വന്ദേമാതരത്തിന്റെ പേരില്‍ നെഹ്‌റുവിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി
വന്ദേമാതരത്തിന്റെ പേരിലും ജവഹര്‍ലാല്‍ നെഹ്റുവിനെ വിമര്‍ശിച്ച് ബിജെപിയും പ്രധാനമന്ത്രിയും രംഗത്ത്. വന്ദേമാതരത്തെ നെഹ്റു എതിര്‍ത്തത് മുഹമദാലി ജിന്ന എതിര്‍ത്തതിനാലാണെന്ന വിമര്‍ശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ ഉന്നയിച്ചത്. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു മോദിയുടെ വിമര്‍ശനം. 1937-ലെ സമ്മേളനത്തില്‍ വര്‍ഗീയ അജണ്ടയുടെ ഭാഗമായി ഗാനത്തെ അനാദരിച്ചുവെന്നും ചുരുക്കിയ രൂപം സ്വീകരിച്ചുവെന്നുമാണ് ബിജെപിയുടെ നേരത്തെയുള്ള ആരോപണം. 1875 നവംബറില്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതിയ വന്ദേമാതരം എന്ന കവിതയിലെ ഹിന്ദു ദേവതകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മുസ്ലീം സമൂഹത്തിലെ ചിലര്‍ക്ക് സ്വീകാര്യമല്ലാത്തതിനാലാണ് ശ്ലോകങ്ങള്‍ ഒഴിവാക്കിയതെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്.
നെഹ്‌റു വിമർശനത്തിനെതിരെ പ്രിയങ്കാ ഗാന്ധി; ‘ജിന്നയുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്നത് കെട്ടിച്ചമച്ച നുണ’
നെഹ്‌റു വന്ദേമാതരത്തെ എതിര്‍ത്തത് മുഹമദാലി ജിന്ന എതിര്‍ത്തതിനാലാണെന്ന മോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മുസ്ലിം ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി വന്ദേമാതരത്തിലെ പ്രധാന വരികള്‍ നെഹ്റു ഒഴിവാക്കിയെന്ന വിമര്‍ശനം വര്‍ഗീയ വാദികള്‍ പിന്നീട് നിര്‍മിച്ച നുണയാണെന്ന് 1937ല്‍ നെഹ്റു സുഭാഷ് ചന്ദ്രബോസിന് എഴുതിയ കത്ത് ചൂണ്ടികാട്ടി പ്രിയങ്ക മറുപടി നല്‍കി. അതേസമയം പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ വന്ദേ മാതരം ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത് ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനാണെന്നും വരാനിരിക്കുന്ന ബംഗാള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും പ്രിയങ്ക ആരോപിച്ചു. നിങ്ങള്‍ തിരഞ്ഞെടുപ്പുകള്‍ക്കായും ഞങ്ങള്‍ രാജ്യത്തിനായുമാണ് നിലകൊള്ളുന്നതെന്നും രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
നെഹ്‌റുവിന്‍റെ സംഭാവനകള്‍ ഓർമ്മിപ്പിച്ച് പ്രിയങ്കാ ഗാന്ധി; പാര്‍ലമെന്റില്‍ കടന്നാക്രമണം
പ്രധാനമന്ത്രിയും ബിജെപിയും തുടര്‍ച്ചയായി നടത്തുന്ന നെഹ്‌റു വിമര്‍ശനങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ ശക്തമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി. മോദി 12 വര്‍ഷമായി പ്രധാനമന്ത്രിയാണെന്നും നെഹ്‌റു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് ഇത്രയും കാലം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക ഓർമ്മിപ്പിച്ചു. പിന്നീട് 17 വര്‍ഷം പ്രധാനമന്ത്രിയായ കാലയളവില്‍ നെഹ്‌റു സ്ഥാപിച്ച ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ, ഐഐടികള്‍, ഐഐഎമ്മുകള്‍, എയിംസ് തുടങ്ങിയ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയില്‍ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിയും കോവിഡിനെ നേരിടാൻ എയിംസ് പോലുള്ള സ്ഥാപനങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടിയും പ്രിയങ്ക ചോദ്യങ്ങൾ ഉന്നയിച്ചു.
സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലെ ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 36,630 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് പോളിങ്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15,432 പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിനായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പ്; രണ്ട് സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് മാറ്റി
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ വെട്ടത്ത് ഹസീന (52) മരിച്ചതിനെ തുടര്‍ന്ന് വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചു. ഇന്നലെ രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡായ വിഴിഞ്ഞം 66-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസില്‍ ജസ്റ്റിന്‍ ഫ്രാന്‍സിസ് അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ഈ വാര്‍ഡിലെ തിരഞ്ഞെടുപ്പും മാറ്റി വെച്ചു.
