കേരളം സ്റ്റാര്‍ട്ട് അപ്പ് പറുദീസയായി മാറിയെന്നും, തുടര്‍ഭരണം ആണ് ഇന്ന് കാണുന്ന നേട്ടങ്ങള്‍ക്ക് കേരളത്തെ സഹായിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായ് സന്ദര്‍ശനത്തിനിടയിലെ പൊതുപരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കിഫ്ബി മസാല ബോണ്ടിലെ ഇഡി നോട്ടീസ് പരാമര്‍ശിക്കാതെ കിഫ്ബിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രസംഗം. സംസ്ഥാനത്തിന്റെ പശ്ചാത്തല അടിസ്ഥാന സൗകര്യ വികസനത്തിന് 96,000 കോടി രൂപ കിഫ്ബി വഴി ചെലവിട്ടെന്നും ുമഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ മാറ്റിവെക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഎല്‍ഒമാരുടെ മരണം എസ്‌ഐആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ തള്ളണമെന്നും ആവശ്യപ്പെട്ട് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യാവാങ്മൂലം നല്‍കി. എസ്‌ഐആര്‍ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍. ജാമ്യാപേക്ഷ തള്ളിയ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്. രാഹുല്‍ ഈശ്വറിനെ പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റും.
ജയിലില്‍ നിരാഹാരമിരിക്കുമെന്ന് അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ റിമാന്റിലായ രാഹുല്‍ ഈശ്വര്‍. ഇത് ആണുങ്ങള്‍ക്ക് വേണ്ടിയുള്ള സമരമാണ്. കോടതി പറയുന്നത് പച്ചക്കള്ളമാണെന്നും പൊലീസ് തെറ്റിദ്ധരിപ്പിച്ചുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ജാമ്യഹര്‍ജി തള്ളിയതിന് ശേഷം ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും പൊലീസ് വിലക്കിയെങ്കിലും ജീപ്പില്‍ കയറ്റുന്നതിനിടെയാണ് രാഹുല്‍, ജയിലില്‍ നിരാഹാരമിരിക്കുമെന്ന് പ്രതികരിച്ചത്.
രാഹുല്‍ ഈശ്വറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെയും കോടതി ഉത്തരവിന്റെയും വിശദാംശങ്ങള്‍ പുറത്ത്. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്നതാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പരാതിക്കാരിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇയാളുടെ ലാപ്ടോപ്പില്‍ കണ്ടെത്തിയിട്ടുണ്ട്. രാഹുല്‍ തയ്യാറാക്കിയ വീഡിയോകള്‍ പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലാണെന്നും പ്രതി സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്നയാളാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സമാന രീതിയിലുള്ള മറ്റ് കേസുകള്‍ പ്രതിക്കെതിരെ നിലവിലുണ്ടെന്നും പൊലീസ് ചൂണ്ടികാട്ടിയതും ജാമ്യം ലഭിക്കാതിരിക്കാന്‍ ഗുണമായെന്നാണ് വ്യക്തമാകുന്നത്.
പരാതിക്കാരിയുടെ പേരോ ചിത്രമോ താന്‍ പുറത്തുവിട്ടിട്ടില്ലെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സന്ദീപ് വാര്യര്‍. ഇത്തരം പ്രവണതകള്‍ക്ക് കൂട്ടുനിന്നിട്ടില്ല. കോടതി പറയുന്ന ഏത് ഉപാധിയും അംഗീകരിക്കും. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യഹര്‍ജിയില്‍ സന്ദീപ് വാര്യര്‍ പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലാണ് സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ പിന്തുണച്ച് കലാമണ്ഡലം സത്യഭാമ ജൂനിയര്‍. ആ പയ്യന്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാതെ ഒരു കാരണവശാലും ഇത്രയും വലിയ പ്രശ്‌നത്തില്‍ ഇടപെടില്ലെന്നാണ് സത്യഭാമ ജൂനിയര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന് ഒരു പാട് ശത്രുക്കള്‍ ഉണ്ടാകുമെന്ന് അറിഞ്ഞിട്ട് പോലും വിഷയത്തില്‍ ഇത്രയും ധൈര്യം കാണിക്കുന്നുണ്ടെങ്കില്‍ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പങ്കുണ്ടെന്നാണ് കലാമണ്ഡലം സത്യഭാമ ജൂനിയര്‍ വിശദമാക്കുന്നത്.
