വാർത്തകൾ ഇന്ന് ഇതുവരെ- ഡിസംബർ 15, 2025

Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ

2025 ഡിസംബർ 15 | തിങ്കൾ

പാർലമെന്റിന് മുന്നിൽ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം

‘സ്വർണം കട്ടവർ ആരപ്പാ സഖാക്കളാണേ അയ്യപ്പാ’ എന്ന ഗാനം പാടി, അമ്പലക്കള്ളനായ പിണറായി വിജയൻ ഉടൻ രാജിവെച്ച് പുറത്തുപോകണമെന്ന മുദ്രാവാക്യവുമുയർത്തി പാർലമെന്റിന് മുന്നിൽ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം. ശബരിമലയിലെ സ്വർണക്കൊള്ള വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നതിന്റെ ഭാഗമായി, തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉപയോഗിച്ച പാരഡി ഗാനമാണ് എംപിമാർ പാർലമെന്റ് കവാടത്തിന് മുന്നിലെ പ്രതിഷേധത്തിനിടെ പാടിയത്. ശബരിമല സ്വർണക്കൊള്ള കേസിൽ നിലവിലുള്ള എസ്ഐടി അന്വേഷണമല്ല, കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയർത്തിയായിരുന്നു പ്രതിഷേധം.

കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായെന്ന് ശശി തരൂർ

കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായെന്ന അവലോകനം ട്വിറ്ററിൽ പങ്കുവച്ച് ശശി തരൂർ. കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നു എന്നും ബദൽ നയം ഇല്ലാതെ എതിർപ്പ് മാത്രമായി കോൺഗ്രസ് മാറുന്നു എന്നും നിരീക്ഷണം ഉണ്ട്. തരൂരിനെ കോൺഗ്രസ് ഒതുക്കുന്നു എന്നും അവലോകനത്തിലുണ്ട്. പാവങ്ങളുടെ മിശിഹ ആകാൻ നോക്കിയ കോൺഗ്രസ് ബിജെപിക്ക് മുന്നിൽ പരാജയപ്പെട്ടുവെന്നും നിരീക്ഷണം ‘യാഥാർത്ഥ്യം’ എന്നും ചിന്താപരമെന്നും തരൂർ വിലയിരുത്തുന്നു.

എൽഡിഎഫിലെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കുഞ്ഞാലിക്കുട്ടി

എൽഡിഎഫിലെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അതൃപ്തരായ നിരവധി പേർ എൽഡിഎഫിലുണ്ടെന്നും ആശയപരമായി യോജിക്കാൻ കഴിയുന്നവർ മുന്നണിയിലേക്ക് വരുമെന്നാണ് കരുതുന്നതെന്നും ആരുടെയും പേരെടുത്ത് പറയുന്നില്ലെന്നും മുന്നണി വിപുലീകരിച്ച് അടിത്തറ ശക്തിപ്പെടുത്തണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പത്തനംതിട്ടയിലെ സിപിഎമ്മിൽ പൊട്ടിത്തെറി

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പത്തനംതിട്ടയിലെ സിപിഎമ്മിൽ പൊട്ടിത്തെറി. മെഴുവേലി പഞ്ചായത്തിൽ ഭരണം നഷ്ടമായതിലും തന്റെ ഭൂരിപക്ഷം കുറഞ്ഞതിലും സിപിഎം കോഴഞ്ചേരി ഏരിയ സെക്രട്ടറിക്കെതിരേ മുൻ എംഎൽഎ കൂടിയായ കെ.സി. രാജഗോപാലൻ രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയെന്നും കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിനാണ് കാലുവാരാൻ നേതൃത്വം കൊടുത്തതെന്നും കെസി രാജഗോപാലൻ പറഞ്ഞു. നേതാവിനെ സുഖിപ്പിക്കൽ എന്നതാണ് ഇപ്പോൾ പാർട്ടിയിലെ ശൈലിയെന്നും കോഴഞ്ചേരി ഏരിയ സെക്രട്ടറിക്കെതിരേ പാർട്ടി നേതൃത്വത്തിന് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിൽ താഴേത്തട്ടിൽ ഗ്രൂപ്പിസം അവസാനിച്ചു: ചെറിയാൻ ഫിലിപ്പ്