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ കുറ്റവിമുക്തനാക്കി, മറ്റ് ആറ് പ്രതികളെ സെൻട്രൽ ജയിലിൽ എത്തിച്ചു
നടിയെ ആക്രമിച്ച കേസില്‍ കോടതി ശിക്ഷിച്ച ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. അതേസമയം ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കി നടിയെ ബലാല്‍സംഗം ചെയ്യിപ്പിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ദിലീപ് അടക്കം നാലു പ്രതികളെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം.വര്‍ഗീസ് വെറുതെവിട്ടത്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന വാദം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സാറാ ജോസഫ്; ‘ഈ വിധി തള്ളിക്കളയുന്നു’
നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി വന്നതിനു പിന്നാലെ എഴുത്തുകാരി സാറാ ജോസഫ് വിമര്‍ശനവുമായി രംഗത്തെത്തി. ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനാണ്, തകര്‍ന്നു വീഴുന്നതിനുപകരം നിവര്‍ന്നുനിന്ന് വിളിച്ചുപറഞ്ഞ് ആ പെണ്‍കുട്ടി അവന്റെ മോന്തക്ക് ചവിട്ടിയ നിമിഷം അവള്‍ ജയിച്ചതാണെന്നും സത്യത്തിന്റെ ജ്വലനമാണതെന്നും സാറാ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കോടതി വിധി തള്ളിക്കളയുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
കോടതി വിധിയിൽ നിരാശയുണ്ട്, അത്ഭുതമില്ല: ദീദി ദാമോദരൻ
നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധിയില്‍ നിരാശ ഉണ്ടെന്നും എന്നാല്‍ അദ്ഭുതം ഇല്ലെന്നും ദീദി ദാമോദരന്‍ പ്രതികരിച്ചു. അതിജീവിക്കാന്‍ ശ്രമിക്കുന്നവരെ തോല്‍പ്പിക്കാനാണു ശ്രമം നടന്നതെന്നും വലിയ നിരാശയാണ് തോന്നുന്നതെന്നും ദീദി ദാമോദരന്‍ പറഞ്ഞു. സിനിമ സംഘടനകള്‍ ദിലീപിനെ പുറത്തു നിര്‍ത്തിയല്ല പ്രവര്‍ത്തിച്ചിരുന്നതെന്നും ജയിലില്‍ കാണാന്‍ പോയത് അവര്‍ തന്നെയാണെന്നും ദിലീപിനെ അവര്‍ പുറത്തു നിര്‍ത്തിയതായി തോന്നിയിട്ടില്ലെന്നും ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിലെന്ന് സുഹൃത്തുക്കൾ; അപ്പീലിന് ഒരുങ്ങി സംസ്ഥാന സർക്കാർ
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടതോടെ അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിലാണെന്ന് സുഹൃത്തുക്കൾ. ‘അവൾക്കൊപ്പം’ ക്യാംപെയ്ൻ വീണ്ടും സജീവമാക്കിയ പെൺകൂട്ടായ്മ വിധിയിൽ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. വിധി പകർപ്പ് പരിശോധിച്ച് ഹൈക്കോടതിയിൽ അപ്പീലിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാരെങ്കിലും കടുത്ത നിരാശയിൽ തുടരുന്ന അതിജീവിത അക്കാര്യം തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.
നടിയെ ആക്രമിച്ച കേസ്: കോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരന്‍ തമ്പി
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ബംഗാളി നോവലിസ്റ്റ് ബിമല്‍ മിത്ര എഴുതിയ ‘വിലയ്ക്കു വാങ്ങാം’ എന്ന പുസ്തകം മൂന്നാം തവണ വായിക്കുകയാണെന്ന് ഫേയ്സ്ബുക്കില്‍ കുറിച്ച ശ്രീകുമാരന്‍ തമ്പി, ഈ ഭൂമിയില്‍ എന്തിനെയും വിലയ്ക്കു വാങ്ങാമെന്നും സത്യം, നീതി, നന്മ തുടങ്ങിയ മൂല്യങ്ങളെല്ലാം മഹദ്വചനങ്ങളില്‍ ഉറങ്ങുകയാണെന്നും കുറിച്ചു.
