പത്രം| മലയാള ദിനപത്രങ്ങളിലൂടെ|2025 | ഡിസംബർ 11 | വ്യാഴം 1201 | വൃശ്ചികം 25 | പൂരം

Advertisement

📰 പ്രധാന വാർത്തകൾ

മുഖ്യമന്ത്രി vs പ്രതിപക്ഷ നേതാവ്: സംവാദ ക്ഷണം

മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയതിനൊപ്പം, മുഖ്യമന്ത്രിയെ നേരിട്ട് സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് സതീശൻ അറിയിച്ചു. ലൈഫ്മിഷൻ, വിഴിഞ്ഞം, തുരങ്കപാത, ദേശീയപാത വികസനം, തീരദേശ ഹൈവേ, ക്ഷേമപെൻഷൻ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്റെ ക്ഷണം. മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയതിനൊപ്പം ചില ചോദ്യങ്ങൾ തിരിച്ചും ചോദിക്കാനുണ്ടെന്നും അതിന് മറുപടി നൽകാൻ തയ്യാറുണ്ടോ എന്നും സതീശൻ ചോദിക്കുന്നു. ഫെയ്‌സ്ബുക്കിലാണ് അദ്ദേഹം ഇതുസംബന്ധിച്ച ദീർഘമായ പോസ്റ്റ് പങ്കുവെച്ചത്.

മുഖ്യമന്ത്രിയുടെ മറുപടി

തന്നെ സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഫേയ്‌സ്ബുക്ക് കുറിപ്പിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ പ്രതിപക്ഷനേതാവിന് കഴിയുന്നില്ലെന്നും പകരം, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ നിരത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും മുഖ്യമന്ത്രി ഫേയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാൻ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂവെന്നും പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണിതെന്നും എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകരിച്ചവർക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവിന്റെ ഈ വിഷയങ്ങളിലുള്ള പരസ്യ സംവാദത്തിനുള്ള വെല്ലുവിളിയെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. തൃശൂർ മുതൽ കാസറഗോഡ് വരെയുള്ള ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391 വാർഡുകളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാംകുളം വരെയുള്ള ഏഴ് ജില്ലകൾ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകും. 13 നാണ് വോട്ടെണ്ണൽ.

ദേശീയപാത സേഫ്റ്റി ഓഡിറ്റ്

ദേശീയപാതയിൽ പതിവാകുന്ന അപകടങ്ങളുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന ദേശീയ പാതയിലെ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓഡിറ്റ് നടത്താൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. 378 ഇടങ്ങളിൽ മണ്ണ് പരിശോധിക്കും. ഡിസൈനുകൾ പുന:പരിശോധിച്ചതിനു ശേഷം മാത്രമേ അന്തിമ അനുമതി നൽകൂ. കൊട്ടിയത്ത് ദേശീയ പാത തകർന്നതിനു കാരണം മണ്ണിന്റെ ബലക്കുറവ് ആണെന്നും ദേശീയ പാതാ അതോറിറ്റി കണ്ടെത്തി.

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: ജാമ്യ ഉത്തരവിന്റെ പകർപ്പ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യം നൽകിയുള്ള തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിന്റെ പകർപ്പ് പുറത്ത്. പരാതിക്ക് പിന്നിൽ സമ്മർദമുണ്ടെന്ന വാദം തള്ളാനാകില്ലെന്നും പരാതി നൽകുന്നതിൽ വൈകയതിനെക്കുറിച്ചുള്ള വാദങ്ങൾ വ്യത്യസ്തമാണെന്നും കോടതി ഉത്തരവിൽ പറയുന്നു. പ്രഥമദൃഷ്ട്യ ബലാത്സംഗത്തിന് തെളിവില്ലെന്നും പരാതിയിലും പിന്നീട് യുവതി നൽകിയ മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ടെന്നും കോടതി ഉത്തരവിലുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: സർക്കാർ ഹൈക്കോടതിയിലേക്ക്

രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, വസ്തുതകൾ പൂർണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം.

