വാർത്തകൾ ഇന്ന് ഇതുവരെ |2025 ഡിസംബർ 16 | ചൊവ്വാഴ്ച | ധനു 1

Advertisement

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന് കോടതിയുടെ രൂക്ഷവിമർശനം. മുൻ ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി സർക്കാരിനെ വിമർശിച്ചത്. ശ്രീകോവിലിന്റെ കട്ടിളപ്പാളി 1998-ൽ സ്വർണം പൊതിഞ്ഞതായിരുന്നു എന്നത് സ്ഥിരീകരിക്കാനാവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോ എസ്ഐടിക്കോ കഴിഞ്ഞില്ല. ഇതോടെയാണ് കോടതി സർക്കാർ നടപടികളെ ചോദ്യം ചെയ്തത്. കട്ടിളപ്പാളിയിൽനിന്ന് സ്വർണം വേർതിരിച്ചെടുത്തു എന്ന് സ്മാർട്ട് ക്രിയേഷൻസിലെ പങ്കജ് ഭണ്ഡാരിയുടെ മൊഴി മാത്രമാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഈ മൊഴിയല്ലാതെ മറ്റെന്തെങ്കിലും രേഖയുണ്ടോ എന്നും രേഖയില്ലെങ്കിൽ പിന്നെ കേസ് എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു. തെളിവുകളുടെ അഭാവത്തിൽ കട്ടിളപ്പാളി നേരത്തെ സ്വർണം പൊതിഞ്ഞതാണെന്ന് ദേവസ്വം രേഖകളിൽ ഒരിടത്തും പറയുന്നില്ല എന്ന നിലപാടാണ് എൻ. വാസുവിന്റെ അഭിഭാഷകൻ സ്വീകരിച്ചിരിക്കുന്നത്.

ഐഎഫ്എഫ്കെയിൽ സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് കേന്ദ്രസർക്കാരിന്റെ ബോധപൂർവ ഇടപെടൽ: സജി ചെറിയാൻ

ഐഎഫ്എഫ്കെയിൽ സിനിമകൾക്ക് പ്രദർശനാനുമതി നല്‍കാത്തത് കേന്ദ്രസർക്കാരിന്റെ ബോധപൂർവ്വമായ ഇടപെടൽ മൂലമാണെന്ന് മന്ത്രി സജി ചെറിയാൻ. ഐഎഫ്എഫ്കെ ലോകത്തിന് തന്നെ മാതൃകയാണ്. ഇതുവരെ ഇല്ലാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായതെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. സെൻസർ ചെയ്യാതെ എത്തുന്ന സിനിമകൾക്ക് സാധാരണ നല്‍കിവരുന്ന സർട്ടിഫിക്കേഷൻ കേന്ദ്രം നിഷേധിച്ചതോടെയാണ് പ്രതിസന്ധിയുണ്ടായത്. ഫാസിസ്റ്റ് വിരുദ്ധത പ്രമേയമായ ചാർളി ചാപ്ലിന്റെ ‘ദ ഗ്രേറ്റ് ഡിക്ടേറ്റർ’, സോവിയറ്റ് ചലച്ചിത്രകാരനായ സെർഗി ഐസൻസ്റ്റീന്റെ ‘ബാറ്റിൽഷിപ് പൊട്ടംകിൻ’ എന്നീ വിശ്വവിഖ്യാത സിനിമകൾക്ക് ഉൾപ്പടെയാണ് കേന്ദ്രം പ്രദർശനാനുമതി നിഷേധിച്ചത്.

ചലച്ചിത്ര മേളയിൽ 19 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് ദൗർഭാഗ്യകരം: ശശി തരൂർ

ചലച്ചിത്ര മേളയിൽ 19 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് ദൗർഭാഗ്യകരമെന്ന് ശശി തരൂർ. ചിത്രങ്ങൾക്ക് അനുമതി കിട്ടാനായി കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. ബാക്കി ചിത്രങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ബാറ്റിൽഷിപ്പ് പോട്ടംകിൻ പോലൊരു ക്ലാസിക് ചിത്രത്തിന് അനുമതി നിഷേധിക്കുന്നത് പരിഹാസ്യമാണ്. ബ്യൂറോക്രാറ്റിക് ജാഗ്രതയാണ് പ്രദർശന അനുമതി നിഷേധിക്കാന്‍ കാരണമെന്നും ശശി തരൂർ പറഞ്ഞു.