തനിക്കെതിരായ ഗൂഢാലോചനക്ക് പിന്നിൽ മഞ്ജു വാര്യർ: ദിലീപ്; മഞ്ജു വാര്യരുടെ പ്രതികരണം വന്നില്ല
നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് മഞ്ജു വാര്യര്‍ നടത്തിയ പ്രതികരണത്തില്‍ നിന്നാണെന്നായിരുന്നു വിധി പ്രസ്താവത്തിന് പിന്നാലെ ദിലീപ് നടത്തിയ പ്രതികരണം. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയും ആരോപിച്ചിരുന്നു. എന്നാല്‍ ദിലീപിന്റെ ആരോപണത്തിലോ വിധിയെ കുറിച്ചോ ഇതുവരെ മഞ്ജു വാര്യര്‍ പ്രതികരിച്ചില്ല.
ക്രിമിനല്‍ ഗുഢാലോചന വാദം കോടതിയില്‍ പൊളിഞ്ഞടുങ്ങി: ദിലീപിന്റെ അഭിഭാഷകന്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസും പ്രോസിക്യൂഷനും ദിലീപിനെതിരെ ചുമത്തിയ ക്രിമിനല്‍ ഗുഢാലോചന വാദം കോടതിയില്‍ പൂര്‍ണമായും പൊളിഞ്ഞടുങ്ങി. ദിലീപിന്റെ ബുദ്ധിയിലുദിച്ച ക്വട്ടേഷന്‍ ബലാത്സംഗമാണ് നടിക്കുനേരെ നടന്നതെന്ന് തെളിയിക്കാന്‍ വിചാരണയുടെ ഒരു ഘട്ടത്തിലും പ്രോസിക്യൂഷന് സാധിച്ചില്ല. ഇതുപോലെ കെട്ടിച്ചമച്ചൊരു കേസ് മുന്‍പ് കണ്ടിട്ടില്ലെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ളയുടെ പ്രതികരണം.
ശരിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയത്: മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍
ശരിയായ തെളിവിന്റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയത് എന്ന് 2017ല്‍ തന്നെ താന്‍ പറഞ്ഞതാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേസുകള്‍ അന്വേഷിക്കേണ്ട രീതി ഇതല്ല. ഒരാളെ പിടികൂടുക, അതിനു ശേഷം അയാള്‍ക്കെതിരെ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക, അതിനുവേണ്ടി വ്യാജമായ കാര്യങ്ങള്‍ ഉണ്ടാക്കുക. ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടതെന്നും സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
വിധിയില്‍ പി ടിയുടെ ആത്മാവിന് തൃപ്തി വരില്ല: ഉമാ തോമസ് എംഎല്‍എ
നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പി ടിയുടെ ആത്മാവിന് തൃപ്തി വരില്ലെന്ന് ഭാര്യയും തൃക്കാക്കര എംഎല്‍എയുമായ ഉമാ തോമസ്. ഫേസ്ബുക്ക് കുറിപ്പിലാണ് ഉമാ തോമസ് ഇക്കാര്യം പറഞ്ഞത്. തെരുവില്‍ ആ പെണ്‍കുട്ടി അപമാനിതയായ വിവരമറിഞ്ഞ രാത്രി ഈ വീട്ടില്‍ നിന്നാണ് പി ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകര്‍ത്തത്. കോടതിക്ക് മുമ്പില്‍ മൊഴി കൊടുക്കാന്‍ പോയത്. അവള്‍ക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നില്‍ രാവും പകലും നിരാഹാരം കിടന്നത്. പി ടിയുടെ ആത്മാവ്, ഇന്നീ വിധിയില്‍ ഒരിക്കലും തൃപ്തിയാകില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ദിലീപിന്റെ കള്ളക്കഥ ആരോപണം പൊലീസ് അന്വേഷിക്കട്ടെ: ജിന്‍സണ്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ കള്ളക്കഥ ആരോപണം പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സണ്‍. നാളിതുവരെ നിലകൊണ്ടത് അതിജീവിയ്ക്കൊപ്പമാണ്. ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഉണ്ട്. ഈ കോടതിയിലെ വിധി പ്രതീക്ഷിച്ചതാണെന്നും ഇനിയും പല കാര്യങ്ങളും വെളിപ്പെടുത്താനുണ്ടെന്നും സമയം പോലെ തുറന്ന് പറയുമെന്നും ജിന്‍സണ്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസ്: വിധിയിൽ നിരാശയുമായി റിമ കല്ലിങ്കലും ഭാഗ്യലക്ഷ്മിയും കെ അജിതയും
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ നിരവധി പേര്‍ രംഗത്ത്. അതിജീവിത നീതി നിഷേധത്തിന്റെ ഷോക്കിലാണെന്നും അവള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നും റിമ കല്ലിങ്കല്‍ പ്രതികരിച്ചു. നേരത്തെ എഴുതിവച്ച വിധിയെന്നാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ കെ അജിത, ദിലീപ് കുറച്ചുനാള്‍ ജയിലില്‍ കിടന്നതു തന്നെ വലിയ കാര്യമെന്നും പ്രതികരിച്ചു.