ബലാത്സംഗ പരാതിയില്‍ പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. മൂന്നു തെളിവുകള്‍ കൂടിയാണ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഫോട്ടോകള്‍, വാട്‌സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡ് എന്നിവയാണ് സമര്‍പ്പിച്ചത്. നേരത്തെ പെന്‍ഡ്രൈവില്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ ഹാഷ് വാല്യൂ സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്
2025-26 മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ ആദ്യത്തെ 15 ദിവസം ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണില്‍ ഇതേ സമയത്തെ അപേക്ഷിച്ച് 33.33 ശതമാനം കൂടുതല്‍. നവംബര്‍ 30 വരെയുള്ള കണക്കാണിത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വില്‍പ്പനയില്‍ നിന്നാണ്. 47 കോടി രൂപയാണ് അരവണയില്‍ നിന്നുള്ള വരുമാനം.
ശബരിമലയില്‍ കേരള സദ്യ നല്‍കുന്നത് വൈകും. ഇന്ന് മുതല്‍ സദ്യ നല്‍കാനായിരുന്നു തീരുമാനം. അന്നദാനത്തിനായുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് സദ്യ നല്‍കുന്നത് വൈകാന്‍ കാരണം. നിയമപരമായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ. ഈ മാസം അഞ്ചിന് നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.
ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇഡി നോട്ടീസ് വരാറുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മസാല ബോണ്ട് വഴി പണം സമാഹരിച്ചതിനല്ല, പകരം സമാഹരിച്ച തുക ചെലവഴിച്ചതിലാണ് ഇഡി നോട്ടീസ് വന്നതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിനെതിരെ നോട്ടീസ് വരുമ്പോള്‍ വേട്ടയാടലും സിപിഎമ്മിന് എതിരെ വരുമ്പോള്‍ അങ്ങനെ അല്ല എന്ന നിലപാടുമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
ഇഡി നോട്ടീസില്‍ വിശദീകരണവുമായി കിഫ്ബി സിഇഒ. ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്ന് കിഫ്ബി വിശദീകരണത്തില്‍ സിഇഒ വ്യക്തമാക്കുന്നു. ഇഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്നും കിഫ്ബി പറയുന്നു. ആര്‍ബിഐ നിര്‍ദേശം കൃത്യമായി പാലിച്ചിട്ടുണ്ട്. ഏത് തരം പരിശോധനയ്ക്കും തയ്യാറെന്നും സിഇഒ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇഡി നടപടികള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നും കിഫ്ബി ആരോപിച്ചു.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി മുഖ്യമന്ത്രിക്കായി പുതിയ കാര്‍ വാങ്ങാന്‍ 1.10 കോടി രൂപ അനുവദിച്ചു. തുക അനുവദിച്ച് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കി. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവില്‍ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങള്‍ക്ക് പകരമായാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി.
കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കെ എസ് ഇ ബിയുടെ വക ആശ്വാസ വാര്‍ത്ത. ഡിസംബറിലെ കറണ്ട് ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് ഗണ്യമായി കുറയുമെന്ന് കെ എസ് ഇ ബി അറിയിച്ചു. സെപ്റ്റംബര്‍ – നവംബര്‍ കാലയളവില്‍ യൂണിറ്റിന് 10 പൈസ വരെ ഈടാക്കിയിരുന്ന സര്‍ചാര്‍ജ് കുറച്ചതായി കെ എസ് ഇ ബി അറിയിച്ചു.
ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കുന്നതിന്റെ ഭാഗമായി സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ച് സര്‍ക്കാര്‍. വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറി വിളിച്ച ഓണ്‍ലൈന്‍ യോഗം. പ്രവൃത്തി ദിവസം ആറില്‍ നിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്‌ക്കാര കമ്മീഷനും ശമ്പള കമ്മീഷനും ശുപാര്‍ശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂര്‍ ജോലി സമയം കൂട്ടണമെന്നാണ് നിര്‍ദേശം. ഒരു മണിക്കൂര്‍ ജോലികൂട്ടുന്നതിനെ സര്‍വീസ് സംഘടനകള്‍ എതിര്‍ക്കുന്നില്ല.
കേരളത്തിലെ രാജ് ഭവന്‍ ഇനി ഔദ്യോഗികമായി ലോക് ഭവന്‍ എന്ന പേരില്‍ അറിയപ്പെടും. രാജ് ഭവനുകള്‍ രാജ്യത്താകമാനം ലോക് ഭവനുകളായും, ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുടഔദ്യോഗിക വസതിയായ രാജ് നിവാസുകള്‍ ലോക് നിവാസുകളായും പുനര്‍നാമകരണം ചെയ്യുന്നതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റം.
കേരളത്തിലെ എസ്‌ഐആറിനെതിരെ സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി. എസ്ഡിപിഐ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. എസ്‌ഐആര്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വോട്ടുകള്‍ ഒഴിവാക്കാന്‍ നീക്കമുള്ളതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. എസ്ഡിപിഐ അധ്യക്ഷന്‍ സിപി അബ്ദുള്‍ ലത്തീഫാണ് ഹര്‍ജി നല്‍കിയത്.
വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങള്‍ ഉമീദ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനുള്ള സമയപരിധി നീട്ടണമെന്ന അപേക്ഷകളില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഹര്‍ജിക്കാരോട് വഖഫ് ട്രൈബ്യൂണലുകളെ സമീപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഏകീകൃത വഖഫ് മാനേജ്‌മെന്റ് ശാക്തീകരണ ആക്ട് പ്രകാരം സമയപരിധി നീട്ടാന്‍ അധികാരം വഖഫ് ട്രൈബ്യൂണലുകള്‍ക്കാണെന്ന് വിശദീകരിച്ച ജസ്റ്റിസ് ദീപങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് ഹര്‍ജികളിലെ അപേക്ഷകള്‍ തീര്‍പ്പാക്കി.
തിരുവനന്തപുരത്ത് വ്യാജ മുന്‍ഗണന റേഷന്‍ കാര്‍ഡ് അച്ചടിച്ച് വിതരണം ചെയ്യപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വന്നേക്കും. ഭക്ഷ്യ വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനമായ റേഷന്‍ കാര്‍ഡ് മാനേജിങ് സിസ്റ്റത്തില്‍ കടന്നുകയറി മുന്‍ഗണനാ കാര്‍ഡുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്ത കേസില്‍ രണ്ട് പ്രതികളെ വഞ്ചിയൂര്‍ പൊലീസ് പിടികൂടിയിരുന്നു. സംഭവത്തില്‍ ഭക്ഷ്യവകുപ്പ് ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കം പരിശോധിക്കുന്നതിനായാണ് വിജിലന്‍സ് അന്വേഷണത്തിന് ഭക്ഷ്യവകുപ്പ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. മാസങ്ങളായി നടക്കുന്ന തട്ടിപ്പില്‍ ബീമാപ്പള്ളി, പൂന്തുറ എന്നിവിടങ്ങളിലായി 146 വ്യാജ മുന്‍ഗണന കാര്‍ഡുകളാണ് വിതരണം ചെയ്യപ്പെട്ടത്. ഒരു മുന്‍ഗണനാ കാര്‍ഡിന് 2500 മുതല്‍ 3000 രൂപ വരെ ഈടാക്കിയായിരുന്നു തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് ബീമാപ്പള്ളി റേഷന്‍ കടയുടമ സഹദ്ഖാന്‍, കംപ്യൂട്ടര്‍ സെന്റര്‍ ഉടമ ഹസീബ് ഖാന്‍ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ട്രെയിനിലെ തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിംഗുകള്‍ക്ക് ആധാര്‍ വേരിഫിക്കേഷന്‍ വേണമെന്ന പരിഷ്‌കാരം ഇന്ത്യന്‍ റെയില്‍വേ അടുത്തിടെയാണ് കൊണ്ടുവന്നത്. ഇനി ആധാര്‍ വേരിഫിക്കേഷന്‍ മാത്രം പോര, തല്‍ക്കാല്‍ ടിക്കറ്റ് കിട്ടാന്‍ പുതിയ കടമ്പ കൂടി കടക്കണം. യാത്രക്കാരുടെ രജിസ്ട്രര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയച്ച വണ്‍-ടൈം പാസ്വേഡ് പരിശോധിച്ചുറപ്പിച്ചതിനുശേഷം മാത്രമേ ഇനി തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ.