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകളിൽ നാലെണ്ണത്തിന് സ്ക്രീനിംഗ് അനുമതി

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശനാനുമതി നിഷേധിച്ച 19 സിനിമകളിൽ നാലെണ്ണത്തിന് സ്ക്രീനിംഗ് അനുമതി. ബീഫ്, വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, ഈഗിൾ ഓഫ് ദ റിപ്പബ്ലിക്, ഹാർട്ട് ഓഫ് ദ വോൾഫ് എന്നീ സിനിമകൾക്കാണ് പ്രദർശനാനുമതി ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ള 15 ചിത്രങ്ങൾ ഇപ്പോഴും പ്രതിസന്ധിയിൽ തുടരുകയാണ്.

വയനാട് തുരങ്ക പാത നിർമാണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ വയനാട് തുരങ്ക പാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ അനുമതികളും പൂർത്തിയാക്കിയാണ് നിർമ്മാണം തുടങ്ങിയത്. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹർജി നല്‍കിയത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമില്ല: വി ശിവൻകുട്ടി

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമുണ്ടായതായി ഇടതുപക്ഷത്തിന്റെ ഒരു വേദിയിലും ചർച്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ല. ജനവിധി മാനിക്കുന്നു. എല്ലാ തീരുമാനവും ഏകകണ്ഠമായെടുത്തതാണെന്നും വോട്ടിങ് പാറ്റേണിനെ ഭരണ വിരുദ്ധ വികാരമായി കാണാൻ കഴിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

കേരള കോൺഗ്രസ് ഇടതുമുന്നണിക്കൊപ്പം തുടരും: ജോസ് കെ മാണി

കേരള കോൺഗ്രസ് ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്നും പാലായിലടക്കം മധ്യകേരളത്തിൽ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. ആരും വെള്ളം കോരാൻ വരേണ്ടെന്നും വീമ്പടിക്കുന്ന തൊടുപുഴയിൽ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണെന്നും പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിനെന്നും സംഘടനാപരമായി കേരള കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാലും മുന്നണി വിടില്ല: സ്റ്റീഫൻ ജോർജ്

തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാല്‍ മുന്നണി വിടില്ലെന്നും മുന്നണി വിടാന്‍ ആയിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാല്‍ മുന്നണി വിടുന്ന രീതി നിലവില്‍ ഇല്ലെന്നും കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പ്രതികരിച്ചു.

കാലുവാരൽ ആരോപണത്തിൽ നിലപാട് കടുപ്പിച്ച് കെ സി രാജഗോപാലൻ

കാലുവാരൽ ആരോപണത്തിനു പിന്നാലെ നിലപാട് കൂടുതൽ കടുപ്പിച്ച് മുൻ എംഎൽഎ കെ സി രാജഗോപാലൻ. സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി മാറിയെന്നും വിഎസ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആകില്ലായിരുന്നുവെന്നും കെ സി ആർ തുറന്നടിച്ചു. അതിനിടെ, കെ സി രാജഗോപാലനെ വിമർശിച്ച മുൻ ജില്ലാ കമ്മിറ്റി അംഗം കെ.പ്രകാശ് ബാബുരംഗത്തെത്തി. മലർന്നു കിടന്നു തുപ്പരുത് എന്നാണ് പരിഹാസം. അനർഹർക്ക് താൽക്കാലിക ലാഭത്തിനുവേണ്ടി അവസരങ്ങൾ നല്‍കിയതിന്റെ ഫലമാണ് കെ സി രാജഗോപാലൻ ഇപ്പോൾ അനുഭവിക്കുന്നതെന്നും കെ. പ്രകാശ് ബാബു പറഞ്ഞു.

സ്ത്രീ വിരുദ്ധ പ്രസംഗം: സെയ്ദലി മജീദിനെതിരെ പൊലീസ് കേസെടുത്തു

മലപ്പുറം തെന്നലയിൽ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെ പൊലീസ് കേസെടുത്തു. വനിതാ ലീഗ് പ്രവർത്തക ബി കെ ജമീലയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വോട്ടിന് വേണ്ടി വിവാഹം കഴിച്ചുകൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത് തുടങ്ങിയ പരാമർശമാണ് സെയ്ദലി മജീദ് നടത്തിയത്. പ്രസംഗം വിവാദമായതോടെ സെയ്ദലി ഇന്നലെ ഖേദ പ്രകടനം നടത്തിയിരുന്നു.

ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് നേരെ ആക്രമണം: ആറ് ബിജെപി പ്രവർത്തകർക്കെതിരെ കേസ്

ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആറ് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. കൈനടി പൊലീസ് ആണ് കൊലപാതകശ്രമത്തിന് കേസെടുത്തത്. എൽഡിഎഫിൽ നിന്ന് ബിജെപി ഭരണം പിടിച്ച നീലംപേരൂർ പഞ്ചായത്തിലാണ് സംഭവം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ രാംജിത്തിന്റെ തല അടിച്ചു തകർക്കുകയായിരുന്നു ബിജെപി പ്രവർത്തകർ. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പാനൂരിൽ കൊലവിളി തുടരുന്നു: റെഡ് ആർമി പോസ്റ്റുകൾ

കണ്ണൂർ പാനൂരിൽ കൊലവിളി തുടരുന്നു. ബോംബ് എറിയുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് റെഡ് ആർമി. സിപിഎം സൈബർ ഗ്രൂപ്പായ റെഡ് ആർമിയിലാണ് ഭീഷണി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ലെന്നും എഫ്ബി പോസ്റ്റിൽ പറയുന്നു. നൂഞ്ഞബ്രം സഖാക്കൾ എന്ന അക്കൗണ്ട് വഴിയാണ് കൊലവിളി. സിപിഎം സ്തൂപം തകർത്ത ലീഗുകാരെ കബറടക്കുമെന്നാണ് ഭീഷണി. അതിനിടെ പാനൂരിൽ നിന്ന് രണ്ട് നാടൻ ബോംബുകൾ കണ്ടെടുത്തു.

സിപിഎം പ്രവർത്തകർ വർഗീയ മുദ്രാവാക്യം വിളിച്ചു: പൊലീസ് നോട്ടീസ്

തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സിപിഎം പ്രവർത്തകർ വർഗീയ മുദ്രാവാക്യം വിളിച്ച വിഷയത്തിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകരോട് ഹാജരാകാൻ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പൊലീസിൽ പരാതി നല്‍കിയിരുന്നു. തിരുനെല്ലി നരിക്കല്ലിലെ സിപിഎം ആഹ്ലാദപ്രകടനത്തിനിടെയാണ് സംഭവം. നെറികെട്ട വർഗീയ രാഷ്ട്രീയം സിപിഎമ്മിനെ കൊണ്ടുപോകുമെന്നും ലീഗ് ജനറൽ സെക്രട്ടറി ടി മുഹമ്മദ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ചങ്ങരോത്ത് പഞ്ചായത്തിൽ ശുദ്ധീകരണം: ജാതി അധിക്ഷേപമെന്ന് പ്രസിഡന്റ്

ചങ്ങരോത്ത് പഞ്ചായത്തിൽ ലീഗ് പ്രവർത്തകർ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധീകരണം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി. നടന്നത് ജാതി അധിക്ഷേപമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പറഞ്ഞു. സമീപ പഞ്ചായത്തുകളിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഇത്തരം പരിപാടി എവിടെയും നടത്തിയില്ല. താൻ ദളിത് വിഭാഗത്തിൽ പെട്ട ആളായത് കൊണ്ടാണ് ശുദ്ധീകരണം നടത്തിയതെന്നും ഇത് മനോവിഷമം ഉണ്ടാക്കിയെന്നും ഉണ്ണി വേങ്ങേരി പറഞ്ഞു.

പാലക്കാട് വടക്കാഞ്ചേരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി

പാലക്കാട് സിപിഎമ്മിന് വീണ്ടും തിരിച്ചടി. 30 വർഷം ഭരിച്ച വടക്കാഞ്ചേരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായി കൈകോർത്താണ് കോൺഗ്രസ് പഞ്ചായത്ത് തിരിച്ച് പിടിച്ചെടുത്തത്. പാർട്ടി നടപടി നേരിട്ട് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മുൻ ബ്രാഞ്ച് സെക്രട്ടറി പ്രസാദിനെ പഞ്ചായത്ത് പ്രസിഡന്റാക്കും. 30 വർഷത്തിന് ശേഷമാണ് വടക്കഞ്ചേരി പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നത്.

വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് വ്യാജപ്രചരണം: സജി ചെറിയാൻ

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ വന്ന സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്. പ്രായമുള്ള ആളല്ലേ. നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും. അതിൽ എന്താണ് തെറ്റ്. മാധ്യമങ്ങൾ സംഭവം വളച്ചൊടിച്ചെന്നും പ്രതിപക്ഷത്തിന് വേറൊരു പണിയുമില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണന വ്യാഴാഴ്ചയിലേക്ക്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്.

കെഎസ്ആർടിസി ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ്

ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ് നേടി കെഎസ്ആർടിസി. ഇന്നലത്തെ കളക്ഷൻ 10.77 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉൾപ്പെടെ ആകെ വരുമാനം 11.53 കോടി രൂപയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടമാണിത്.

പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്: ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ്

സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും. തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക മൊഴി നല്‍കിയിട്ടുണ്ട്. ജൂറിയുടെ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ എന്നിവയും ആവശ്യപ്പെടും. കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ വച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി.

മൂന്നാറിൽ തണുപ്പ് തുടങ്ങി: ഏറ്റവും താഴ്ന്ന താപനില 3 ഡിഗ്രി

ഡിസംബർ പകുതിയായതോടെ മൂന്നാറിൽ തണുപ്പ് തുടങ്ങി. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില ഇന്നലെ രാവിലെ മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. വരും ദിവസങ്ങളിൽ താപനില പൂജ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ ആത്മഹത്യാശ്രമം: യുഡിഎഫ് സ്ഥാനാർഥി മരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതിന് ആത്മഹത്യക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാർഥി മരിച്ചു. ചെറിയകോണി സ്വദേശി വിജയകുമാരൻ നായർ ആണ് മരിച്ചത്. 59 വയസ്സായിരുന്നു. തെരഞ്ഞെടുപ്പിൽ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായാണ് വിജയകുമാരൻ നായർ മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ തോറ്റതിൽ മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

എംജിഎൻആർഇജിഎ പദ്ധതിക്ക് പകരം വിബി ജി റാം ജി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു

മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിക്ക് പകരമായി വിബി ജി റാം ജി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആണ് ബിൽ അവതരിപ്പിച്ചത്. 2005ൽ അന്നത്തെ യുപിഎ സർക്കാർ തുടങ്ങിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് ഇനി വികസിത ഭാരത് ഗാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ എന്നായിരിക്കുമെന്ന് ബില്ലിൽ പറയുന്നു. ഗാന്ധിജിയുടെ ചിത്രം ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബിൽ അവതരണം. നേരത്തെ വേതനം മുഴുവൻ കേന്ദ്രം നല്‍കിയിരുന്ന പദ്ധതി ഇനി മുതൽ പുതിയ ബിൽ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40% സംസ്ഥാനം വഹിക്കേണ്ടി വരും.

വിബി ജി റാം ജി ബില്ലിനെതിരെ പ്രിയങ്കാ ഗാന്ധി

വിബി ജി റാം ജി ബില്ലിനെ അതിശക്തമായി എതിര്‍ത്ത് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. സാധാരണക്കാർക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയുടെ ഉദ്ദേശം തന്നെ തകർക്കുന്ന ബില്ലാണ് പുതിയതെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ഗാന്ധി തന്റെ കുടുംബത്തിന്റെതല്ലെന്നും ഗാന്ധി രാജ്യത്തിന്റെതാണെന്നും ചൂണ്ടിക്കാട്ടിയാണ് വയനാട് എംപിയായ പ്രിയങ്കാ ഗാന്ധി ബില്ലിനെതിരെ പ്രതിഷേധിച്ചത്. തൃണമൂൽ കോൺഗ്രസും ബില്ലിനെ എതിര്‍ത്തു. ബില്ലിനെ അനുകൂലിച്ച് ജയ് ശ്രീ റാം വിളികളുമായി ബിജെപി അംഗങ്ങൾ രംഗത്തെത്തി.

മോദി-മെസി കൂടിക്കാഴ്ച മുടങ്ങിയതിൽ സന്ദീപ് വാര്യർ പ്രതികരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ലിയോണൽ മെസി കൂടിക്കാഴ്ച മുടങ്ങിയതിന് പിന്നാലെ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഈ നാട്ടിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന, മെസിയെ സ്നേഹിക്കുന്നവർ മോദിയോട് പൊറുക്കില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. തന്നെ കാണുന്നതിനു മുന്നേ രാഹുൽ ഗാന്ധിയെ കണ്ടതിന് മെസിയോട് പിണങ്ങി, നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടുവെന്നും ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്ബോളറെ അവഹേളിച്ചിരിക്കുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു.