IFFK സെലക്ഷൻ സ്ക്രീനിംഗിനിടെ ലൈംഗികാതിക്രമം: സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കേസ്
കേരളഅന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സിപിഎം സഹയാത്രികനും മുന്‍ ഇടത് എംഎല്‍എയുമായ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തു. ഹോട്ടല്‍ മുറിയില്‍ വെച്ച് കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ഒരുമാസംമുമ്പാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തുടര്‍ന്ന് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഐഎഫ്എഫ്‌കെയിലേക്കുള്ള മലയാള സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള സമിതിയുടെ അധ്യക്ഷനാണ് പി.ടി. കുഞ്ഞുമുഹമ്മദ്. സമിതി അംഗമാണ് പരാതിക്കാരി.
ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല: സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്
ഐഎഫ്എഫ്കെ സ്‌ക്രീനിംഗിനിടെ ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ്. പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്ന് പറഞ്ഞ കുഞ്ഞുമുഹമ്മദ് തനിക്കെതിരെ മുന്‍പൊരിക്കലും പരാതി ഉണ്ടായിട്ടില്ലെന്നും അവരോട് മാപ്പ് പറയാന്‍ തയാറാണെന്നും അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ: ഉത്തരവ് ഡിസംബര്‍ 10ന്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡിസംബര്‍ പത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ് പറയും. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് അടച്ചിട്ട മുറിയില്‍ വാദം കേട്ടത്. ജാമ്യാപേക്ഷയില്‍ ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ബന്ധിത നിയമനടപടികള്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പോലീസിന് രാഹുലിനെതിരേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാകില്ലെന്നാണ് വിവരം.
ജാതി അധിക്ഷേപം: കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം മേധാവിക്ക് ജാമ്യം
ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം മേധാവി ഡോ. സി.എന്‍. വിജയകുമാരിക്ക് നെടുമങ്ങാട് എസ്സി എസ്ടി കോടതി ജാമ്യം അനുവദിച്ചു. ഗവേഷക വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ വിപിന്‍ വിജയന്‍ നല്‍കിയ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.
ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ചോദ്യം ചെയ്തു
ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ കേസായ ദ്വാരപാലക ശില്‍പ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു. കൊല്ലം വിജിലന്‍സ് കോടതിയാണ് പത്മകുമാറിനെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കിയത്. സ്വര്‍ണക്കൊള്ളയില്‍ ഉന്നത ഇടപെടല്‍ സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു വിശദമായ ചോദ്യം ചെയ്യല്‍. കട്ടിളപ്പാളി കേസിലെ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 12ന് വിധി പറയും.
കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണ അന്ത്യം
കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണ അന്ത്യം. പീലാര്‍മുഴി തെക്കൂടന്‍ വീട്ടില്‍ സുബ്രന്‍(75)ആണ് മരിച്ചത്. ചായ്പന്‍കുഴി പീലാര്‍മുഴിയില്‍ തിങ്കള്‍ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്നും മുന്നൂറ് മീറ്ററോളം അകലെയുള്ള കടയില്‍ ചായ കുടിക്കാന്‍ പോകുന്ന വഴിയാണ് അപ്രതീക്ഷിതമായി കാട്ടാന ആക്രമണുണ്ടായത്.
ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസ്: അച്ഛന്‍ അറസ്റ്റില്‍
നെയ്യാറ്റിന്‍കര നെല്ലിമൂട് ഹയര്‍സെക്കന്ററി സ്‌കൂളിലെ 9 ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. കുട്ടിയെയും അമ്മയെയും മര്‍ദിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അരങ്കമുകള്‍ സ്വദേശി അറസ്റ്റിലായത്. മദ്യപിച്ചുള്ള അച്ചന്റെ സ്ഥിരം മര്‍ദ്ദനം സഹിക്കവയ്യാതെ കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മദ്യലഹരിയില്‍ അച്ഛന്‍ സ്ഥിരം പൂട്ടിയിട്ട് മര്‍ദ്ദിക്കാറുണ്ടെന്ന് പതിനാലുകാരി മൊഴി നൽകി.
