വാർത്തകൾ ഇന്ന് ഇതുവരെ 2025 | ഡിസംബർ 11 | വ്യാഴം 1201 | വൃശ്ചികം 25 | പൂരം

Advertisement

സംസ്ഥാന രാഷ്ട്രീയം

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഉച്ചക്ക് രണ്ട് മണിയോടെ പോളിങ് 50 % കടന്നു. രണ്ടാം ഘട്ട പോളിംഗ് ദിവസവും എൽഡിഎഫ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തിപ്പിടിച്ചപ്പോൾ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ പീഢന ആരോപണം ഉയർത്തി യുഡിഎഫ് പ്രതിരോധിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ കേസ്
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ലഭിച്ച പരാതി ആസൂത്രിതമാണെന്നാണ് യുഡിഎഫ് വിലയിരുത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പരാതിക്ക് പിന്നിൽ ഒരു ‘ലീഗൽ ബ്രെയിൻ’ ഉണ്ടെന്നും, പരാതി കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങൾക്ക് കിട്ടിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
  • ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോൾ വന്നതിനേക്കാൾ അപ്പുറമുള്ള കാര്യങ്ങൾ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കോൺഗ്രസിലെ സ്ത്രീ ലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രസ്താവന പ്രതിപക്ഷ നേതാവ് വിഡി സതീശൻ തള്ളി. പരാതി വെൽ ഡ്രാഫ്റ്റഡ് ആണെന്നും അത് അങ്ങനെ തന്നെയാണ് നൽകേണ്ടതെന്നും അതിൽ ഒരു തെറ്റില്ലെന്നും സതീശൻ പറഞ്ഞു.
  • യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണെന്ന് കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിനെ കെ പി സി സി പ്രസിഡന്റ് ന്യായീകരിക്കുകയാണെന്നും നടിയ്ക്ക് നേരെയുണ്ടായ ആക്രമണക്കേസിലും യുഡിഎഫ് അതിജീവിതയ്ക്ക് ഒപ്പമല്ലെന്നും അദ്ദേഹം വിമർശിച്ചു.
  • സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് മുഖ്യമന്ത്രി ഈ വീമ്പ് പറയുന്നതെന്നും തങ്ങളെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് മറുപടി നൽകി. സ്ത്രീ പീഡകരെ പാർട്ടി കോടതിയിൽ വിചാരണ ചെയ്ത്, അവർക്ക് പദവികൾ വാരിക്കോരി കൊടുക്കുന്ന മുഖ്യമന്ത്രിയാണ് വലിയ വർत्तമാനം പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
  • എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ഒരു ലൈംഗീകാരോപണം കൊണ്ടുവരിക എന്നത് മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ അടവാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. പ്രധാന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് പിണറായിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. യുവതിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് താനാണെന്നും അത് പരാതിക്കാരി ആവശ്യപ്പെട്ടതനുസരിച്ചാണെന്നും മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജോബി ഹർജിയിൽ പറയുന്നു.
മറ്റ് രാഷ്ട്രീയ പ്രതികരണങ്ങൾ
  • തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ടാണെന്നും പൂരം വരാനിരിക്കുന്നതേ ഉള്ളൂവെന്നും മന്ത്രി കെ രാജൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നയം അല്ല എന്ന് എങ്ങനെ പറയാൻ പറ്റുമെന്നും നടപടിയെടുക്കണ്ടേയെന്നും മന്ത്രി ചോദിച്ചു.
  • തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നതെന്നും ജനം ഇത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
  • ഇന്ത്യയുടെ ജനാധിപത്യത്തെ രക്ഷിക്കാൻ പുതിയൊരു മുന്നേറ്റം ഉണ്ടാകുമെന്ന് കോൺഗ്രസ് അംഗം കെ.സി. വേണുഗോപാൽ ലോക്‌സഭയിൽ പറഞ്ഞു.
  • പാർലമെന്റിൽ ശൈത്യകാല സമ്മേളനം തുടരുന്നതിനിടെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ ബെർലിൻ യാത്രയെ ബിജെപി വിമർശിച്ചു. രാഹുൽ പ്രതിപക്ഷ നേതാവല്ല, പര്യടനനേതാവാണെന്ന് ബിജെപി ദേശീയവക്താവ് ഷെഹ്സാദ് പൂനാവാല പരിഹസിച്ചു.
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ കഴിഞ്ഞദിവസം നടന്ന 88 മിനിറ്റ് നീണ്ട കൂടിക്കാഴ്ച പാർലമെന്ററിനകത്ത് അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി. ചീഫ് ഇൻഫർമേഷൻ കമ്മിഷണറെ തിരഞ്ഞെടുക്കാനാണ് നേതാക്കൾ ചർച്ച നടത്തിയതെങ്കിലും കൂടിക്കാഴ്ച ഇത്രയും നീണ്ടുനിൽക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