ശശി തരൂർ – സവർക്കർ പുരസ്‌കാര വിവാദം: വി.ഡി. സതീശൻ പ്രതികരിച്ചില്ല

കോൺഗ്രസ് എംപി ശശി തരൂരിന് വീർ സവർക്കർ പുരസ്‌കാരം നൽകുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശബരിമലയിലെത്തിയ വിഡി സതീശൻ ശബരിമല സ്വർണകൊള്ളയിലടക്കം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ശശി തരൂരിന്റെ സവർക്കർ പുരസ്‌കാര വിവാദത്തിലും പ്രതികരണം തേടിയത്. ചോദ്യത്തിൽ പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് ഒന്നും പറയാനില്ലെന്ന രീതിയിൽ വിഡി സതീശൻ പോവുകയായിരുന്നു.

വയനാട് ദുരന്തബാധിതർക്ക് വീട്: കോൺഗ്രസ് പദ്ധതി

വയനാട് ദുരന്തബാധിതർക്ക് വേണ്ടി കോൺഗ്രസ് വീട് നിർമിക്കുന്ന സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം നടത്തുമെന്ന് സിദ്ദിഖ് എംഎൽഎ. സ്ഥലത്തിന്റെ അഡ്വാൻസ് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 28ന് കോൺഗ്രസ് ജന്മദിനത്തിൽ വീടുകളുടെ നിർമ്മാണം തുടങ്ങാനാണ് പാർട്ടിയുടെ ആഗ്രഹം. ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കാൻ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസിന്റെ ഭൂമി തോട്ടഭൂമിയല്ലെന്നും അക്കാര്യം പാർട്ടി പരിശോധിച്ച് ഉറപ്പ് വരുത്തിയെന്നും സിദ്ദീഖ് പറഞ്ഞു.

ചിത്രപ്രിയ കൊലപാതകം: ആൺ സുഹൃത്ത് അറസ്റ്റിൽ

മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തിൽ ആൺ സുഹൃത്ത് അലൻ അറസ്റ്റിൽ. കസ്റ്റഡിയിലെടുത്ത അലന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് കാലടി പൊലീസ് രേഖപ്പെടുത്തിയത്. സംശയത്തെ തുടർന്ന് പെൺകുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ചിത്രപ്രിയയുടെ മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ശനിയാഴ്ച മുതൽ കാണാതായ പെൺകുട്ടിയെ ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നടിയെ ആക്രമിച്ച കേസ്: പ്രതിഷേധം

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചു. ‘അവൾക്കൊപ്പം’ എന്ന പേരിലായിരുന്നു കൂട്ടായ്മ. തിരുവനന്തപുരത്ത് മാനവീയം വീഥിയിലാണ് പരിപാടി നടന്നത്. പെൺ സൗഹൃദ വേദിയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തിയത്. കോടതി വിധി നിരാശ ഉണ്ടാക്കുന്നതെന്നും, പൊതു സമൂഹത്തിനു മുന്നിൽ ദിലീപ് കുറ്റക്കാരൻ ആണെന്നും പരിപാടിയിൽ സംസാരിച്ച അജിത പറഞ്ഞു.

വോട്ടെടുപ്പ് ചിത്രീകരിച്ചതിന് കേസ്

വോട്ട് ചെയ്യുന്നത് മൊബൈലിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസ്. ഡിസംബർ 9 ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലിൽ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വോട്ടർക്കെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ് എസിന് എതിരേയാണ് കേസെടുത്തത്.

ഓമശ്ശേരിയിൽ കലാശക്കൊട്ടിനിടെ കത്തി വീശി

കോഴിക്കോട് ഓമശ്ശേരിയിൽ ചൊവ്വാഴ്ച നടന്ന കലാശക്കൊട്ടിനിടെ കത്തിയുമായി യുഡിഎഫ് പ്രവർത്തകർക്ക് നേരെ ആക്രോശിച്ച് സിപിഎം പ്രവർത്തകൻ. യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെയായിരുന്നു സംഭവം. ഓമശ്ശേരി സ്വദേശിയായ സലാമാണ് കത്തിയുമായെത്തിയത്. സിപിഎം പ്രവർത്തകർ ഇയാളെ പിടിച്ചു മാറ്റി കത്തി കൈവശപ്പെടുത്തുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ യുഡിഎഫ് കൊടുവള്ളി പോലീസിൽ പരാതി നൽകി.