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റിൽ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് നിഗമനം. ബിഎസ് എന്‍ എല്‍ ഓഫീസിന് സമീപമുള്ള ഫ്ലാറ്റില്‍ താമസിക്കുന്ന സുമാലിനി ആണ് മരിച്ചത്. ഇവര്‍ കുറച്ച് കാലമായി മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സയിലായിരുന്നെന്ന് പൊലീസ് പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും സിദ്ധരാമയ്യയെ വിലക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലത്തിലെ വോട്ടറായ കെ ശങ്കരയാണ് ഹര്‍ജി നല്‍കിയത്. സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ ബസ് യാത്ര തുടങ്ങി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ അഞ്ച് വാഗ്ദാനങ്ങള്‍ കൈക്കൂലി, അഴിമതി വിഭാഗത്തില്‍പ്പെടുന്നതാണെന്ന് ആരോപിച്ചാണ് ഹര്‍ജി. ഹര്‍ജിക്ക് അടിസ്ഥാനപരമായ കാരണമില്ല എന്ന് ചൂണ്ടിക്കാട്ടി കര്‍ണ്ണാടക ഹൈക്കോടതി ഏപ്രില്‍ 22-ന് തള്ളിയ ഇലക്ഷന്‍ ഹര്‍ജിക്കെതിരെ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ്.
വിമാനങ്ങൾ റദ്ദാക്കിയതിലെ പ്രതിസന്ധി; ഇന്‍ഡിഗോ മറുപടി നല്‍കി, 827 കോടി രൂപ റിഫണ്ട് നൽകി
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. പ്രതിസന്ധി മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ലെന്നും നിര്‍ഭാഗ്യകരമെന്നും മറുപടിയില്‍ പറഞ്ഞ ഇന്‍ഡിഗോ, പ്രതിസന്ധിയില്‍ അത്യധികം ഖേദമുണ്ടെന്നും അറിയിച്ചു. രാജ്യവ്യാപകമായി വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇതുവരെ 827 കോടി രൂപ റിഫണ്ട് നല്‍കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 7 വരെയുള്ള കാലയളവില്‍ വിമാന സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് തിരികെ നല്‍കേണ്ടിയിരുന്ന തുകയാണിത്. ഈ ദിവസങ്ങളിലുണ്ടായ ഇന്‍ഡിഗോ പ്രതിസന്ധി 5.8 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചത്.
ബലാത്സംഗം, ലൈംഗികാതിക്രമം കേസുകൾ; വിവാദപരവും സ്ത്രീവിരുദ്ധവുമായ കോടതി ഉത്തരവുകളിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി
ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളില്‍ രാജ്യത്തുടനീളമുള്ള കോടതികള്‍ പുറപ്പെടുവിക്കുന്ന വിവാദപരവും സ്ത്രീവിരുദ്ധവുമായ ഉത്തരവുകളിലും അഭിപ്രായപ്രകടനങ്ങളിലും സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. ഈ പ്രശ്നം പരിഹരിക്കുന്നതിനായി, കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഹൈക്കോടതികള്‍ക്കായി വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചേക്കുമെന്നും കോടതി അറിയിച്ചു. ഇത്തരം കോടതി ഉത്തരവുകളും അഭിപ്രായങ്ങളും ലൈംഗികാതിക്രമങ്ങളെ അതിജീവിച്ചവരില്‍ ഞെട്ടലുളവാക്കുന്ന ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഗോവ നിശാക്ലബ് തീപ്പിടിത്തം; ക്ലബ്ബിന്റെ ഉടമകൾ തായ്‌ലാന്‍ഡിലേക്ക് കടന്നതായി പോലീസ്
ഗോവയിലെ അര്‍പോറയില്‍ 25 പേരുടെ ദാരുണ മരണത്തിനിടയാക്കിയ തീപ്പിടിത്തം നടന്ന ‘ബിര്‍ച്ച് ബൈ റോമിയോ ലേന്‍’ എന്ന നിശാക്ലബ്ബിന്റെ ഉടമകള്‍ തായ്‌ലാന്‍ഡിലേക്ക് കടന്നതായി പോലീസ്. സൗരഭ് ലുത്ര, സഹോദരന്‍ ഗൗരവ് എന്നിവരാണ് ഞായറാഴ്ച അപകടം നടന്നയുടന്‍തന്നെ തായ്‌ലാന്‍ഡിലേക്ക് മുങ്ങിയത്.
മുഖ്യമന്ത്രിയാകാന്‍ 500 കോടി; വിവാദ പരാമര്‍ശം: നവ്ജ്യോത് കൗര്‍ സിദ്ദുവിനെ കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു
നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്ജ്യോത് കൗര്‍ സിദ്ദുവിനെ കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയാകാന്‍ 500 കോടിയുള്ളവര്‍ക്കേ സാധിക്കൂ എന്ന വിവാദ പരാമര്‍ശത്തിനു പിന്നാലെയാണ് നവ്ജ്യോത് കൗര്‍ സിദ്ദുവിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.