തദ്ദേശ തിരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസിൽ താഴേ തട്ടിൽ ഗ്രൂപ്പിസം അവസാനിച്ചുവെന്ന് ചെറിയാൻ ഫിലിപ്പ്. മുതിർന്ന നേതാക്കളെ എല്ലാവരും ആദരിക്കുന്നുണ്ടെങ്കിലും അവർ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചാൽ പ്രവർത്തകർ അംഗീകരിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പങ്കുവെയ്ക്കാതെയും മുകളിൽ നിന്നും അടിച്ചേൽപ്പിക്കാതെയും സ്ഥാനാർത്ഥി നിർണ്ണയം കീഴ്ഘടകങ്ങൾക്ക് വിട്ടുകൊടുക്കുകയും ഒരുമയോടെ പ്രവർത്തിക്കുകയും ചെയ്തതു കൊണ്ടാണ് ചരിത്രവിജയം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

പാലക്കാട് അട്ടപ്പാടിയിൽ നവജാത ശിശുമരിച്ചു. ഷോളയൂർ സ്വർണ്ണപിരിവിൽ സുമിത്രയുടെ മകനാണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്ന സുമിത്ര ഇന്ന് രാവിലെ വീട്ടിൽ തന്നെ പ്രസവിക്കുകയായിരുന്നു. പിന്നാലെ അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു. സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. ജില്ലാ മെഡിക്കൽ ഓഫീസർ, ഐ.സി.ഡി.എസ് എന്നിവരോടാണ് കളക്ടർ റിപ്പോർട്ട് തേടിയിരിക്കുന്നത്. ആശുപത്രിക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

അട്ടപ്പാടിയിൽ സ്ഥിരമായി കുഞ്ഞ് മരിക്കുന്നതിൽ വിശദ പരിശോധന

സ്ഥിരമായി കുഞ്ഞ് മരിക്കുന്ന കാര്യത്തിൽ ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്ന് വിശദമായ പരിശോധനയ്ക്കായി അട്ടപ്പാടിയിലെ സുമിത്രയെ മെഡിക്കൽ കോളജിലേക്ക് മാറ്റും. സുമിത്രയുടെ ആറാമത്തെ പ്രസവമായിരുന്നു ഇത്. ഇതുവരെ നടന്ന പ്രസവങ്ങളിലെല്ലാം കുഞ്ഞുങ്ങൾ മരിച്ചിരുന്നു. ഇത്തവണ മാർച്ചിലായിരുന്നു പ്രസവം നടക്കേണ്ടിയിരുന്നത്. യുവതിയെ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി സർക്കാർ

നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി സംസ്ഥാന സർക്കാർ. വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനായി ഇന്നുതന്നെ നടപടികൾ തുടങ്ങും. അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകി. പ്രോസിക്യൂട്ടറുടെ അപേക്ഷ കിട്ടിയാൽ നിയമോപദേശം നൽകുമെന്ന് ഡിജിപി ഇന്നലെ അറിയിച്ചിരുന്നു. അപ്പീൽ സാധ്യത പരിശോധിച്ച് ഉടൻ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. അതേസമയം, അതിജീവിതയ്ക്ക് പിന്തുണയുമായി കൂടുതൽ നടിമാർ രംഗത്തുവന്നു.

എറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവത്തിൽ നിന്ന് ദിലീപ് പിന്മാറി

എറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്ന് നടൻ ദിലീപ് പിന്മാറിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. നാളെയാണ് ക്ഷേത്രത്തിൽ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ ദിലീപിന്റെ പിന്മാറ്റത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകൾ ദിലീപിനെതിരെ എതിർപ്പ് ഉയർത്തിയെന്നാണ് വിവരം.

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോടതി

നടിയെ ആക്രമിച്ച സംഭവത്തിന് തൊട്ടുമുമ്പ് പ്രധാന പ്രതിയായ പൾസർ സുനി ശ്രീലക്ഷ്മി എന്ന് പേരുള്ള യുവതിയുമായി ഫോണിൽ സംസാരിച്ചുവെന്നും ഈ സ്ത്രീക്ക് ഈ കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്നതിന് പോലും പ്രോസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നും കോടതി. ഈ സ്ത്രീയെ എന്തുകൊണ്ട− സാക്ഷിയാക്കിയില്ലെന്നും കോടതി ചോദിച്ചു. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന്റെ വീഴ്ചകൾ എണ്ണിപ്പറയുന്നതിനിടെയാണ് നിർണായകമായ ചോദ്യങ്ങൾ കോടതി ഉന്നയിച്ചത്.