നിയമപരവും ഭരണപരവുമായ വാർത്തകൾ

  • വിസി നിയമന തർക്കത്തിൽ കര്‍ശന ഇടപെടലുമായി സുപ്രീംകോടതി. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും. ജസ്റ്റിസ് ധൂലിയ സമിതിയോട് ഓരോ പേരുകൾ മുദ്രവച്ച കവറിൽ നൽകാൻ കോടതി നിർദേശിച്ചു.
  • മസാല ബോണ്ട് ഇടപാടിലെ ഇ ഡി അഡ്ജ്യൂഡിക്കേഷൻ കമ്മിറ്റി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഇടക്കാല ഉത്തരവിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
  • ജഡ്ജിമാർ വ്യക്തിപരമായ കവചംതീർക്കാനോ വിമർശനങ്ങളെ നിശ്ശബ്ദമാക്കാനുള്ള വാളായോ കോടതിയലക്ഷ്യ അധികാരത്തെ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജഡ്ജിമാരെ ‘ഡോഗ് മാഫിയ’ എന്നുവിളിച്ച് അധിക്ഷേപിച്ച സ്ത്രീക്ക് ഒരാഴ്ച തടവുശിക്ഷ വിധിച്ച ബോംബെ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

സിനിമാ/സാംസ്കാരികം

  • സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയിൽ ഒളിച്ചുകളിച്ച് ചലച്ചിത്ര അക്കാദമി. പരാതി കിട്ടിയിരുന്നെന്ന് സമ്മതിച്ചെങ്കിലും തുടർ നടപടി പരസ്യമാക്കാനാകില്ലെന്ന് വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ പ്രതികരിച്ചു. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
  • ഇടതുസഹയാത്രികനും മുൻഎംഎൽഎയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ, ഇദ്ദേഹം സഖാവായതിനാലും ഇടതുപക്ഷമായതിനാലും കൂടുതൽ ശക്തമായി അപലപിക്കുന്നുവെന്ന് നടി മാലാ പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചു.
  • നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പ്രതികരിച്ചു. കോടതിക്ക് അപ്പുറം ഒന്നും അറിയില്ലെന്നും, എതിരഭിപ്രായം ഉള്ളവർക്ക് മേൽ കോടതിയെ സമീപിക്കാനുള്ള സംവിധാനം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  • ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ (ഭയം ഭക്തി ബഹുമാനം) ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക.
  • രജനികാന്തിന്റെ കരിയറിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായ കെ.എസ് രവികുമാർ സംവിധാനം ചെയ്ത 1999 ൽ പുറത്തിറങ്ങിയ ‘പടയപ്പ’ റീ റിലീസ് ട്രെയ്‌ലർ പുറത്തുവിട്ടു. രജനികാന്ത് സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നതിൽ ആദരമർപ്പിച്ചുകൊണ്ടാണ് റീ റിലീസ്.

ദേശീയ/അന്തർദേശീയ വാർത്തകൾ

  • ഇൻഡിഗോ സർവീസ് പ്രതിസന്ധി ആസൂത്രിതമാണെന്ന സൂചനകൾക്കിടെ കമ്പനിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് കേന്ദ്ര സർക്കാർ. കമ്പനിക്കെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മുന്നറിയിപ്പ് നൽകി.
  • 2024-ലെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനുശേഷം ബംഗ്ലാദേശ് ആദ്യമായി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു. അടുത്ത ദേശീയ തിരഞ്ഞെടുപ്പിന്റെ തീയതി ബംഗ്ലാദേശ് മുഖ്യ ഇലക്ഷൻ കമ്മിഷണർ എ.എം.എം. നാസിറുദ്ദീൻ ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
  • വെനസ്വേലയുടെ പ്രസിഡന്റ് നിക്കൊളാസ് മദുറോയ്ക്കെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കരീബിയൻ കടലിൽ വെനസ്വേലയുടെ വമ്പൻ എണ്ണക്കപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തു.
  • അമേരിക്കയിൽ സ്ഥിര താമസത്തിന് ‘ട്രംപ് ഗോൾഡ് കാർഡ്’ വിസ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കി. വിദേശികൾക്ക് ഒരു മില്യൺ യുഎസ് ഡോളർ നൽകി ട്രംപ് ഗോൾഡ് കാർഡ് സ്വന്തമാക്കിയാൽ വിസ അപേക്ഷ വേഗത്തിലാക്കാം.
  • യുഎസിന്റെ നിലപാടുകൾ ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയാണെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം സിഡ്നി കാംലാഗർ ഡോവ് അഭിപ്രായപ്പെട്ടു.
  • പ്രശസ്ത ബ്രിട്ടീഷ് സീരീസ് ‘പീക്കി ബ്ലൈൻഡേഴ്സി’ലെ കഥാപാത്രങ്ങളെപ്പോലെ വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് നടന്നതിന് അഫ്ഗാനിസ്ഥാനിലെ നാല് യുവാക്കളെ പിടികൂടി തടവിലാക്കി.
  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ പരിശീലിപ്പിക്കുന്നതിനായി പകർപ്പവകാശമുള്ള ഉള്ളടക്കങ്ങൾ ഉപയോഗിക്കുമ്പോൾ, അതിന്റെ സ്രഷ്ടാക്കൾക്ക് എ.ഐ കമ്പനികൾ റോയൽറ്റി നൽകണമെന്ന് കേന്ദ്ര സർക്കാർ പാനൽ ശുപാർശ ചെയ്തു.

