തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയിലെ 16 കേന്ദ്രങ്ങളിലായി നാളെ (ഡിസംബര്‍ 13) രാവിലെ എട്ടിനു ആരംഭിക്കും. 11 ബ്ലോക്ക്തല കേന്ദ്രങ്ങളില്‍ ഗ്രാമപഞ്ചായത്തുകളുടെയും നാല് നഗരസഭാതല കേന്ദ്രങ്ങളിൽ അതത് നഗരസഭകളുടെയും തേവള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോര്‍പറേഷന്റെയും വോട്ടെണ്ണല്‍ നടക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകളും എണ്ണും. തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും. വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും സ്‌ട്രോങ്ങ് റൂം തുറക്കുന്നത്. അവിടെ നിന്ന് ഓരോ വാര്‍ഡിലെയും മെഷീനുകള്‍ കൗണ്ടിങ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടു പോകും. സ്ഥാനാര്‍ത്ഥിയുടെയോ സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണുക.
ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും ഫലം അപ്പോള്‍ തന്നെ കൗണ്ടിങ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തി വരണാധികാരിക്ക് നല്‍കും. ഒരു വാര്‍ഡിലെ പോസ്റ്റല്‍ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും. ഓരോ ബൂത്തും എണ്ണി തീരുന്ന മുറയ്ക്ക് വോട്ടുനില ട്രെന്‍ഡി -ല്‍ അപ് ലോഡ് ചെയ്യുന്നതോടെ ലീഡ് നിലയും ഫലവും തത്സമയം അറിയാന്‍ കഴിയും.
കൗണ്ടിങ് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ചീഫ് ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്.
https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in ലിങ്കുകൾ മുഖേന ഫലമറിയാം.
