പൾസർ സുനിയുടെ റീലുകൾ വൈറൽ

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതിയ്ക്കെതിരായ അതിജീവിതയുടെ സാമൂഹിക മാധ്യമത്തിലെ കുറിപ്പ് ചർച്ചയാവുന്നതിനിടെ വൈറലായി കേസിൽ ശിക്ഷിക്കപ്പെട്ട പ്രധാനപ്രതിയുടെ റീലുകൾ. കൂളിംഗ് ഗ്ലാസ് ധരിച്ച്, മൊബൈലിൽ സംസാരിച്ച് മാസ് ബിജിഎമ്മുമായുള്ള പൾസർ സുനിയുടെ റീൽ വീഡിയോകൾ അടുത്തിടെ വൈറലായിരുന്നു. പാർക്കർ ഫോട്ടോഗ്രാഫി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പൾസർ സുനിയുടെ മാസ് റീലുകൾ തുടർച്ചയായി വരുന്നത്.

ശബരിമല സ്വർണക്കൊള്ള കേസിൽ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി തള്ളി. പാളികൾ കൈമാറിയതിൽ തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണന വ്യാഴാഴ്ചയിലേക്ക്

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ഒന്നാമത്തെ കേസിലാണിത്. മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ആദ്യത്തെ പരാതിയിൽ വിശദമായ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചുവെങ്കിലും വ്യാഴാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും. ഇത് രാഹുലിന് താൽക്കാലിക ആശ്വാസമാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സൈബർ അധിക്ഷേപ കേസ് നാളത്തേക്ക്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ചെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർജാമ്യ വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റി. രാഹുൽ ഈശ്വരിന്റെ വാദം ഇന്ന് വീണ്ടും കേൾക്കും. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്.

രാഹുൽ മാങ്കൂട്ടത്തിലിനോട് ജില്ലയിൽ തുടരണമെന്ന് അന്വേഷണ സംഘം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോട് പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. ബലാത്സംഗക്കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിന്റെ ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക.

ക്ഷേത്രദർശനത്തിന് പോയി രാഹുൽ മാങ്കൂട്ടത്തിൽ

അടൂർ മുണ്ടപ്പള്ളിയിൽ സ്കൂട്ടറിൽ ക്ഷേത്രദർശനത്തിന് ഇറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വീടിന് പുറത്തിറങ്ങിയ രാഹുലിന് പിന്നാലെ പൊലീസ് സംഘം പാഞ്ഞെത്തുകയായിരുന്നു. ഇന്നലെയാണ് അടൂരിലെ വീട്ടിൽ രാഹുലെത്തിയത്. കേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് അഭിഭാഷകരെ കണ്ടാണ് രാഹുൽ വീട്ടിലെത്തിയത്. തുടർന്ന് ഇന്ന് രാവിലെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട രാഹുലിന്റെ പുറകെ കാവലിലുള്ള പൊലീസ് പാഞ്ഞെത്തി. എന്നാൽ കുറച്ച് സമയത്തിന് ശേഷം രാഹുൽ തിരിച്ചെത്തുകയും ചെയ്തു.

പാനൂരിൽ വടിവാൾ സംഘം അക്രമം: സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ സിപിഎം പ്രവർത്തകരായ പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. രാമന്തളിയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിലും പയ്യന്നൂരിൽ യുഡിഎഫ് ഓഫീസിനുനേരെ അക്രമം നടത്തിയ സംഭവത്തിലും പ്രതികളെ പിടികൂടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പയ്യന്നൂർ പൊലീസ് പറഞ്ഞു.

വണ്ടൂരിൽ തെരഞ്ഞെടുപ്പ് പരാജയ ദേഷ്യത്തിൽ ബൈക്ക് അടിച്ചുതകർത്തു

മലപ്പുറം വണ്ടൂർ പോരൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ പരാജയപ്പെട്ടതിന്റെ ദേഷ്യത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഭർത്താവ് എൽഡിഎഫ് പ്രവർത്തകന്റെ ബൈക്ക് അടിച്ചുതകർത്തതായി കേസ്. യുഡിഎഫ് സ്ഥാനാർത്ഥി ബിൻസിയുടെ ഭർത്താവ് കെ അനൂപാണ് തോറ്റ ദേഷ്യത്തിൽ ആക്രമണം നടത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥി പി സ്വപ്ന യുടെ വിജയാഹ്ലാദ പ്രകടനത്തിനുനേരെ പ്രകോപനം സൃഷ്ടിച്ചാണ് അനൂപ് പ്രശ്നം തുടങ്ങിവെച്ചത്.

മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ കേസ്

കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ആയ ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്.