ടോള്‍ പിരിവിനുള്ള നിലവിലെ സംവിധാനം ഒരു വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകും: നിതിന്‍ ഗഡ്കരി
ടോള്‍ പിരിവിനുള്ള നിലവിലെ സംവിധാനം ഒരു വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ആവര്‍ത്തിച്ചു. തടസ്സമില്ലാതെ യാത്ര ഉറപ്പാക്കുന്നതിനുള്ള പുതിയ ഒരു ഇലക്ട്രോണിക് സംവിധാനം ഒരുക്കുമെന്നാണ് മന്ത്രി ഉറപ്പുനല്‍കിയിരിക്കുന്നത്.
കൊല്‍ക്കത്തയില്‍ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് ഗീതാപാരായണ പരിപാടി
കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് ഗീതാപാരായണ പരിപാടി നടന്നു. സനാതന്‍ സംസ്‌കൃതി സന്‍സദ് എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ‘ബാബറി മസ്ജിദ്’ മാതൃകയില്‍ നിര്‍മ്മിക്കുന്ന പള്ളിക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എ തറക്കല്ലിട്ടതിന്റെ അടുത്ത ദിവസമാണ് പരിപാടി സംഘടിപ്പിച്ചത്.
പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ പട്ടാള അട്ടിമറി
പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനില്‍ പട്ടാള അട്ടിമറി. പ്രസിഡന്റ് പാട്രിക് ടെലോണിനെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചു. അതേസമയം കലാപം തടഞ്ഞതായി സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ദേശീയ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാണ് മിലിട്ടറി കമ്മിറ്റി ഫോര്‍ റീഫൗണ്ടേഷന്‍ എന്ന പേരിലുള്ള സൈനികോദ്യോഗസ്ഥരുടെ സംഘം അട്ടിമറിവിവരം രാജ്യത്തെ അറിയിച്ചത്. ഭരണഘടന റദ്ദാക്കിയതായും എല്ലാ കര-വ്യോമാതിര്‍ത്തികളും അടച്ചതായും സൈന്യം ടെലിവിഷനിലൂടെ അവകാശപ്പെട്ടു.
കുടിയേറ്റക്കാരെ അധിക്ഷേപിച്ച യുഎസ് വൈസ് പ്രസിഡന്റിന് വിമർശനം; ഭാര്യ ഇന്ത്യൻ വംശജ
കുടിയേറ്റക്കാരെ അധിക്ഷേപിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന് രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്നു. ‘കൂട്ടമായുള്ള കുടിയേറ്റം അമേരിക്കക്കാരുടെ സ്വപ്നങ്ങളെ കവര്‍ന്നെടുക്കുന്നു’ എന്നാണ് ജെ ഡി വാന്‍സ് പറഞ്ഞത്. പിന്നാലെ ‘താങ്കളുടെ ഭാര്യ കുടിയേറ്റ കുടുംബത്തില്‍ നിന്നുള്ള ഇന്ത്യക്കാരിയല്ലേ’ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.
ജപ്പാനില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത, സുനാമി മുന്നറിയിപ്പ്
ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി. ജപ്പാന്റെ വടക്കന്‍ തീരത്താണ് ഭൂചലനം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യാ – ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഇന്ത്യാ – ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ വൈകീട്ട് 7 മണിക്ക് ആരംഭിക്കും.
കൊച്ചി കപ്പല്‍ശാലയ്ക്ക് യൂറോപ്യന്‍ കമ്പനിയായ സ്വിറ്റ്സറില്‍ നിന്ന് സുപ്രധാനമായ ഓര്‍ഡര്‍
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പല്‍ശാലയ്ക്ക് യൂറോപ്യന്‍ കമ്പനിയായ സ്വിറ്റ്സറില്‍ നിന്ന് അത്യാധുനികമായ ഇലക്ട്രിക് ട്രാന്‍സ്വേഴ്‌സ് ടഗ്ഗുകള്‍ (Transverse Tugs) നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള സുപ്രധാനമായ ഓര്‍ഡര്‍ ലഭിച്ചു. 70 ടണ്‍ ബൊല്ലാര്‍ഡ് പുള്ളുള്ള, 26 മീറ്റര്‍ നീളമുള്ള, നാല് പൂര്‍ണ്ണ ഇലക്ട്രിക് ട്രാന്‍സ്വേഴ്‌സ് ടഗ്ഗുകളാണ് നിര്‍മ്മിക്കുക. കൂടാതെ, നാല് അധിക കപ്പലുകള്‍ കൂടി നിര്‍മ്മിക്കാനുള്ള കരാറും ഇതില്‍ ഉള്‍പ്പെടുന്നു. ഏകദേശം 250-500 കോടി രൂപ മൂല്യമുള്ള ‘സിഗ്‌നിഫിക്കന്റ്’ വിഭാഗത്തില്‍ പെടുന്നതാണ് കരാര്‍. 2027 അവസാനത്തോടെ കപ്പലുകളുടെ നിര്‍മ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ കൈവശം ഏകദേശം 20,000 കോടി രൂപയുടെ ഓര്‍ഡറുകളാണുള്ളത്.