സംസ്ഥാനം/പ്രാദേശികം – മറ്റ് വാർത്തകൾ

  • കൊല്ലം അഞ്ചലിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.
  • തിരുവനന്തപുരം കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. 75 വയസുള്ള ദേവദാസൻ എന്നയാളെ പത്ത് ദിവസമായി കാണാനില്ലെന്ന പരാതിയുണ്ട്.
  • ഗോവയിലെ നിശാ ക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 25 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ തായ്ലാൻഡിലേക്ക് മുങ്ങിയ ക്ലബ്ബ് ഉടമകൾ സൗരഭ് ലുത്രയും സഹോദരൻ ഗൗരഭ് ലൂത്രയും തായ്ലാൻഡിലെ ഫുകേത്തിൽ അറസ്റ്റിലായി.
  • വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിലായി. എമിറേറ്റ്സ് വിമാനത്തിലെ ജീവനക്കാരനായ ജയ്പൂർ സ്വദേശി അടങ്ങുന്ന 5 പേരെ ചെന്നൈ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നായി 11.5 കോടി രൂപ വിലവരുന്ന 9.46 കിലോ സ്വർണം പിടികൂടി.
  • ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് മാർട്ടിൻ പുതുച്ചേരി കേന്ദ്രീകരിച്ച് ‘ലക്ഷ്യ ജനനായക കക്ഷി’ എന്ന പേരിൽ രാഷ്ട്രീയ പാർട്ടി തുടങ്ങി. നടൻ വിജയ്യുടെ തമിഴക വെട്രി കഴകവുമായുള്ള സഖ്യസാധ്യതയാണ് ജോസ് ചാൾസ് തേടുന്നത്.

ആരോഗ്യം

ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുമെന്ന് വിദഗ്ധർ. ഹൃദയത്തിലെ രക്തക്കുഴലുകൾ ചുരുങ്ങുന്നത് രക്തസമ്മർദം കൂട്ടുന്നു. ഈ കാലത്ത് രക്തം കട്ടപിടിക്കാനുള്ള പ്രവണതയും അണുബാധകളും കൂടുന്നത് സാധ്യത വർധിപ്പിക്കാം. കൂടാതെ, വെള്ളം കുടിക്കുന്നത് കുറയുന്നത് നിർജ്ജലീകരണത്തിനും ഉദാസീനമായ ജീവിതശൈലിയും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഹൃദയസംബന്ധമായ അപകടസാധ്യത കൂട്ടുന്നു.

ബിസിനസ്/ഓട്ടോ

  • സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ്. ഗ്രാം വില 10 രൂപ കുറഞ്ഞ് 11,935 രൂപയും പവൻ വില 80 രൂപ കുറഞ്ഞ് 95,480 രൂപയിലുമെത്തി. യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറച്ചത് സ്വർണവില വീണ്ടും ഉയരാനുള്ള സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വെള്ളി വില ഇന്ന് ഗ്രാമിന് ഒരു രൂപ വർധിച്ച് 196 രൂപയായി.
  • മഹീന്ദ്ര അവരുടെ ഫ്‌ളാഗ്ഷിപ്പ് എസ്യുവിയായ എക്‌സ്യുവി 700നെ മുഖം മിനുക്കി പുറത്തിറക്കാൻ ഒരുങ്ങുകയാണ്. പേരു പോലും എക്‌സ്യുവി 7എക്‌സ്ഒ എന്നു മാറ്റിയ ഈ മോഡൽ ജനുവരി അഞ്ചിന് വില്‍പനക്കെത്തും.

ഇന്നത്തെ വിനിമയ നിരക്ക് (₹)

കറൻസി നിരക്ക്
ഡോളർ 90.40
പൗണ്ട് 120.87
യൂറോ 104.78
സ്വിസ് ഫ്രാങ്ക് 113.08
ഓസ്‌ട്രേലിയൻ ഡോളർ 60.80
ബഹറിൻ ദിനാർ 239.89
കുവൈത്ത് ദിനാർ 294.69
ഒമാനി റിയാൽ 235.18
സൗദി റിയാൽ 24.10
യു.എ.ഇ ദിർഹം 24.47
ഖത്തർ റിയാൽ 24.95
കനേഡിയൻ ഡോളർ 65.47
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here