പശ്ചിമ ബംഗാളിൽ 58 ലക്ഷം പേരെ എസ്ഐആർ കരടു പട്ടികയിൽ ഒഴിവാക്കി

പശ്ചിമ ബംഗാളിൽ 58 ലക്ഷം പേരെ ഒഴിവാക്കി എസ്ഐആർ കരടു പട്ടിക. 24 ലക്ഷം പേർ ‘മരിച്ചു’ എന്നും 19 ലക്ഷം പേർ ‘താമസം മാറി’ എന്നും 12 ലക്ഷം പേരെ ‘കാണാനില്ല’ എന്നും 1.3 ലക്ഷം പേർ ‘ഇരട്ടവോട്ടുകൾ’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കരട് പട്ടികയിൽ നിന്ന് അന്യായമായി പേരുകൾ ഒഴിവാക്കപ്പെട്ടവർക്ക് എതിർപ്പ് ഉന്നയിക്കാം. ഈ അപേക്ഷകളിൽ തീരുമാനമായ ശേഷം അടുത്ത വർഷം ഫെബ്രുവരിയിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അതേ സമയം തെരഞ്ഞെടുപ്പിന് മുമ്പ് ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ എസ്ഐആറിലൂടെ വെട്ടിമാറ്റാന്‍ കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുകയാണെന്ന് മമത ആരോപിക്കുന്നു.

ഓസ്‌ട്രേലിയയിലെ ഹനുക്ക ആഘോഷത്തിനിടെ ഭീകരാക്രമണം: മൂന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് പരിക്ക്

ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങള്‍ക്കിടെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾക്കും പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ. ഇതിൽ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ നടന്ന ആക്രമണത്തിൽ ഒരു പത്തുവയസ്സുകാരൻ ഉൾപ്പെടെ 15 പേരാണ് കൊല്ലപ്പെട്ടത്. 40 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കഞ്ചാവിന്റെ ഫെഡറൽ നിയന്ത്രണങ്ങളിൽ ഇളവ് പരിഗണനയിൽ: ഡോണൾഡ് ട്രംപ്

അമേരിക്കയിൽ കഞ്ചാവുമായി ബന്ധപ്പെട്ട ഫെഡറൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താന്‍ ആലോചിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കഞ്ചാവിനെ കുറഞ്ഞ അപകട സാധ്യതയുള്ള ലഹരി വസ്തുവായി പുനർവർഗീകരിക്കുന്നത് പരിഗണനയിലുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇങ്ങനെ ചെയ്യുന്നത് വഴി നിലവിൽ നടത്താൻ കഴിയാത്ത നിരവധി ഗവേഷണങ്ങൾക്ക് തുടക്കം കുറിക്കാനാകുമെന്നും അതിനാലാണ് ഈ നീക്കത്തിന്റെ സാധ്യത പരിശോധിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

നാഷണൽ ഹെറാള്‍ഡ് കേസ്: ഇഡി കുറ്റപത്രത്തിൽ കോടതി ഇടപെടൽ വിസമ്മതിച്ചു

നാഷണൽ ഹെറാള്‍ഡ് കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ ദില്ലി റൗസ് അവന്യു കോടതി ഇടപെടാൻ വിസമ്മതിച്ചു. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കുറ്റപത്രം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപ്പത്രം. നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്താൻ നിർദ്ദേശമുണ്ട്.

ബിബിസിക്കെതിരെ ഉടൻ കേസ് ഫയൽ ചെയ്യുമെന്ന് ഡോണൾഡ് ട്രംപ്

ബിബിസിക്കെതിരെ ഉടൻ തന്നെ കേസ് ഫയൽ ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് വൈകിട്ട് അല്ലെങ്കിൽ നാളെ രാവിലെ തന്നെ കേസ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിബിസിയിൽ നിന്ന് ഒരു ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കുമെന്ന് അദ്ദേഹം ആദ്യം ഭീഷണി മുഴക്കിയതിന് ഒരു മാസം കഴിഞ്ഞാണ് പുതിയ പ്രതികരണം. അവർ വാക്കുകൾ തന്റെ വായിൽ കുത്തിവെച്ചു. എഐ പോലുള്ള എന്തെങ്കിലും ഉപയോഗിച്ചാണ് അത് ചെയ്തതെന്ന് തോന്നുന്നുവെന്നും ട്രംപ് പറഞ്ഞു.