പോക്സോ കേസ്: 41കാരന് ശിക്ഷ

ഇടുക്കിയിൽ ഒൻപത് വയസുകാരിയോട് ലൈംഗീകാതിക്രമം നടത്തിയ 41 കാരന് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി ഗാന്ധി നഗർ കോളനി നിവാസി ചന്ത്യത് വീട്ടിൽ ഗിരീഷിനെയാണ് ഇടുക്കി അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. 2024 ഓണാവധി കാലത്താണ് കേസിനാസ്പദമായ സംഭവം.

സൂരജ് ലാമ തിരോധാനം: ഹൈക്കോടതി ഇടപെടൽ

സൂരജ് ലാമയുടെ തിരോധാനത്തിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ പൊലീസും എയർപോർട്ട് അധികൃതരും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വിദേശത്ത് ജയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിൽ എത്തിക്കാൻ പരിശ്രമിക്കുമെന്നും എന്നാൽ, അവർ നാട്ടിലെത്തിക്കഴിഞ്ഞാൽ എവിടേക്ക് പോകുന്നുവെന്ന് ആരും അന്വേഷിക്കാറില്ലെന്നും ഹൈക്കോടതി വിമർശിച്ചു. സൂരജ് ലാമയെ കാണാതായതുമായി ബന്ധപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി വീണ്ടും പൊലീസിനെയടക്കം വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.

പോക്സോ കേസുകൾ: തിരുവനന്തപുരത്ത് കൂടുതൽ

കേരളത്തിൽ തീർപ്പുകൽപ്പിക്കാത്ത പോക്സോ കേസുകൾ ഏറ്റവും അധികമുള്ളത് തിരുവനന്തപുരത്ത്. ഈ വർഷം ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരം 1370 കേസുകളാണ് കെട്ടിക്കിടക്കുന്നത്. രണ്ടാമതുള്ള എറണാകുളത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്. എറണാകുളത്ത് 704 കേസുകളാണ് തീർപ്പുകാത്തിരിക്കുന്നത്. 131 കേസുള്ള പത്തനംതിട്ടയും 232 കേസുള്ള കാസർകോടുമാണ് ഏറ്റവും കുറവ് കേസുകളുള്ളത്.

വർക്കല ക്ലിഫിൽ തീപിടിത്തം

വർക്കലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ലിഫിൽ വൻ തീപിടുത്തം. വർക്കലയിലെ നോർത്ത് ക്ലിഫിലെ റിസോർട്ടിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ ‘കലയില റിസോർട്ട്’ പൂർണമായും കത്തി നശിച്ചു. റൂമിൽ വാടക്ക് താമസിച്ച വിനോദ സഞ്ചാരികളടക്കമുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.

ശബരിമലയിൽ തിരക്ക് വർധിക്കുന്നു

ഒരു ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ തിരക്ക് കൂടുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സന്നിധാനത്ത് എത്തിയത് ഒരു ലക്ഷത്തിന് അടുത്ത് വിശ്വാസികളാണ്. ഇന്നലെ ഉച്ചയ്ക്ക് 1 മണി വരെ അമ്പതിനായിരത്തിൽ അധികം വിശ്വസികൾ ശബരിമലയിൽ ദർശനം നടത്തി. തിങ്കളാഴ്ച എത്തിയത് 1,10,979 ഭക്തരും ചൊവ്വാഴ്ച 97,000 ന് മുകളിൽ ഭക്തരുമാണെത്തിയത്. ഈ സീസണിൽ ഇതുവരെ എത്തിയ ഭക്തരുടെ എണ്ണം 23 ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്.

നടിയെ ആക്രമിച്ച കേസ് വിധി ചോർച്ച: അഭിഭാഷക അസോസിയേഷൻ

നടിയെ ആക്രമിച്ച കേസിലെ വിധി പകർപ്പ് നേരത്തെ തന്നെ ചോർന്നുവെന്ന ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റിന്റെ ആരോപണം തളളി എക്സിക്യൂട്ടീവ് കമ്മിറ്റി രംഗത്ത്. വിധിയുടെ വിശദാംശങ്ങളടങ്ങിയ ഊമക്കത്ത് തങ്ങളറിയാതെയാണ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കൈമാറിയെതെന്നും നടപടിയിൽ അസോസിയേഷന് പങ്കില്ലെന്നും സെക്രട്ടറി അഡ്വ എം ആർ നന്ദകുമാർ അറിയിച്ചു.