പിഎം ശ്രീ പദ്ധതിയില്‍ നിന്ന് കേരളത്തിന് പിന്മാറാന്‍ സാധിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ കോഴിക്കോട് എംപി എംകെ രാഘവന്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നല്‍കിയ മറുപടിയിലാണ് അവ്യക്തത. കേരളം പദ്ധതിയില്‍ ഒപ്പിട്ടെന്ന് വ്യക്തമാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, പദ്ധതിയുടെ രൂപരേഖയും കേരളത്തിന്റെ പങ്കാളിത്തവും മാത്രമാണ് എംപിക്ക് നല്‍കിയ മറുപടിയില്‍ വിശദീകരിച്ചത്
അവയവദാന ഏജന്‍സിയായ കെ.സോട്ടോയെ വിമര്‍ശിച്ച് പോസ്റ്റിട്ട ഡോ. മോഹന്‍ദാസ് കെ. സോട്ടോയില്‍ നിന്ന് രാജിവച്ചു. പദ്ധതിയെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ആരോഗ്യവകുപ്പ് വിശദീകരണം ചോദിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടാണ് രാജിപ്രഖ്യാപനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവിയാണ് ഡോ. മോഹന്‍ദാസ്.
പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു അന്ത്യം. കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്നു.
വരന്തരപ്പള്ളിയിലെ അര്‍ച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മായിയമ്മയും അറസ്റ്റില്‍. നേരത്തെ, അര്‍ച്ചനയുടെ അച്ഛന്റെ പരാതിയില്‍ ഭര്‍ത്താവ് ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാരോണിന്റെ അമ്മ മക്കോത്ത് വീട്ടില്‍ രജനിയേയും (48) പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ചെന്നൈ ഉള്‍പ്പെടുന്ന വടക്കന്‍ തമിഴ്‌നാട്ടില്‍ വ്യാപക മഴ തുടരുന്നു. ചെന്നൈയിലും തിരുവളളൂരിലും റെഡ് അലര്‍ട്ടാണ്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയിലെ നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്. പലയിടത്തും വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിപ്പോയ കാഴ്ചകളും പുറത്തുവന്നിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ മരണം നാലായി.
ജോലിസമ്മര്‍ദ്ദത്തില്‍ ബിഎല്‍ഒമാരുടെ ആത്മഹത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം. ഇതുവരെ 30 ബിഎല്‍ഒമാര്‍ രാജ്യത്ത് ആത്മഹത്യ ചെയ്‌തെന്നും, അനുശോചിച്ച് കമ്മീഷന്‍ ഒരുവരി പോലും പറഞ്ഞില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് ഇന്നലെ യുപിയില്‍ ആത്മഹത്യ ചെയ്ത ബിഎല്‍ഒ പൊട്ടികരഞ്ഞുകൊണ്ട് പറയുന്ന വീഡിയോ പുറത്തുവന്നു
വിഷാംശമുള്ള കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മധ്യപ്രദേശില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍. പൂതനയുടെ വേഷം ധരിച്ച് എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ തിങ്കളാഴ്ച മധ്യപ്രദേശ് നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. കുട്ടികളോടുള്ള അവസ്ഥ വിവരിക്കുന്ന പോസ്റ്ററുകളും പാവകളും കൈയിലേന്തിയായിരുന്നു പ്രതിഷേധം. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ സംസ്ഥാനം എങ്ങനെയാണ് ഒന്നാം സ്ഥാനത്ത് എത്തിയതെന്നും ഇവര്‍ സര്‍ക്കാറിനോട് ചോദിച്ചു
രാജ്യത്തെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്. തട്ടിപ്പുകളില്‍ ബാങ്കര്‍മാരുടെ പങ്കുള്‍പ്പെടെ അന്വേഷിക്കാന്‍ കോടതി സിബിഐക്ക് സ്വതന്ത്ര്യ അധികാരം നല്‍കി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്. തട്ടിപ്പുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിലാണ് ബാങ്കര്‍മാരുടെ പങ്ക് അന്വേഷിക്കുക.
ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുടെ പരിധിയില്‍ ജിപിഎസ് സ്പൂഫിങ് നടന്നു എന്ന് സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ജിപിഎസ് സ്പൂഫിങും ജിഎന്‍എസ്എസ് തടസ്സവും നേരിട്ടു. പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ഇത് സ്ഥിരീകരിച്ചത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ ഗൗരവവും അവ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും മന്ത്രി വിശദീകരിച്ചു.
വിജയ് മല്യയും നീരവ് മോദിയുമടക്കമുള്ള 15 സാമ്പത്തികക്കുറ്റവാളികള്‍ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് പലിശയടക്കം 58,000 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇന്നലെ ലോക്‌സഭയ്ക്ക് നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇത്രയധികം തുക ലഭിക്കാനുണ്ടെന്നറിയിച്ചത്.
സഞ്ചാര്‍ സാഥി ആപ്പ് ഫോണുകളില്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.എല്ലാ പുതിയ ഫോണുകളിലും ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഫോണില്‍ നിന്ന് ആപ്പ് നീക്കം ചെയ്യാനും കഴിയില്ല. സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ ആണ് നീക്കം എന്നാണ് വിശദീകരണം. 90 ദിവസത്തിനകം നടപ്പാക്കാന്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്കാണ് നിര്‍ദേശം.
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമായത് രാജ്യസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രൂക്ഷമായ വാക്‌പോരോടെ. മുന്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായിരുന്ന ജഗ്ദീപ് ധന്‍കറിന്റെ പദവിയൊഴിയലിനെ കുറിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ ഏറ്റുമുട്ടിയതോടെ വാക്‌പോര് രൂക്ഷമായി. ബഹളം രൂക്ഷമായതോടെ സഭ പിരിഞ്ഞു.
ഡിറ്റ്വ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ പ്രളയദുരിതത്തില്‍നിന്നു കരകയറാന്‍ പൊതു-സ്വകാര്യമേഖലകളുടെ പങ്കാളിത്തത്തോടെ ശ്രീലങ്ക പ്രത്യേകനിധിയുണ്ടാക്കുന്നു. പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ ഓഫീസാണ് തിങ്കളാഴ്ച ഇക്കാര്യമറിയിച്ചത്. പ്രളയത്തിലും മണ്ണിടിച്ചിലിലും 390 പേര്‍ മരിച്ചു. 352 പേരെ കണാതായി. മരണസംഖ്യ ഉയരാന്‍ ഇടയുണ്ട്. അതിനിടെ സെന്‍യാര്‍ ചുഴലിക്കാറ്റില്‍ ഇന്‍ഡൊനീഷ്യയില്‍ 503 പേരും തായ്‌ലാന്‍ഡില്‍ 176 പേരും മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പാക്കിസ്ഥാനിലെ ആദ്യ പ്രതിരോധ സേനാ മേധാവിയായി അസിം മുനീറിനെ നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെ രാജ്യം വിട്ട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വിജ്ഞാപനത്തില്‍ ഒപ്പിടേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പാക് പ്രധാനമന്ത്രിയുടെ മനഃപൂര്‍വ നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍. പദവി കൈവരുന്നതോടെ പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറും. നവംബര്‍ 29 ന് വിജ്ഞാപനം ഇറങ്ങേണ്ടിയിരുന്നെങ്കിലും അന്ന് അത് സംഭവിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഷെഹ്ബാസ് ആദ്യം ബഹ്‌റൈനിലേക്കും പിന്നീട് ലണ്ടനിലേക്കും പോയതായി റിപ്പോര്‍ട്ടുകളുണ്ട്.
അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരയുദ്ധം പാകിസ്താന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായതായി റിപ്പോര്‍ട്ട്. അഫ്ഗാനുമായുള്ള അതിര്‍ത്തി കടന്നുള്ള വ്യാപാരം നിര്‍ത്തിവെച്ചത് പാകിസ്താന്റെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിക്കുകയും വിവിധ മേഖലകളില്‍ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തതായി വിവിധ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് രാജ്യം വിട്ടുപോകാനുള്ള അന്ത്യ ശാസനവുമായി ഡൊണാള്‍ഡ് ട്രംപ്. നിങ്ങളെയും ഏറ്റവും അടുപ്പമുള്ളവരേയും സംരക്ഷിക്കാന്‍ ആകെയുള്ള മാര്‍ഗം രാജ്യം വിടുകയാണെന്നാണ് ഡൊണാള്‍ഡ് ട്രംപ് നിക്കോളാസ് മഡൂറോയോട് ഫോണ്‍ കോളില്‍ വിശദമാക്കിയതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സെനറ്റ് പ്രതിനിധി ഇല്‍ഹാന്‍ ഒമറിനെതിരെ കടുത്ത പരാമര്‍ശവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്വന്തം സഹോദരനെ വിവാഹം കഴിച്ചുകൊണ്ടാണ് അവര്‍ അമേരിക്കയില്‍ പ്രവേശിച്ചതെന്നും അതിനാല്‍ അവരെ അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്നുമാണ് ട്രംപ് പറയുന്നത്.
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ഖ്യാതി വര്‍ഷങ്ങളായി പേറുന്ന ഫിന്‍ലന്‍ഡ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍ എന്നീ 3 രാജ്യങ്ങളുമായുള്ള സഹകരണത്തിന്റെ കാര്യത്തില്‍ പുതിയ തീരുമാനം കൈക്കൊണ്ടു. ഈ രാജ്യങ്ങളിലെ എംബസികള്‍ പൂര്‍ണമായി അടച്ചുപൂട്ടാന്‍ തീരുമാനിച്ചതായി ഫിന്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. 2026 ഓടെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും വിദേശകാര്യ മന്ത്രി എലീന വാള്‍ട്ടോനന്‍ വ്യക്തമാക്കി. ഈ രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വവും ഫിന്‍ലന്‍ഡുമായുള്ള വാണിജ്യ – സാമ്പത്തിക ബന്ധങ്ങളുടെ പരിമിതിയുമാണ് തീരുമാനത്തിന് പിന്നിലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെ മുന്‍നിര ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ഐ.പി.ഒയുമായി രംഗത്തെത്തുകയാണ്. 5421 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ 4250 കോടി പുതിയ ഓഹരികളും 1170 കോടി പ്രമോട്ടര്‍മാര്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ വില്‍ക്കുന്നതുമാണ്. പത്തുശതമാനമാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. ഐ.പി.ഒക്ക് ഡിസംബര്‍ മൂന്നുമുതല്‍ അഞ്ചുവരെ അപേക്ഷിക്കാം. പ്രൈസ് ബാന്‍ഡ് 105 -111 രൂപ. 30 ശതമാനത്തോളം ലിസ്റ്റിങ് നേട്ടമാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ 35 രൂപക്ക് മുകളിലാണ് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം. ഈ വര്‍ഷം ഇതുവരെ 96 കമ്പനികള്‍ ഐ.പി.ഒ നടത്തി. 1.6 ലക്ഷം കോടി രൂപയാണ് പ്രാഥമിക ഓഹരി വില്‍പനയിലൂടെ സമാഹരിച്ചത്. ഇതില്‍ 40 കമ്പനികളുടെ ഐ.പി.ഒ കഴിഞ്ഞ മൂന്നുമാസത്തിനകമായിരുന്നു. അടുത്ത രണ്ട് മാസത്തിനകം ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍, ജുനിപര്‍ ഗ്രീന്‍ തുടങ്ങി 24 കമ്പനികളാണ് ഐ.പി.ഒയുമായി എത്തുന്നത്. 40000 കോടി രൂപ ഇവര്‍ സമാഹരിക്കും. 2026ലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഐ.പി.ഒ ചാകര തന്നെയാകും എന്നാണ് വിലയിരുത്തല്‍.