എസ്എൻഡിപിക്കെതിരെ ഡിവൈഎഫ്ഐ നേതാവിന്റെ രോഷം

എസ്എൻഡിപിക്കെതിരെ ഡിവൈഎഫ്ഐ നേതാവും സിപിഎം സ്ഥാനാർത്ഥിയുടെ മകനുമായ യുവാവ് രംഗത്ത്. പത്തനംതിട്ട ഏറത്തു പഞ്ചായത്തിലെ പതിനാറാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ശോഭന ബാലന്റെ മകൻ അഭിജിത്ത് ബാലൻ ആണ് എസ്എൻഡിപി ശാഖാ യോഗത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമിട്ടത്. തെരഞ്ഞെടുപ്പിൽ തോറ്റതോടെ എസ്എൻഡിപി എന്ന പേരിൽ ഇനി ആരും വീട്ടിൽ കയറരുതെന്നാണ് ഡിവൈഎഫ്ഐ നേതാവ് കൂടിയായ അഭിജിത്തിന്റെ രോഷ പ്രകടനം. മരിച്ചാൽ കുഴിച്ചിടാൻ വരേണ്ടെന്നും വീട്ടിൽ കൊടി കെട്ടാൻ വരേണ്ടെന്നുമാണ് അഭിജിത്ത് ഗ്രൂപ്പിലിട്ട സന്ദേശം.

ബിജെപി സ്ഥാനാർത്ഥിയുടെ ആഹ്ലാദത്തിൽ നൃത്തം: വിശദീകരണവുമായി സിപിഎം സ്ങ്ങാനാർത്ഥി

ബിജെപി സ്ഥാനാർത്ഥിയുടെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത് നൃത്തം വെച്ചതിൽ വിശദീകരണവുമായി സിപിഎം സ്ഥാനാർത്ഥി അഞ്ജു സന്ദീപ്. മരിക്കുന്നതുവരെ സഖാവായിരിക്കുമെന്ന് പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ 24ാം വാർഡിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച അഞ്ജു സന്ദീപ് വ്യക്തമാക്കി. പാർട്ടി നോക്കിയല്ല ബിജെപി സ്ഥാനാർത്ഥിയുടെ ആഹ്ലാദ പ്രകനടത്തിൽ പങ്കെടുത്തതെന്നും വ്യക്തിപരമായ ബന്ധങ്ങൾ കാരണമാണ് ഒപ്പം നൃത്തം വെച്ചതെന്നും അഞ്ജു സന്ദീപ് പറഞ്ഞു.

തെന്നലയിൽ സ്ത്രീ വിരുദ്ധ പ്രസംഗവുമായി സിപിഎം നേതാവ്

മലപ്പുറം തെന്നലയിൽ കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി സി.പി.എം നേതാവ്. തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ വിവാഹം ചെയ്തു കൊണ്ടുവന്ന പെൺകുട്ടികളെ മുസ്ലീം ലീഗ് രംഗത്തിറക്കിയെന്ന് സി.പി.എം മുൻ ലോക്കൽ സെക്രട്ടറി സൈയ്തലവി മജീദ് ആരോപിച്ചു. ഒരു വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടു വന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങളുടെ മുന്നിൽ കാഴ്ച്ചവെക്കുകയല്ല ചെയ്യേണ്ടതെന്നും സൈയ്തലവി മജീദ് അധിക്ഷേപിച്ചു.

വളാഞ്ചേരിയിൽ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് നേതാവ്

വളാഞ്ചേരിയിൽ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ് ശിഹാബുദ്ദീൻ. മുസ്ലീം ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങിയാൽ ആ കൈകൾ വെട്ടി മാറ്റുമെന്നാണ് ശിഹാബുദ്ദീൻ എന്ന ബാവ വെല്ലുവിളിച്ചത്. തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും വീട്ടിൽ കയറി കാൽ തല്ലിയൊടിക്കുമെന്നും ശിഹാബുദ്ദീൻ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നിരവധിയിടങ്ങളാണ് കൊലവിളി പ്രസംഗവും ആക്രമണവും നടക്കുന്നത്.

യുഡിഎഫ് വിജയാഘോഷത്തിൽ പടക്കം പൊട്ടി മരിച്ച ലീഗ് പ്രവർത്തകന് വിട

യുഡിഎഫ് വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി മരിച്ച മുസ്ലീം ലീഗ് പ്രവർത്തകന് നാടിന്റെ വിട. താൻ ഏറെ സ്നേഹിച്ച പാർട്ടിയുടെ വിജയം മനം നിറഞ്ഞൊന്ന് ആഘോഷിക്കാനായിരുന്നു ലീഗ് പ്രവർത്തകനായ ഇർഷാദ് ശനിയാഴ്ച സ്കൂട്ടറുമെടുത്ത് പുളിക്കൽ പറവൂർ റോഡിലേക്ക് ഇറങ്ങി തിരിച്ചത്. എന്നാൽ ചെറുകാവിലെ യുഡിഎഫ് വിജയാഘോഷത്തിനിടെ തന്റെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പടക്കം അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചാണ് ഇർഷാദ് മരണപ്പെട്ടത്.