കേന്ദ്ര നിയമനങ്ങൾ: രാഹുൽ ഗാന്ധി വിയോജന കുറിപ്പ് രേഖപ്പെടുത്തി

മുഖ്യ വിവരാവകാശ കമ്മീഷണർ, വിവരവകാശ കമ്മീഷണർമാർ, കേന്ദ്ര വിജിലൻസ് കമ്മീഷണർ തുടങ്ങി രാജ്യത്തെ സുപ്രധാന ഭരണഘടനാ ചുമതലകളിലേക്കുള്ള നിയമനം സംബന്ധിച്ച് ഇന്നലെ ചേർന്ന നിർണ്ണായക സമിതി യോഗത്തിൽ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി വിയോജന കുറിപ്പ് രേഖപ്പെടുത്തി. നിയമനത്തിനായി പരിഗണിച്ച പേരുകളുടെ പട്ടികയിൽ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തീരെ പ്രാതിനിധ്യമില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സാമൂഹ്യ നീതി ഉറപ്പാക്കേണ്ട സുപ്രധാന പദവികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അവസരം നിഷേധിക്കുന്നത് ജനാധിപത്യപരമായ നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിയാണ് നിയമനത്തിന് പരിഗണിക്കേണ്ട പേരുകൾ ചർച്ച ചെയ്തത്. വിയോജന കുറിപ്പ് രേഖപ്പെടുത്തിയെങ്കിലും, സമിതി യോഗത്തിൽ ഭൂരിപക്ഷ അഭിപ്രായം സർക്കാരിന് അനുകൂലമായതിനാൽ നിയമന നടപടികളുമായി സർക്കാർ മുന്നോട്ട് പോകാനാണ് സാധ്യത.

ലോക്സഭയിൽ അമിത് ഷാ – രാഹുൽ ഗാന്ധി വാക്‌പോര്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ ലോക്‌സഭയിൽ വാക്‌പോര്. വോട്ടർ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് ലോക്‌സഭയിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്. എസ്‌ഐആറിൽ താൻ നടത്തിയ പത്രസമ്മേളനങ്ങളിൽ സംവാദത്തിനായി അദ്ദേഹം അമിത് ഷായെ വെല്ലുവിളിച്ചു. എന്നാൽ, താൻ എന്തുപറയണമെന്നത് ആരും കല്പിക്കേണ്ടതില്ലെന്ന് അമിത് ഷാ തിരിച്ചടിച്ചു. ചില കുടുംബങ്ങളാണ് പാരമ്പര്യമായി വോട്ട് ചോരി നടത്തുന്നതെന്നും നെഹ്‌റു കുടുംബത്തെ ഉന്നമിട്ട് അദ്ദേഹം വിമർശിച്ചു.

അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്: കെ സി വേണുഗോപാൽ

അമിത് ഷായുടെ ലോക്സഭയിലെ പ്രസംഗം നിലവാരം കുറഞ്ഞതായെന്നും സർക്കാർ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുമ്പെങ്ങും ഇല്ലാത്ത പരാതികൾ ഉയരുമ്പോഴും കേന്ദ്ര സർക്കാർ കമ്മീഷന് കൂടുതൽ സംരക്ഷണം നൽകുകയാണെന്നും ബിജെപി വിജയിച്ച തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കുമ്പോൾ, തെരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ട് തങ്ങളെ ചോദ്യം ചെയ്യരുതെന്ന ഷായുടെ നിലപാട് ശരിയല്ലെന്നും വേണുഗോപാൽ പറഞ്ഞു.

നാഗ്പൂരിൽ പുള്ളിപ്പുലി പിടിയിൽ

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജനവാസ മേഖലയിൽ ഇറങ്ങി ഏഴ് പേരെ ആക്രമിച്ച പുള്ളിപ്പുലിയെ വനംവകുപ്പ് പിടികൂടി. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുള്ളിപ്പുലിയെ 10 മണിക്കൂർ നീണ്ട ശ്രമത്തിനടുവിലാണ് പിടികൂടിയത്. ഇന്നലെ രാവിലെയാണ് പുള്ളിപ്പുലി ആളുകളെ ആക്രമിച്ചത്. പല തവണ മയക്കുവെടി വെച്ച് പുലിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും വൈകിട്ട് മൂന്ന് മണിയോടെയാണ് പുലിയെ പിടികൂടാൻ കഴിഞ്ഞത്.