മീഷോ ഓഹരികൾ ലിസ്റ്റിംഗിൽ കുതിച്ചുയർന്നു: വിദിത് ആത്രേ ബില്യണയർ

ഐപിഒ വിലയേക്കാൾ 46 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്ത ഇ-കൊമേഴ്സ് രംഗത്തെ പ്രമുഖരായ മീഷോയുടെ ഓഹരികൾ, വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ 54 ശതമാനത്തിലധികം കുതിച്ചു. ലിസ്റ്റിംഗ് ദിനമായ ഡിസംബർ 10ന് തന്നെ മീഷോയുടെ വിപണി മൂല്യം 77,000 കോടി രൂപ കടന്നു. ഇന്ന് ഒറ്റ ദിവസം കൊണ്ട് 12 ശതമാനമാണ് മീഷോ ഓഹരികൾ ഉയർന്നത്. ഇതോടെ 70 ശതമാനമായി ഓഹരിയുടെ ഇതുവരെയുള്ള നേട്ടം. 950 കോടി രൂപയുടെ ഇടപാടുകൾ നടന്നു. ഇന്നത്തെ ഓഹരി വില മുന്നേറ്റം മീഷോയുടെ വിപണി മൂല്യം 86,000 കോടി രൂപയിലെത്തിച്ചു. ഓഹരി വിപണിയിൽ തകർപ്പൻ ലിസ്റ്റിംഗ് നടത്തിയതിന് പിന്നാലെ മീഷോ സ്ഥാപകനും സിഇഒയുമായ വെറും 36 വയസ്സുള്ള വിദിത് ആത്രേ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ തകോടീശ്വരന്മാരിൽ ഒരാളായിമാറി. വിദിത് ആത്രേയ്ക്ക് കമ്പനിയിൽ 11.1 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. അദ്ദേഹം കൈവശം വെച്ചിരിക്കുന്ന 47.25 കോടി ഓഹരികളുടെ മൂല്യം, ഓഹരി വിപണിയിലെ ലിസ്റ്റിംഗ് ദിനത്തിലെ റെക്കോർഡ് കുതിപ്പോടെ ഒരു ബില്യൺ ഡോളർ (ഏകദേശം 9,128 കോടി രൂപ) കടന്നു. സഹസ്ഥാപകനായ സഞ്ജീവ് കുമാറിന്റെ ആസ്തിയിലും വൻ വർധനയുണ്ടായിട്ടുണ്ട്.

ഗൂഗിൾ ഫോൺ ആപ്പിൽ പുതിയ ‘എക്സ്പ്രസീവ് കാളിംഗ്’ ഫീച്ചർ

മറ്റെന്തെങ്കിലും അടിയന്തര ജോലി ചെയ്യുമ്പോൾ അല്ലെങ്കിൽ വിശ്രമിക്കുമ്പോൾ ഫോൺ ഒരു ശല്യമാവാതിരിക്കാൻ സെറ്റിംഗ്സിൽ ‘ഡു നോട്ട് ഡിസ്റ്റർബ്’ (ശല്യപ്പെടുത്തരുത്) എന്ന് സെറ്റ് ചെയ്ത് വെക്കാറുണ്ട് പലരും. വളരെ അടിയന്തരമായി ആരെങ്കിലും വിളിച്ചാല്‍ കിട്ടില്ല എന്നതാണ് ഇതിന്റെ പോരായ്മ. ഇത് പരിഹരിക്കാൻ ഗൂഗിൾ ഫോൺ ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചു. നിങ്ങളുടെയും വിളിക്കുന്നയാളുടെയും ഫോൺ ഗൂഗിൾ ബീറ്റ വേർഷൻ 203 പതിപ്പാകണം എന്ന് മാത്രം. ഇതുണ്ടെങ്കിൽ അടിയന്തര കാളുകൾ മാത്രം സെറ്റിംഗ്സിനെ മറികടന്ന് വരും. അർജന്റ് കാൾ പ്രത്യേകമായി വിളിക്കാം. അപ്പുറത്തുള്ളയാളുടെ സ്ക്രീനിൽ ‘ഇറ്റ്സ് അർജന്റ്’ എന്ന് കാണിക്കും. കാൾ എടുത്തില്ലെങ്കിൽ കാൾ ഹിസ്റ്ററിയിൽ അർജന്റ് ടാഗ് കാണിക്കും. നിങ്ങളുടെ ഫോണിൽ ഈ സൗകര്യം ലഭ്യമാണോ എന്നറിയാൻ ഫോണിലെ സെറ്റിംഗ്സ് മെനുവിൽ ജനറൽ ക്ലിക്ക് ചെയ്ത് അടിഭാഗത്ത് ‘എക്സ്പ്രസീവ് കാളിംഗ്’ കാണുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി.

‘ഭ.ഭ.ബ’യിലെ ആദ്യ ഗാനം ‘അഴിഞ്ഞാട്ടം’ പുറത്തിറങ്ങി

ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഭ.ഭ.ബ’യിലെ ആദ്യ ഗാനം പുറത്ത്. ‘അഴിഞ്ഞാട്ടം’ എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ ഗാനം ആഘോഷം മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. എം ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, നിരഞ്ജ് സുരേഷ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ ആണ്. ഷാൻ റഹ്‌മാൻ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. ഗാനത്തിന് നൃത്തം ഒരുക്കിയത് സാൻഡി മാസ്റ്റർ ആണ്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ തകർപ്പൻ മാസ് കോമഡി ആക്ഷൻ എന്റെർടെയ്നർ ചിത്രത്തിൽ, അതിഥി വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്.