ആർഎസ്പി സംസ്ഥാന സെക്രട്ടറിയുടെ സഹോദരൻ അന്തരിച്ചു

ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ സഹോദരൻ ഷാജി ബേബി ജോൺ അന്തരിച്ചു. 65 വയസ്സായിരുന്നു. ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭൗതിക ശരീരം നാളെ കൊല്ലത്ത് എത്തിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് രാജ്യങ്ങൾ സന്ദർശിക്കാൻ യാത്ര തിരിച്ചു

മൂന്നു രാജ്യങ്ങളിലേക്ക് നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ജോർദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദർശനം. രാവിലെ പത്തുമണിയോടെയാണ് മോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടത്. ജോർദ്ദാൻ കൂടാതെ എത്യോപ്പ്യ, ഒമാൻ എന്നീ രാജ്യങ്ങളും മോദി സന്ദർശിക്കുന്നുണ്ട്. അതേസമയം ജോർദ്ദാനിലെത്തുന്ന നരേന്ദ്ര മോദി, അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും.

നിതിൻ നബീൻ പുതിയ ബിജെപി അദ്ധ്യക്ഷനായേക്കും

നിതിൻ നബീൻ ജനുവരിയിൽ പുതിയ ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റേക്കും. നബീന്റെ നിയമനം അപ്രതീക്ഷിതം എന്ന് പാർട്ടി നേതാക്കൾ വിലയിരുത്തുന്നു. ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്നാണ് നിതിൻ നബീനെ ഈ സ്ഥാനത്തേക്ക് നിയമിക്കാൻ നിശ്ചയിച്ചത്. നാല്പത്തഞ്ചുകാരനായ നിതിൻ നബീനെ നിശ്ചയിച്ചതു വഴി യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ മടിയില്ലെന്ന സന്ദേശം ബിജെപി പ്രകടമാക്കുകയാണ്.

വോട്ട് ചോരി റാലിയിലെ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി

വോട്ട് ചോരി റാലിയിലെ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് പറഞ്ഞത് കൊല്ലുമെന്നുള്ള ഭീഷണിപ്പെടുത്തലാണെന്നും ഇത്തരം തരംതാഴ്ന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്നും രാഹുൽ ഗാന്ധിയും, മല്ലികാർജുന ഖർഗെയും മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. വോട്ട് കൊള്ള ആരോപണം ഉന്നയിച്ചുള്ള പ്രചാരണം ശക്തമാക്കിക്കൊണ്ടാണ് ദില്ലി രാംലീല മൈതാനത്ത് ഇന്നലെ കൂറ്റൻ റാലി നടന്നത്.

ഹോങ്കോങ്ങിലെ അവസാന പ്രതിപക്ഷ പാർട്ടി പിരിച്ചുവിട്ടു

ഹോങ്കോങ്ങിലെ ജനാധിപത്യ പാർട്ടികൾ ചൈനീസ് ഏകാധിപത്യത്തിന്റെ ഭീഷണിക്ക് മുന്നിൽ അടിയറവു പറഞ്ഞു. ചൈനീസ് സമ്മർദ്ദത്തെ തുടർന്ന് ഹോങ്കോങ്ങിലെ അവസാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയും പിരിച്ച് വിടാനുള്ള വോട്ടെടുപ്പ് ഞായറാഴ്ച്ച നടന്നു. വോട്ടെടുപ്പിൽ 97 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു. ഭൂരിപക്ഷം പേരും പിരിച്ച് വിടലിന് അനുകൂലമായി വോട്ട് ചെയ്തെന്ന് റോയിറ്റേഴ്സ് റിപ്പോർട്ടു ചെയ്തു.

യുഎഇയിൽ കനത്ത മഴ

യുഎഇയിൽ ഞായറാഴ്ച പെയ്തത് കനത്ത മഴ. ഇടിയോടു കൂടിയ കനത്ത മഴയും മിന്നലും രാജ്യത്ത് അനുഭവപ്പെട്ടു. അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പും അബുദാബി പൊലീസും ദുബൈ പൊലീസും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മെസിയുടെ ദില്ലി സന്ദർശനം വൈകുന്നു

അർജന്റീന നായകൻ ലിയോണൽ മെസിയുടെ ദില്ലി സന്ദർശനം വൈകുന്നു. ദില്ലിയിലെ കനത്ത മൂടൽമഞ്ഞുകാരണം മെസി ഡൽഹിയിലെത്തേണ്ട വിമാനത്തിന് ഇതുവരെ മുംബൈയിൽ നിന്ന് പുറപ്പെടാനായിട്ടില്ല. ഉച്ചക്ക് രണ്ടരയോടെ ദില്ലിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെത്തുമെന്ന് കരുതിയിരുന്ന മെസി വൈകിട്ട് നാലു മണിയോടെ മാത്രമെ എത്തൂവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