ഇൻഡിഗോ പ്രതിസന്ധിയിൽ ഹൈക്കോടതിയുടെ ചോദ്യം

ഇൻഡിഗോ സർവീസ് പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി. പ്രതിസന്ധി രൂക്ഷമാകും വരെ കേന്ദ്രസർക്കാർ ഇടപെടാൻ വൈകിയതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഈ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ലേയെന്നും എന്തുകൊണ്ട് നിങ്ങള്‍ക്ക് മാത്രം പ്രശ്നമെന്നും ഇൻഡിഗോയോട് കോടതി ചോദിച്ചു. യാത്രക്കാർക്ക് പണം തിരിച്ചു നൽകുന്ന നടപടി കാര്യക്ഷമമാകണമെന്നും നഷ്ടപരിഹാരം ലഭിക്കാൻ വ്യവസ്ഥയുണ്ടെങ്കിൽ അതിനും ഡിജിസിഎ ഇടപെടണം എന്നും കോടതി വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങൾക്ക് ടോൾ ഒഴിവാക്കാൻ നിർദ്ദേശം

ഹരിത ഗതാഗതത്തിന് പ്രോത്സാഹനം നൽകിക്കൊണ്ട്, സംസ്ഥാനത്തെ പ്രധാന ഹൈവേകളിലെല്ലാം ഇലക്ട്രിക് വാഹനങ്ങൾക്ക് പൂർണ്ണമായും ടോൾ ഒഴിവാക്കാനുള്ള നിർദ്ദേശം അടുത്ത എട്ട് ദിവസത്തിനകം നടപ്പാക്കാൻ മഹാരാഷ്ട്ര സർക്കാരിന് നിർദേശം. ടോൾ ഒഴിവാക്കാനുള്ള ഔദ്യോഗിക നയം നിലവിലുണ്ടായിട്ടും തങ്ങൾക്ക് ടോൾ ഈടാക്കുന്നുവെന്ന ഇ വി ഉടമകളുടെ പരാതികൾ വർദ്ധിച്ചതിനെ തുടർന്നാണ് ഈ നടപടി. നാഗ്പൂരിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ സ്പീക്കർ രാഹുൽ നർവേക്കറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

രാജസ്ഥാൻ മതപരിവർത്തന നിരോധന നിയമം: സുപ്രീം കോടതി

രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമത്തിലെ വ്യവസ്ഥകൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ. ഹർജി പരിഗണിച്ച കോടതി, രാജസ്ഥാൻ സർക്കാരിന് നോട്ടീസ് നല്കി. മറ്റു സംസ്ഥാനങ്ങളിലെ മതപരിവർത്തന നിയമങ്ങൾക്കെതിരായ കേസിനൊപ്പം സിബിസിഐയുടെ ഹർജിയും പരിഗണിക്കും.

ഗോവ നിശാക്ലബ് തീപിടിത്തം: ഉടമകളുടെ മുൻകൂര്‍ ജാമ്യം തള്ളി

ഗോവ നിശാക്ലബ്ബിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ക്ലബ് ഉടമകളായ ലൂത്ര സഹോദരൻമാരുടെ മുൻകൂര്‍ ജാമ്യഹർജി ദില്ലി കോടതി തള്ളി. ദില്ലി രോഹിണി കോടതിയാണ് ഹർജി തള്ളിയത്. ഗോവ പൊലീസ് ഹർജിയെ ശക്തമായി എതിർത്തിരുന്നു. സൗരഭ് ലൂത്രയും, ഗൗരവ് ലൂത്രയും നിലവിൽ ഒളിവിലാണ്.

ഗോവ നിശാ ക്ലബ് ഉടമകൾക്കായി ബ്ലൂ കോർണർ നോട്ടീസ്

25 പേർ മരിച്ച തീപിടുത്തമുണ്ടായ ഗോവയിലെ നിശാ ക്ലബ്ബിന്റെ ഉടമകൾക്കായി ഇന്റർപോൾ ബ്ലു കോർണർ നോട്ടീസ് പുറത്തിറക്കി. സഹോദരങ്ങളായ സൗരഭ് ലുത്ര, സഹോദരൻ ഗൗരവ് ലൂത്ര എന്നിവരാണ് അപകടം നടന്നയുടൻ തായ്‌ലാന്‍ഡിലേക്ക് മുങ്ങിയത്. രക്ഷപ്പെടലിന് അവസരം നൽകിയ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

