കേക്കുകള്‍ കൂടുതല്‍കാലം സൂക്ഷിക്കുന്നതിന് നിശ്ചിതതോത് മറികടന്ന് പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നത് നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. 32 സാമ്പിളുകള്‍ എടുത്തതില്‍ 10 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഉല്‍പാദകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ ആരംഭിച്ചതായി ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ എ സക്കീര്‍ ഹുസൈന്‍ അറിയിച്ചു.
പൊട്ടാസ്യം സോര്‍ബേറ്റ്, സോഡിയം ബെന്‍സോവേറ്റ് എന്നിവ ചേര്‍ക്കുന്നതിന് നിശ്ചിതപരിധി ഭക്ഷ്യസുരക്ഷ നിയമപ്രകാരം അനുവദിച്ചിട്ടുണ്ട്. അളവില്‍ കൂടുതല്‍ ചേര്‍ത്താല്‍ പരിശോധനാഫലം പ്രതികൂലമായി രേഖപ്പെടുത്തി ഉല്‍പാദകര്‍ക്കെതിരെ പ്രോസികൂഷന്‍ നടപടികളാണ് സ്വീകരിക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 67 കേക്കുകള്‍ ലാബ് പരിശോധന നടത്തിയതില്‍ 32 എണ്ണം സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്തിരുന്നു.
പൊട്ടാസ്യം സോര്‍ബേറ്റ്, സോഡിയം ബെന്‍സോവേറ്റ് എന്നിവ 10 കിലോ കേക്കില്‍ പരമാവധി 10 ഗ്രാം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ചെറുകിട ഉല്‍പാദകര്‍ പ്രിസര്‍വേറ്റീവ്‌സിന്റെ ഉപയോഗരീതിയും നിയന്ത്രണവും സംബന്ധിച്ച സംശയനിവാരണത്തിന് ഭക്ഷ്യസുരക്ഷ ഓഫീസര്‍മാരെ സമീപിക്കണം. സൗജന്യമായി നല്‍കുന്ന ഫോസ്റ്റാക് പോലുള്ള പരിശീലനങ്ങളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്നും അറിയിച്ചു.
എല്ലാ ഉല്‍പാദകരും ഉല്‍പന്നങ്ങള്‍ ആറ് മാസത്തില്‍ ഒരിക്കല്‍ ലാബ് ടെസ്റ്റ് നടത്തി സുരക്ഷിതമാണെന്ന് ഉറപ്പ്‌വരുത്തണം. വീടുകളില്‍ കേക്കുകള്‍ ഉണ്ടാക്കി വില്‍പനനടത്തുന്നവര്‍ ഭക്ഷ്യസുരക്ഷ വകുപ്പില്‍ നിന്ന് രജിസ്‌ട്രേഷനും എടുക്കണം. അഞ്ച് വര്‍ഷത്തെ രജിസ്‌ട്രേഷന് 500 രൂപയാണ് ഫീസ്. ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാതെയുള്ള ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വ്യാപാരം 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഭക്ഷ്യസുരക്ഷ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകള്‍ ഉണ്ടാകുമെന്നും സാമ്പിളുകള്‍ ശേഖരിക്കുന്നതിന് ജില്ലയില്‍ അഞ്ച് സ്‌ക്വാഡുകള്‍ രൂപീകരിച്ചതായും അറിയിച്ചു.
