സ്വർണവിലയിൽ വൻ വർധന

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധന. 600 രൂപയാണ് ഇന്ന് പവന് വർധിച്ചത്. ഇതോടെ സ്വർണ വില സർവകാല റെക്കോഡ് ആയ 98,800 രൂപയായി. ഒരു ഗ്രാമിന് ഗാമിന് 75 രൂപയാണ് ഇന്ന് വർധിച്ചത്. 12,350 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപയും ഉയർന്നും. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 10,215 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ വർധിച്ച് 10,155 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 50 രൂപ വർധിച്ച് 7,910 രൂപയും 9 കാരറ്റിന് ഗ്രാമിന് 30 രൂപ വർധിച്ച് 5,100 രൂപയിലുമാണ് ഇന്ന് വ്യാപാരം. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതിന് ഒപ്പം യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും സ്വർണവിലയെ സ്വാധീനിച്ചു. രാജ്യാന്തര വിപണിയിൽ ഔൺസിന് 26 ഡോളറാണ് സ്വർണത്തിന് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഔൺസ് സ്വർണത്തിന്റെ വില 4,326 ഡോളറായി. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ എല്ലാം ചേർത്ത് 1,01,817 രൂപയാകും.

ഇൻസ്റ്റാഗ്രാമിന്റെ പുതിയ ഫീച്ചർ ‘യുവർ ആൽഗോരിതം’

ഇൻസ്റ്റാഗ്രാം തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഉപയോക്താക്കൾക്ക് കൂടുതൽ സുതാര്യതയും നിയന്ത്രണവും നൽകുന്നതിനായി ‘യുവർ ആൽഗോരിതം’ എന്ന പുതിയ എഐ അധിഷ്ഠിത ഫീച്ചർ അവതരിപ്പിച്ചു. പ്രധാനമായും ‘റീൽസ്’ ഫീഡിനെ ലക്ഷ്യമിട്ടാണ് ഈ മാറ്റം. താൽപ്പര്യങ്ങൾ കാലക്രമേണ മാറുന്നതിനനുസരിച്ച്, ഉപയോക്താക്കൾ കാണുന്ന ഉള്ളടക്കത്തിന്മേൽ കൂടുതൽ നിയന്ത്രണം നൽകുകയാണ് പുതിയ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ‘യുവർ ആൽഗോരിതം’ എന്ന ഫീച്ചർ വഴി, ഒരു ഉപയോക്താവിന് തങ്ങളുടെ റീൽസ് ഫീഡിന് രൂപം നൽകുന്ന വിഷയങ്ങൾ കാണാനും, അതിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും. ഇൻസ്റ്റാഗ്രാം ആപ്പിലെ വലത് ഭാഗത്ത് മുകളിലായിരിക്കും ‘യൂവർ ആൽഗോരിതം’ എന്ന ടാബ് കാണാന് സാധിക്കുക. ഉപയോക്താവിന്റെ സമീപകാല പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കി എഐ ജനറേറ്റ് ചെയ്ത താൽപ്പര്യങ്ങളുടെ ഒരു സംഗ്രഹം ഇതിൽ ഉണ്ടാകും. നിലവിൽ റീൽസ് ഫീച്ചറിൽ മാത്രമാണ് ഇതിന്റെ സേവനം എങ്കിലും, ഭാവിയിൽ എക്സ്പ്ലോർ വിഭാഗത്തിലും സമാനമായ സുതാര്യതാ ടൂളുകൾ അവതരിപ്പിക്കാൻ ഇൻസ്റ്റാഗ്രാം പദ്ധതിയിടുന്നുണ്ട്.

‘ഖജുരാഹോ ഡ്രീംസ്’ മികച്ച അഭിപ്രായം നേടുന്നു

അർജുൻ അശോകനും ശ്രീനാഥ് ഭാസിയും ഷറഫുദ്ദീനും ഒന്നിച്ചെത്തിയ ‘ഖജുരാഹോ ഡ്രീംസ്’ റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഖജുരാഹോ രേ എന്ന് തുടങ്ങുന്ന ആഘോഷ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ഗോപി സുന്ദർ ഈണമിട്ട ഗാനം എഴുതിയിരിക്കുന്നത് ദീപക് വിജയനും ബി കെ ഹരിനാരായണനും ചേർന്നാണ്. അൻവർ സാദത്ത്, മൊഹമ്മദ് മഖ്ബൂൽ മൻസൂർ, സച്ചിൻ രാജ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ച് ആത്മാർത്ഥ സുഹൃത്തുക്കളുടെ ജീവിതവും അവരുടെ രസകരമായൊരു യാത്രയുമാണ് ‘ഖജുരാഹോ ഡ്രീംസ്’. ധ്രുവനും അതിഥി രവിയും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുണ്ട്. സിനിമയിൽ കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ തന്നെയാണ് ഹൈലൈറ്റ്. നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്നു.