‘ശുക്രൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

റൊമാന്റിക് കോമഡി ത്രില്ലർ ജോണറിൽ രാഹുൽ കല്യാൺ തിരക്കഥ എഴുതി ഉബൈനി സംവിധാനം ചെയ്ത് ബിബിൻ ജോർജ്, ചന്തുനാഥ്, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ‘ശുക്രൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആദ്യാ പ്രസാദാണ് ചിത്രത്തിലെ നായിക. കളിക്കൂട്ടുകാരായ രണ്ട് ആത്മസുഹൃത്തുക്കൾ ഒരേ ലക്ഷ്യം നിറവേറ്റാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. തികച്ചും റൊമാന്റിക് കോമഡി ത്രില്ലർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2026 പുതുവർഷത്തിൽ തന്നെ ശുക്രൻ തിയറ്ററുകളിൽ റിലീസ് ചെയ്യും. മറ്റു പ്രധാന കഥാപാത്രങ്ങളായി കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, അശോകൻ, ടിനി ടോം, ഡ്രാക്കുള സുധീർ, ബാലാജി ശർമ്മ, ബിനു തൃക്കാക്കര, റിയാസ് നർമ്മകല, ജീമോൻ ജോർജ്, മാലാ പാർവ്വതി, തുഷാര പിള്ള, ദിവ്യ എം നായർ, ജയാ കുറുപ്പ്, രശ്മി അനിൽ തുടങ്ങിയവർ എത്തുന്നു.

ടാറ്റ സിയേറ അക്കംപ്ലിഷ്ഡ്+ വേരിയന്റിന്റെ വില പുറത്ത്

ടാറ്റ മോട്ടോഴ്‌സ് അവരുടെ പുതിയ മോഡലായ സിയേറയുടെ അടിസ്ഥാന മോഡൽ 11.49 ലക്ഷം(എക്സ് ഷോറൂം) രൂപ മുതലാണ് പുറത്തിറക്കിയിരുന്നത്. ക്ലാസിക് മോഡലായ സിയേറയെ ഇടവേളക്കു ശേഷം വിപണിയിലെത്തിച്ചപ്പോഴും ഉയർന്ന വകഭേദത്തിന്റെ വില ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ഉയർന്ന വകഭേദമായ അക്കംപ്ലിഷ്ഡ്+ ന്റെ വില ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടിരിക്കുന്നു. അക്കംപ്ലിഷ്ഡ്+ വകഭേദത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 20.99 ലക്ഷം രൂപ മുതലാണ്. അക്കംപ്ലിഷ്ഡ്+ വകഭേദത്തിൽ മൂന്ന് മോഡലുകളുണ്ട്. അക്കംപ്ലിഷ്ഡ്+ ഹൈപീരിയോൺ എടിക്ക് 20.99 ലക്ഷം രൂപയാണ് വില. അക്കംപ്ലിഷ്ഡ്+ ക്രയോജെറ്റ് എംടിക്ക് 20.29 ലക്ഷം രൂപയും അക്കംപ്ലിഷ്ഡ്+ ക്രയോജെറ്റ് എടിക്ക് 21.29 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. അക്കംപ്ലിഷ്ഡ്+ വകഭേദത്തിൽ ഹൈപീരിയോൺ 1.5 ലീറ്റർ ടർബോ പെട്രോൾ, ക്രയോജെറ്റ് 1.5ലീറ്റർ ടർബോ പെട്രോൾ എൻജിൻ വകഭേദങ്ങൾ മാത്രമാണുള്ളത്. ഉയർന്ന വകഭേദമായതിനാല്‍ തന്നെ സിയേറയുടെ എല്ലാ ഫീച്ചറുകളും അക്കംപ്ലിഷ്ഡ്+ വകഭേദത്തിൽ ലഭ്യമാണ്.