കുടുംബ ചിത്രം ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ ട്രെയിലർ റിലീസായി; ചിത്രം ഡിസംബർ 12ന് തിയേറ്ററുകളിൽ
ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ മനോഹരമായ കുടുംബ ചിത്രം ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. ഡിസംബര്‍ 12ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും. അമ്പലമുക്ക് എന്ന നാട്ടിന്‍പുറത്തെ മനോഹരമായ കാഴ്ചകളും കുടുംബ ബന്ധങ്ങളും ഇഴചേരുന്ന ഫാമിലി എന്റെര്‍റ്റൈനെര്‍ ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്നു. മേജര്‍ രവി, അസീസ് നെടുമങ്ങാട്, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ഹരികൃഷ്ണന്‍, മനോജ് ഗിന്നസ്, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധാനം രഞ്ജിന്‍ രാജും അഡീഷണല്‍ ഗാനം അരുള്‍ ദേവും ഒരുക്കുന്നു.
റോഷന്‍ മാത്യുവിന്റെ പാന്‍-ഇന്ത്യന്‍ ചിത്രം ‘ചത്ത പച്ച’: കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ പാന്‍-ഇന്ത്യന്‍ ചിത്രം ‘ചത്ത പച്ച’യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുതിയ ഉയരങ്ങളില്‍ എത്തിനില്‍ക്കുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ റോഷന്‍ മാത്യുവിന്റെ ‘വെട്രി’ യുടെ കാരക്ടര്‍ പോസ്റ്റര്‍ ടീം പുറത്തുവിട്ടു. സിനിമയില്‍ നടന്റെ ശ്രദ്ധേയമായ പത്ത് വര്‍ഷത്തെ കരിയറിനോടുള്ള ആദരസൂചകമായാണ് ഈ പോസ്റ്റര്‍ റിലീസ്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ഷിഹാന്‍ ഷൗക്കത്ത്, റിതേഷ്, രമേഷ് എസ്. രാമകൃഷ്ണന്‍, ഷൗക്കത്ത് അലി എന്നിവര്‍ ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന ‘ചത്ത പച്ച’ നവാഗത സംവിധായകന്‍ അദ്വൈത് നായരാണ് ഒരുക്കുന്നത്. കേരളത്തിലെ സ്ട്രീറ്റ് കള്‍ച്ചറും റെസ്റ്റ്‌ലിങ് കള്‍ച്ചറും സമന്വയിപ്പിച്ച കഥയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു തീപ്പൊരി മലയാള സിനിമയാണിത്. അര്‍ജുന്‍ അശോകന്‍, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരും മലയാളം സിനിമയിലെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശങ്കര്‍എഹ്സാന്‍ലോയ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ജനുവരിയിലാണ് ചിത്രം റിലീസിനെത്തുക.
ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ സിയറ എസ്യുവിയുടെ വില വിവരങ്ങൾ പുറത്ത്
ടാറ്റ മോട്ടോഴ്‌സ് പുതിയ സിയറ എസ്യുവിയുടെ വേരിയന്റുകളുടെയും വിലയും വെളിപ്പെടുത്തി. അഡ്വഞ്ചര്‍, അഡ്വഞ്ചര്‍+, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ്+ എന്നീ ഉയര്‍ന്ന വകഭേദങ്ങള്‍ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂ. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമായ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്+ ട്രിമിന്റെ പെട്രോള്‍ വേരിയന്റിന് 11.49 ലക്ഷവും ഡീസല്‍ വേരിയന്റിന് 12.99 ലക്ഷവുമാണ് വില. പ്യുവര്‍ ട്രിമ്മില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഉണ്ട്. 12.99 ലക്ഷം മുതല്‍ 15.99 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. പ്യുവര്‍+ വേരിയന്റുകള്‍ക്ക് 14.49 ലക്ഷം മുതല്‍ 17.49 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. ടാറ്റ സിയറ നിര ആറ് നിറങ്ങളില്‍ ലഭ്യമാണ് – കൂര്‍ഗ് ക്ലൗഡ്, പ്രിസ്റ്റൈന്‍ വൈറ്റ്, മൂന്നാര്‍ മിസ്റ്റ്, പ്യുവര്‍ ഗ്രേ, ആന്‍ഡമാന്‍ അഡ്വഞ്ചര്‍, ബംഗാള്‍ റൂഷ്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വരുന്നത് – 106ബിഎച്പി/145എന്‍എം 1.5എല്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 160ബിഎച്പി/255എന്‍എം 1.5എല്‍ 4സിലിണ്ടര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ ടര്‍ബോ പെട്രോള്‍, 118ബിഎച്പി/260-280എന്‍എം 1.5എല്‍ ടര്‍ബോ ഡീസല്‍.
