കൊല്ലം: എസ്ഐആര്‍ എന്യൂമറേഷന്‍ ഫോം തിരികേ ചോദിച്ച ബിഎല്‍ഒയ്ക്ക് മര്‍ദനം. കൊല്ലം അമ്പലംകുന്ന് നെട്ടയത്താണ് സംഭവം. 23-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ ആദര്‍ശിനാണ് മര്‍ദനമേറ്റത്. ജോലിയുടെ ഭാഗമായി അജയന്‍ എന്ന വ്യക്തിയുടെ വീട്ടിലെത്തി എസ്ഐആര്‍ ഫോം തിരികെ ചോദിച്ചപ്പോള്‍ തട്ടിക്കയറുകയും കൈയേറ്റം നടത്തുകയും ചെയ്തെന്നാണ് ബിഎല്‍ഒ വ്യക്തമാക്കുന്നത്. ഫോം ചോദിച്ച് അന്‍പത് തവണ വന്നാലും തിരികെ തരില്ലെന്ന് പറഞ്ഞാണ് ഇദ്ദേഹം തട്ടിക്കയറിയതെന്നും ബിഎല്‍ഒ പറയുന്നു.
അജയന്‍ നെഞ്ചില്‍ പിടിച്ച് തള്ളുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തെന്നും ബിഎല്‍ഒ വ്യക്തമാക്കുന്നു. ഇയാള്‍ നാട്ടിലെ ഒരു പൊതുശല്യമാണെന്നും നിരവധി കേസുകളിലെ പ്രതിയാണെന്നും ബിഎല്‍ഒ പറഞ്ഞു. ഇതിനു മുന്‍പും ഫോം തിരികെ ചോദിച്ച് ആറുതവണ ആദര്‍ശ് അജയന്റെ വീട്ടിലെത്തിയിരുന്നു. ബുധനാഴ്ച ഏഴാംതവണയും ഇതേ ആവശ്യവുമായി വന്നപ്പോഴാണ് വീട്ടുകാരന്‍ പ്രകോപനം സൃഷ്ടിക്കുകയും മര്‍ദിക്കുകയും ചെയ്തത്.
ഒട്ടേറെപ്പേര്‍ നോക്കിനില്‍ക്കേയാണ് ഉദ്യോഗസ്ഥനുനേരെ കടന്നാക്രമണമുണ്ടായത്. പൊല്ലൂരിലെ പിഡബ്ല്യുഡി ഓഫീസില്‍ സീനിയര്‍ ക്ലാര്‍ക്കായി ജോലിചെയ്യുകയാണ് ആദര്‍ശ്. സംഭവത്തില്‍ പൂയപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
