ആവിലായിലെ സൂര്യോദയം പുസ്തകം 13-ാം പതിപ്പ്

കുസിനിക്കാരി മാതുവമ്മയുടെ ഗർഭത്തിൽ പിറന്ന, ആട്ടിൻകാഷ്ഠം തിന്നുവളർന്ന അന്തോണി സായാവിന്റെയും ഉസ്മാൻ പോലീസിന്റെയും സ്വപ്നങ്ങളിൽ പൂത്തു നിന്ന കോയിന്ദൻ, കോയിന്ദൻ ഗോവിനക്കു വപ്പായി ലക്ഷാധിപതിയും മന്ത്രിയുമായി. ഗോവിനക്കുറുപ്പിന്റെ മകൻ പ്രഭാകരനോട് അയാളുടെ ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ. കാലത്തിന്റെ പ്രേതങ്ങൾ കഥ പറഞ്ഞു! പാപത്തിന്റെ കഥ പാപബോധത്തിൽനിന്ന് രക്ഷനേടാൻ അയാൾ മാളങ്ങള്‍ തിരഞ്ഞു തന്റെ വിധിയുടെ കുളമ്പടിശബ്ദം മുഴങ്ങുന്നത് അറിഞ്ഞു. പാപികൾ മുടിയഴിച്ചാടുന്ന നരകത്തിൽനിന്ന് വിധിയുടെ പിന്നാലെ നടന്നു. സുദീർഘമായ യാത്ര. ‘ആവിലായിലെ സൂര്യോദയം’. 13-ാം പതിപ്പ്. എം മുകുന്ദൻ. ഡിസി ബുക്സ്. വില 237 രൂപ.

മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളും ഭക്ഷണ പരിഹാരങ്ങളും

മുടികൊഴിച്ചിൽ ഇന്ന് മിക്കവരിലും കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് മുടികാഴ്ചിലുണ്ടാകാം. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി, സമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവ മുടി കൊഴിച്ചിലിന് പ്രധാന കാരണമാണ്. ചില പോഷകങ്ങളുടെ കുറവ് അമിത മുടികൊഴിച്ചിലിന് ഇടയാക്കും. ദുർബലവും പൊട്ടുന്നതുമായ മുടിയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് സിങ്കിന്റെ കുറവാണ്. പ്രോട്ടീനായ കെരാറ്റിൻ, മതിയായ സിങ്കിനെ വളരെയധികം ആശ്രയിക്കുന്നു. മുടിയുടെ കാലക്രമേണ പൊട്ടൽ കുറയ്ക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. മുട്ട, ഫ്ളകാസ് സീഡ്, മത്തങ്ങ വിത്തുകൾ തുടങ്ങിയ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. മുടി കൊഴിച്ചിലിനുള്ള മറ്റൊരു പ്രധാന കാരണമാണ് വിറ്റാമിൻ ഡിയുടെ കുറവ്. വിറ്റാമിൻ ഡി ആന്റിമൈക്രോബയൽ പെപ്റ്റൈഡുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് തലയോട്ടിയെ വീക്കം, അണുബാധ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് ചൊറിച്ചിൽ, താരൻ, അമിതമായ കൊഴിച്ചിലിന് കാരണമാകും. മത്സ്യങ്ങൾ (സാൽമൺ, അയല, ട്രൗട്ട്, മത്തി), കൂണുകൾ, മുട്ടയുടെ മഞ്ഞക്കരു, പാൽ, ധാന്യങ്ങൾ, ഓറഞ്ച് തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങളിൽ വിറ്റാമിൻ ഡി കൂടുതലായി അടങ്ങിയിരിക്കുന്നു. സ്ത്രീകളിൽ കാണപ്പെടുന്ന ഇരുമ്പിന്റെ കുറവ് മുടി വളർച്ചയെ നേരിട്ട് തടസ്സപ്പെടുത്തും. ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്ന ഹീമോഗ്ലോബിന്റെ ഉത്പാദനത്തിന് ഇരുമ്പ് അത്യാവശ്യമാണ്. ഇരുമ്പ് കുറയുന്നത് ഓക്സിജൻ ലഭ്യത കുറയുന്നതിന് കാരണമാകുന്നു. ഇത് കാലക്രമേണ മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു. ചീര, പയർ, ബീൻസ്, നട്സ്, വിത്തുകൾ, ഉണങ്ങിയ പഴങ്ങൾ, ഇലക്കറികൾ എന്നിവയിൽ ഇരുമ്പ് കൂടുതലായി അടങ്ങിയിരിക്കുന്നു.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളർ – 90.95, പൗണ്ട് – 121.73, യൂറോ – 106.97, സ്വിസ് ഫ്രാങ്ക് – 114.23, ഓസ്‌ട്രേലിയൻ ഡോളർ – 60.43, ബഹറിൻ ദിനാർ – 241.25, കുവൈത്ത് ദിനാർ -296.59, ഒമാനി റിയാൽ – 236.56, സൗദി റിയാൽ – 24.24, യു.എ.ഇ ദിർഹം – 24.73, ഖത്തർ റിയാൽ – 24.96, കനേഡിയൻ ഡോളർ – 66.09.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here