യൂട്യൂബ് ട്യൂട്ടോറിയൽ കണ്ട് ശസ്ത്രക്രിയ: യുവതിക്ക് ദാരുണാന്ത്യം

യൂട്യൂബിലെ ടൂട്ടോറിയൽ വീഡിയോ കണ്ട് വ്യാജ ക്ലിനിക്ക് ഉടമയും ഇയാളുടെ അനന്തരവനും ശസ്ത്രക്രിയ നടത്തിയ യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. തെഹ്ബഹാദൂർ റാവത്തിന്റെ ഭാര്യ മുനിഷ്ര റാവത്താണ് മരിച്ചത്. സംഭവത്തിൽ ക്ലിനിക് ഓപ്പറേറ്ററായ ഗ്യാൻ പ്രകാശ് മിശ്ര, ഇയാളുടെ അനന്തരവൻ വിവേക് കുമാർ മിശ്ര എന്നിവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

രാഷ്ട്രപതി ഇന്ന് മണിപ്പൂരിലെത്തും

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മണിപ്പൂരിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ഇംഫാലിലെത്തുന്നത്. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ ഭാഗമായി ഇംഫാൽ വിമാനത്താവള റോഡിൽ സൗന്ദര്യവത്കരണ പ്രവൃത്തികൾ നടത്തി.

തൃണമൂൽ നേതാവിനെതിരായ കേസ്: പ്രധാന സാക്ഷിക്കും കുടുംബത്തിനും അപകടം

പശ്ചിമബംഗാളിൽ മുൻ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ടു. സന്ദേശ്ഖലിയിലാണ് സംഭവം. ഭൂമി തട്ടിപ്പുമായും സ്ത്രീകളെ ആക്രമിച്ചതുമായും ബന്ധപ്പെട്ടുള്ള കേസിലെ പ്രധാന സാക്ഷിയായ ഭോലാനാഥ് ഘോഷും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്.

യുക്രെയ്ൻ തിരഞ്ഞെടുപ്പിന് തയ്യാറെന്ന് സെലെൻസ്‌കി

മിസൈൽ ആക്രമണങ്ങൾക്കിടയിൽ സുരക്ഷ ഉറപ്പു നൽകുമെങ്കിൽ അടുത്ത 60 മുതൽ 90 ദിവസത്തിനുള്ളിൽ യുക്രെയ്‌നിൽ തിരഞ്ഞെടുപ്പ് നടത്താൻ തയാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. താൻ അധികാരത്തിൽ കടിച്ചുതൂങ്ങുകയാണെന്ന ആരോപണം തള്ളിയ സെലെൻസ്‌കി, സുരക്ഷയാണ് തന്റെ പ്രധാന ആശങ്കയെന്നും പറഞ്ഞു.

മിയാമി മേയർ തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റ് നേതാവിന് അട്ടിമറിജയം

യുഎസിലെ മിയാമിയിൽ മേയർ തിരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി നൽകി ഡെമോക്രാറ്റ് നേതാവായ ഐലീൻ ഹിഗിൻസിനു (61) അട്ടിമറിജയം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി എമീലിയോ ഗൊൺസാലസിനെ തോൽപിച്ചാണു മൂന്നുദശകത്തിനുശേഷം മിയാമിയിൽ ഡെമോക്രാറ്റുകളുടെ തിരിച്ചുവരവ്.

ജൂനിയർ ഹോക്കി ലോകകപ്പ്: ജർമ്മനിക്ക് കിരീടം, ഇന്ത്യക്ക് വെങ്കലം

ജൂനിയർ ഹോക്കി ലോകകപ്പ് നിലനിർത്തി ജർമ്മനി. ഫൈനലിൽ സ്പെയ്നിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ 3-2 സ്‌കോറിൽ കീഴടക്കിയാണ് ജർമൻ ടീം കപ്പുയർത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1 – 1 ന് സമനിലയിലായിരുന്നു. ലൂസേഴ്സ് ഫൈനലിൽ അർജന്റീനയെ 4-2 ന് തകർത്ത് ഇന്ത്യ വെങ്കലം സ്വന്തമാക്കി.