നിവിൻ പോളിയുടെ ‘ഫാർമ’ ട്രെയിലർ എത്തി

നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ് ‘ഫാർമ’ ട്രെയിലർ എത്തി. കെ.പി. വിനോദ് എന്ന മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ മെഡിക്കൽ ഡ്രാമയിൽ ബിനു പപ്പു, നരേൻ, മുത്തുമണി, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, അലേഖ് കപൂർ തുടങ്ങിയ മികച്ച താരനിരയും അണിനിരക്കുന്നു. സിരീസ് സംവിധാനം ചെയ്യുന്നത് ഫൈനൽസ് എന്ന ചിത്രമൊരുക്കി ശ്രദ്ധേയനായ പി.ആർ. അരുൺ ആണ്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിങ് ശ്രീജിത് സാരംഗ്. ചില സർപ്രൈസ് കാസ്റ്റിങും സിരീസിൽ ഉണ്ടാകും. സിരീസ് ജിയോ ഹോട്ട്സ്റ്റാറിൽ ഡിസംബർ 19 മുതൽ സ്ട്രീമിങ് ആരംഭിക്കും.

ദിലീപ് പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി

ടൊയോട്ട ഇന്നോവയുടെ ഏറ്റവും പുതിയ മോഡലായ ഇന്നോവ ഹൈക്രോസ് സ്വന്തമാക്കി ദിലീപ്. 7 സീറ്റർ, 8 സീറ്റർ മോഡലുകളിലെത്തുന്ന ഇന്നോവ ഹൈക്രോസിന് 19.77 ലക്ഷം മുതൽ 30.98 ലക്ഷം രൂപ വരെയാണ് വില. വെള്ള നിറമാണ് കാറിനായി ദിലീപ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്നോവയുടെ അഞ്ചാം തലമുറ വാഹനമായ ഹൈക്രോസിൽ 2.0 ലീറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനൊപ്പം സ്ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റവും ഉൾപ്പെടുത്തിയിരുന്നു. ഇതു രണ്ടും ചേർന്ന് 184ബിഎച്ച്പി കരുത്താണ് വാഹനത്തിന് നൽകുന്നത്. ഇസിവിടി ഓട്ടമാറ്റിക് ഗിയർബോക്സാണ് എൻജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഹൈബ്രിഡ് സംവിധാനത്തിന്റെ കൂടി സഹായത്തിൽ ലീറ്ററിന് 23.34 കീലോമീറ്റർ ഇന്ധനക്ഷമതയും ഈ എംപിവിക്ക് ലഭിക്കുന്നുണ്ട്. ഹൈബ്രിഡ് സംവിധാനമില്ലാത്ത 2.0 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ മാത്രമായും ഹൈക്രോസ് ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ഈ മോഡൽ 173 ബിഎച്ച്പി കരുത്തും പരമാവധി 209 എന്‍എം ടോർക്കും പുറത്തെടുക്കും. സിവിടി ഓട്ടമാറ്റിക് ഗിയർബോക്സാണ് എൻജിനുമായി ചേർത്തിരിക്കുന്നത്. ഇന്ധനക്ഷമത ലീറ്ററിന് 16.13 കീലോമീറ്റർ.

