഡ് ഹൈവേ നിർമ്മിക്കുക. ക്ഷേത്രത്തിനു മുന്നിൽ കാണിക്ക വഞ്ചിയുള്ള വഴിയിലൂടെ റോഡ് മുറിച്ചു കടക്കാൻ അതിവിശാലമായ നടപ്പാത നിർമ്മിക്കുക
നഗരത്തിൽ കടന്നുവരുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാനും, ഉത്സവ സമയങ്ങളിൽ വൺവേ ട്രാഫിക് ക്രമീകരണങ്ങൾക്കും, ഒരു അടിപ്പാതയിൽ എന്തെങ്കിലും സംഭവിച്ചാൽ രക്ഷാപ്രവർത്തനത്തിനും ഉതകും വിധംഓച്ചിറ റെയിൽവേ സ്റ്റേഷൻ റോഡിൽ അടിപ്പാത നിർമ്മിക്കുക..
ഗുരുമന്ദിരം, തൻവീർ സെൻട്രൽ സ്കൂൾ വടക്കേ ജുമാ മസ്‌ജിദ് എന്നിവയ്ക്ക് സമീപം നടപ്പാതയ്ക്കായി അടിപ്പാത നിർമ്മിക്കുക
എന്നീ ആവശ്യങ്ങളുയർത്തി വിഭജന മതിലിനെതിരെ ‘മനുഷ്യച്ചങ്ങല’
ഡിസംബർ 27 ശനി വൈകിട്ട് 4.00ന് നടത്തുമെന്ന് ചെയർമാൻ മെഹർഖാൻ ചേന്നല്ലൂർ, ഭാരവാഹികളായ അയ്യാണിക്കൽ മജീദ്, രാജുമോൻ, കബീർ എൻസൈൻ, ഈസക്കുട്ടി എന്നിവർ പറഞ്ഞു,






