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 ഇന്ന്

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ രണ്ടാം ട്വന്റി20 മത്സരം ഇന്ന് മൊഹാലിയിൽ. വൈകീട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

മൈക്രോസോഫ്റ്റ് ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കും

ലോകത്തെ ഏറ്റവും വലിയ ടെക് ഭീമന്മാരില്‍ ഒന്നായ മൈക്രോസോഫ്റ്റ് ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപ (17.5 ബില്യൺ ഡോളർ) നിക്ഷേപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയ ശേഷമാണ് കമ്പനി സി.ഇ.ഒ സത്യ നദെല്ല ഈ പ്രഖ്യാപനം നടത്തിയത്. മൈക്രോസോഫ്റ്റിന്റെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്. 2026 മുതൽ 2029 വരെ നാല് വർഷങ്ങൾക്കുള്ളിലാകും നിക്ഷേപം. രാജ്യത്തെ ക്ലൗഡ്, എ.ഐ ഇൻഫ്രാസ്ട്രക്ചർ എന്നിവ വികസിപ്പിക്കുക, ജീവനക്കാർക്ക് ഉയർന്ന പരിശീലനം നൽകുക എന്നിവയാണ് ഈ നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ ഗൂഗിളും ആമസോണും ഉൾപ്പെടെയുള്ള വമ്പൻ ടെക് കമ്പനികൾ മത്സരിക്കുന്നതിനിടെയാണ് മൈക്രോസോഫ്റ്റിന്റെ ഈ പ്രഖ്യാപനം. ഗൂഗിൾ അടുത്തിടെ ഇന്ത്യയിൽ 15 ബില്യൺ ഡോളർ (ഏകദേശം 1.13 ലക്ഷം കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ആമസോൺ വെബ് സർവീസസ് 8 ബില്യൺ ഡോളറിന്റെ (71,000 കോടി രൂപ) നിക്ഷേപം നടത്താനും പദ്ധതിയിടുന്നുണ്ട്.

പ്രഭാസ് ചിത്രം ‘രാജാസാബ്’: 30 ദിവസം മാത്രം

കോരിത്തരിപ്പിക്കുന്ന ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറർ – ഫാന്റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താൻ ഇനി 30 ദിനങ്ങൾ കൂടി. ജനുവരി 9-നാണ് ‘രാജാസാബി’ന്റെ വേൾഡ് വൈഡ് റിലീസ്. പേടിപ്പെടുത്തുന്നതും അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായെത്തിയ ‘റിബൽ സാബ്’ ഏവരിലും വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്.

നന്ദമുരി ബാലകൃഷ്ണയുടെ ‘അഖണ്ഡ 2’ റിലീസ് നാളെ

നന്ദമുരി ബാലകൃഷ്ണ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘അഖണ്ഡ 2’. ഡിസംബർ 12 നാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുക. യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’, ഇവരുടെ മുൻ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ച ആയാണ് അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ ആണ് ഈ ചിത്രത്തിൽ നന്ദമൂരി ബാലകൃഷ്ണ എത്തുന്നത്. അദ്ദേഹത്തിന്റെ പഞ്ച് ഡയലോഗുകളും ഗംഭീര ആക്ഷനും ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ദൈവിക ശക്തിയുള്ള കരുത്തനായ അഘോരി സന്യാസി ആയാണ് ബാലകൃഷ്ണയുടെ പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാളി താരം സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്‌മാണ്ഡ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹർഷാലി മൽഹോത്ര, കബീർ സിങ്, അച്ച്യുത് കുമാർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

പുതുതലമുറ കിയ സെൽറ്റോസ് ഇന്ത്യൻ വിപണിയിൽ

പ്രമുഖ ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയയുടെ പുതുതലമുറ സെൽറ്റോസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബ്രാൻഡിന്റെ മിഡ് – സൈസ് എസ് യുവിയാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളും അഞ്ചു ട്രിം ലെവലുകളുമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ബുക്കിങ് ആരംഭിച്ചു. ജനുവരി 2ന് വില പ്രഖ്യാപിക്കും. മൂന്ന് പവർട്രെയിൻ ഓപ്ഷനുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്: 113bhp ഉം 144Nm ഉം ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ (എൻട്രി ലെവൽ); 158bhp ഉം 253Nm ഉം ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ GDi (മികച്ച ഓപ്ഷൻ); 118bhp ഉം 260Nm ഉം ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ. വിവിധ ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി എഞ്ചിനെ ബന്ധിപ്പിച്ചിട്ടുണ്ട്. വില 12 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.