പി. ബാലചന്ദ്രന്റെ ‘അഭിനയം അനുഭവം’ പുസ്തകം

നടനകലയെ സംബന്ധിക്കുന്ന വിശകലനങ്ങളും ഓർമ്മകളും അനുഭവങ്ങളുമാണ് അഭിനയം അനുഭവം. നാടകപ്രവർത്തകനായും നാടകപഠിതാവായും നിന്നുകൊണ്ട് പി. ബാലചന്ദ്രൻ നടത്തിയ ഇടപെടലുകൾ ഈ പുസ്തകത്തെ കൂടുതൽ സൂക്ഷ്മമാക്കുന്നു. ചലച്ചിത്രനടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽക്കൂടി പ്രസിദ്ധനായ പി. ബാലചന്ദ്രൻ നാടകാഭിനയത്തിന്റെ സൈദ്ധാന്തികവശങ്ങളും മലയാളത്തിലെ അതിപ്രശസ്തരായ പല നാടകകൃത്തുക്കളുടെയും നാടകപ്രവർത്തകരുടെയും ഒപ്പം പ്രവർത്തിച്ച അനുഭവങ്ങളും രേഖപ്പെടുത്തുന്ന ഈ ലേഖനസമാഹാരം വരുംതലമുറയ്ക്കുള്ള പാഠപുസ്തകംകൂടിയാണ്. അഭിനയത്തെ തീരാത്ത പരീക്ഷണങ്ങൾക്കുള്ള അവസരമായിക്കണ്ട ഒരു കലാകാരന്റെ അറിവുകളും അനുഭവങ്ങളും അലയടിക്കുന്ന പുസ്തകം. ‘അഭിനയം അനുഭവം’. പി.ബാലചന്ദ്രൻ. മാതൃഭൂമി. വില 153 രൂപ.

വിട്ടുമാറാത്ത വായ്നാറ്റത്തിന്റെ കാരണങ്ങൾ

രാവിലെയും വൈകുന്നേരവും ബ്രഷ് ചെയ്താലും ചിലർക്ക് വായിലെ ദുർഗന്ധം മാറില്ല. വിട്ടുമാറാത്ത ഈ വായ്നാറ്റം ചില ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാം. ഏതാണ്ട് 80 ശതമാനം ആളുകളിലും വായ ബ്രഷ് ചെയ്യുന്നതിലൂടെയും ഫ്ലോസ് ചെയ്യുന്നതിലൂടെയും കഴുകുന്നതിലൂടെയും വായ്നാറ്റം മാറാറുണ്ട്. എന്നാൽ പോസ്റ്റ്-നേസൽ ഡ്രിപ്പ്, ടോൺസിൽ സ്റ്റോൺസ് അല്ലെങ്കിൽ സൈനസൈറ്റിസ് എന്നിവ മൂലമുണ്ടാകുന്ന ദുർഗന്ധം പല്ല് തേക്കുന്നതിലൂടെ ഇല്ലാതാവില്ല. ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് എന്ന രോഗം കുടലിലെ ആസിഡുകളുടെ റിഫ്ലക്സിന് കാരണമാവുക മാത്രമല്ല, പല്ലുകളുടെ തേയ്മാനത്തിനും വായ്‌നാറ്റത്തിനും കാരണമാകാം. ഡയബറ്റിക് കീറ്റോ ആസിഡോസിസ് എന്ന രോഗമുള്ളവർക്കും വായനാറ്റം ഉണ്ടാകാം. മോണരോഗമുള്ളവരിലും വായനാറ്റം പതിവായിരിക്കും. മോണയുടെ അടിഭാഗത്ത് പ്ലാക്കും ടാർട്ടറും അടിഞ്ഞുകൂടുമ്പോൾ, ബാക്ടീരിയകൾ ദുർഗന്ധമുള്ള സൾഫർ സംയുക്തങ്ങൾ ഉണ്ടാക്കും. ഇത് സാധാരണ പല്ലു വൃത്തിയാക്കുന്നതിനിടെ മാറില്ല, പ്രൊഫഷണൽ ക്ലീനിങ് ആവശ്യമായി വരും. പല്ലുകൾ വൃത്തിയാക്കുമ്പോൾ വിട്ടു പോകുന്ന ഒരു ഭാഗമാണ് നാവ്. ദശലക്ഷക്കണക്കിന് ബാക്ടീരിയകൾ നാവിലുണ്ട്. പ്രത്യേകിച്ച് അതിന്റെ പരുക്കൻ പിൻഭാഗത്ത്. പല്ല് തേക്കുമ്പോൾ നാവും ശരിയായി വൃത്തിയാക്കാതിരുന്നാൽ ഇത് ഭക്ഷണാവശിഷ്ടങ്ങൾ, നിർജ്ജീവ കോശങ്ങൾ, ബാക്ടീരിയകൾ എന്നിവ അടിഞ്ഞു കൂടി ദുർഗന്ധം പുറപ്പെടുവിക്കുന്നു. കൂടാതെ നിർജ്ജലീകരണം, സമ്മർദം, ചില മരുന്നുകൾ, വായിലൂടെ ശ്വാസമെടുക്കൽ എന്നിവ കാരണം ഉമിനീർ ഉത്പാദനം കുറയുന്നത് വായ വരണ്ടതാക്കാം. ഇത് ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകൾ പെരുകാൻ കാരണമാകാം. കൃത്യമായ ഇടവേളകളിൽ ദന്തപരിശോധന നടത്തുന്നത് വായിലെ അവസ്ഥ വിലയിരുത്താൻ സഹായിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here