കെ.ആര്‍ ഇന്ദ്രന്റെ പുതിയ കഥാസമാഹാരം ‘വിഹ്വലതകളുടെ വിഹാരഭൂവില്‍’
കഥകള്‍ അവസാനമില്ലാതെ തുടരുന്നു. പുതിയ രംഗങ്ങളില്‍, പുതിയ വേദികളില്‍. പുതിയ വഴിവിളക്കുകളും നിഴലുകളും മാറി മാറി വരുന്നു. പോയ തലമുറയിലെ സാന്നിദ്ധ്യവും അനുഭവങ്ങളും വര്‍ത്തമാനകാലത്തിലെ വിഹ്വലതകളുമാണ് കെ.ആര്‍ ഇന്ദ്രന്റെ ഈ കഥാസമാഹാരത്തിലെ കഥകളുടെ നേര്‍ത്ത തന്തു. വായിക്കുന്നവരെ സ്വയം നവീകരിക്കുന്നു എന്നതുതന്നെയാണ് ഈ കഥകളുടെ പൊതുസ്വഭാവം. നന്മയ്ക്കായി മാത്രം കഥാകാരന്‍ സഹൃദയരുടെ മുന്നില്‍ വെയ്ക്കുന്ന കഥാസമാഹാരം. ഗ്രീന്‍ ബുക്സ് ആണ് പ്രസാധകർ. വില 142 രൂപ.
ബ്രെഡ് ഓംലെറ്റ് ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബ്രെഡ് ഓംലെറ്റ് ഒരു ഹെല്‍ത്തി ബ്രെക്ക്ഫാസ്റ്റ് ആണെങ്കിലും അതിന്റെ പോഷകമൂല്യം ചേരുവകളുടെ അടിസ്ഥാനത്തിലാണ് അളക്കേണ്ടതെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. ചേരുവകളും അളവും ബാലന്‍സ്ഡ് ആണെങ്കില്‍ എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിന് ഇത് കഴിക്കുന്നത് ആരോഗ്യകരമാണ്. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി എന്നിവ ഓംലറ്റിലുണ്ട്. ബ്രെഡില്‍ ഊര്‍ജ്ജിത്തിനായുള്ള കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചേരുമ്പോള്‍ ഒരു ദിവസം തുടങ്ങാന്‍ ആവശ്യമായ മാക്രോന്യൂട്രിയന്റുകള്‍ ലഭിക്കുന്നു. മുഴുധാന്യ ബ്രഡും മള്‍ട്ടി ഗ്രെയ്ന്‍ ബ്രഡും നാരുകള്‍ ധാരാളം അടങ്ങിയതും ദഹനത്തിന് സഹായിക്കുന്നതുമാണ്. എന്നാൽ വൈറ്റ് ബ്രെഡ് മൈദ കൊണ്ടുണ്ടാക്കിയതിനാല്‍ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാന്‍ കാരണമാകും. അതുപോലെ കൂടിയ അളവില്‍ എണ്ണയും ബട്ടറും ചേര്‍ത്ത് ഓംലറ്റ് ഉണ്ടാക്കുന്നതും അനാരോഗ്യകരമാണ്. ഓംലെറ്റിൽ പച്ചച്ചീര, തക്കാളി തുടങ്ങിയവ ചേര്‍ക്കുന്നത് പോഷകമൂല്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും. മുട്ടയും ബ്രെഡും ജലാംശം കുറഞ്ഞ ഭക്ഷണങ്ങളായതുകൊണ്ട് ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ബ്രേക്ക്ഫാസ്റ്റിന് ചായ, കാപ്പി പോലുള്ള കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കി ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്. കഫീന്‍ നിര്‍ജ്ജലീകരണം വഷളാക്കും.



