പുസ്തക പരിചയം: ‘കൺമുന്നിൽ സമുദ്രം’ (സി വി ബാലകൃഷ്ണൻ)

നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന കാമനകളുടെ ജലകന്യയെ നിരസിക്കുവാനാവാതെ സ്വന്തം വിധിയുടെ സാഗരം താണ്ടുന്ന ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതകഥ. സമുദ്രത്തിന്റെ ആഴ നീലിമയില്‍ ആ ജലകന്യക അയാളെ കൊണ്ടുപോകുന്നത് വര്‍ണാഭമായ രതിരഥ്യകളിലൂടെയാണ്. എങ്കിലും ആര്‍ത്തലയ്ക്കുന്ന കടല്‍പ്പരപ്പിന്റെ രൗദ്രയാഥാര്‍ഥ്യങ്ങളിലേക്കു പൊന്തി വന്നേ തീരൂ. അതാണു ജീവിതം. ‘കണ്‍മുന്നില്‍ സമുദ്രം’. സി വി ബാലകൃഷ്ണൻ. എച്ച്ആൻഡ്സി ബുക്സ്. വില 90 രൂപ.

കണങ്കാലിലെ നീര്: കാരണങ്ങൾ

കണങ്കാലിലോ, കാലുകളിലോ സ്ഥിരമായി നീര് വയ്ക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളുടെയും സൂചനയാകാം. പ്രധാന കാരണങ്ങൾ താഴെ നൽകുന്നു:

  • ഹൃദയസംബന്ധമായ പ്രശ്നങ്ങൾ: ഹൃദയത്തിന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ, ശരീരത്തിലെ രക്തയോട്ടം കുറയുകയും കാലുകളിലും കണങ്കാലിലുമൊക്കെ ദ്രാവകങ്ങൾ കെട്ടിക്കിടന്ന് നീരു വയ്ക്കാം.
  • ഡീപ് വെയ്ൻ ത്രോംബോസിസ് (DVT): കാലുകളിലെയോ കൈകളിലെയോ ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയായ ഡീപ് വെയ്ൻ ത്രോംബോസിസിന്റെ ലക്ഷണമാണ് കണങ്കാലുകളിലെ നീര്.
  • വൃക്കരോഗങ്ങൾ: വൃക്കരോഗികളിലും കണങ്കാലുകളിൽ നീര് വയ്ക്കാറുണ്ട്. ഹൈപ്പർ ടെൻഷൻ, കുറഞ്ഞ മൂത്രത്തിന്റെ അളവ്, ക്ഷീണം, മൂത്രത്തിൽ രക്തം, മൂത്രത്തിന് കടുത്ത നിറം, വിശപ്പില്ലായ്മ, ചർമത്തിന് ചൊറിച്ചിൽ, വിളർച്ച, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ എന്നിവയും വൃക്ക രോഗ ലക്ഷണങ്ങളാണ്.
  • ഹൈപോതൈറോയ്ഡിസം: തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോൺ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണിത്. പേശികളിലും സന്ധികളിലും വേദന, ദൃഢത, നീര് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
  • സെല്ലുലൈറ്റിസ്: ചർമത്തിനുണ്ടാകുന്ന ബാക്ടീരിയൽ അണുബാധയാണ് സെല്ലുലൈറ്റിസ്. ഇതിന്റെ ഭാഗമായി കാലുകളിൽ നീര്, ചർമത്തിന് ചുവന്ന നിറം, പുകച്ചിൽ തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം. ചികിത്സിക്കാതെ വിട്ടാൽ രോഗിയുടെ ജീവന് തന്നെ ഇത് ഭീഷണിയാകാം.
  • കരൾ രോഗം: കരൾ രോഗം മൂലം ആവശ്യത്തിന് ആൽബുമിൻ ഉത്പാദിപ്പിക്കാതെ വരുന്നതോടെ ദ്രാവകങ്ങൾ കാലുകളിലും കണങ്കാലിലും വയറിലുമൊക്കെ അടിഞ്ഞു കൂടാൻ തുടങ്ങും. കാലുകളിൽ നീര് വയ്ക്കുമ്പോൾ കരളിന്റെ ആരോഗ്യവും ഇതിനാൽ പരിശോധനയ്ക്ക് വിധേയമാക്കണം.
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here