ഉണ്ണി രാജ, സി എം ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദ്രന്‍ പയ്യാനക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം’ എന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. ചീങ്കല്ലേല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് കൂട്ടക്കര നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗിനീഷ് ഗോവിന്ദ്, രമേഷ് കാപ്പാട്, റോയ് പുനലൂര്‍, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളന്‍, ജലജ റാണി, നിധിഷ, നിമിഷ ബിജോ, കൃഷ്ണപ്രിയ, വിലു ജനാര്‍ദ്ദനന്‍, പ്യാരിജാന്‍, കൃഷ്ണ ബാലുശ്ശേരി, ഷെറിന്‍ തോമസ്, റീന തുടങ്ങിയവരും അഭിനയിക്കുന്നു. വയനാട്ടിലെ കാപ്പി കര്‍ഷകനും ഫ്ലോര്‍ മില്‍ ഉടമസ്ഥനുമായ നാല്‍പത് കഴിഞ്ഞ പുഷ്പാംഗദന്റെ ഏറെ നാളത്തെ വിവാഹാലോചനകള്‍ക്കു ശേഷം ഒടുവില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നു. കോമഡി റൊമാന്റിക് ജോണറില്‍ വയനാടിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ചിത്രീകരിച്ച ഈ സിനിമയില്‍ ഗിരീഷ് ആമ്പ്ര, അഡ്വ. ശ്രീരഞ്ജിനി എന്നിവര്‍ എഴുതിയ വരികള്‍ക്ക് ശ്രീജിത്ത് റാം സംഗീതം പകര്‍ന്നു.
ഹണി റോസിനെ ഏറെ വ്യത്യസ്തമായ നായികാ കഥാപാത്രമാക്കിക്കൊണ്ട് നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ‘റേച്ചല്‍’ എന്ന റിവെഞ്ച് ത്രില്ലര്‍ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഇഷാന്‍ ഛബ്ര സംഗീതം പകര്‍ന്ന് സിത്താര കൃഷ്ണകുമാര്‍, അഹി അജയന്‍, അനില രാജീവ് എന്നിവര്‍ ആലപിച്ച പെണ്‍തരിയേ എന്നാരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് റിലീസായത്. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാദുഷാസ് സില്‍വര്‍ സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുല്‍ ഹമീദ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന റേച്ചല്‍ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും അവതരിപ്പിക്കുന്നു.
ബജാജ് ഓട്ടോ തങ്ങളുടെ 2025 നവംബറിലെ വില്‍പ്പന റിപ്പോര്‍ട്ട് പുറത്തിറക്കി. നവംബര്‍ മാസത്തെ മൊത്തം വില്‍പ്പന 453,273 യൂണിറ്റായിരുന്നു, മുന്‍ വര്‍ഷത്തേക്കാള്‍ 8% വര്‍ധന. ആഭ്യന്തര വിപണിയില്‍ നേരിയ വളര്‍ച്ചയുണ്ടായെങ്കിലും കയറ്റുമതി ബജാജിന്റെ ഭാഗ്യം വര്‍ദ്ധിപ്പിച്ചു. കമ്പനിയുടെ മൊത്തം കയറ്റുമതി 205,757 യൂണിറ്റായിരുന്നു (14% വര്‍ധന). കഴിഞ്ഞ വര്‍ഷം നവംബറില്‍ കയറ്റുമതി 180,786 യൂണിറ്റായിരുന്നു. മൊത്തം വാണിജ്യ വാഹന വില്‍പ്പന 73,559 യൂണിറ്റുകളായി (37% വര്‍ധന). കയറ്റുമതിയിലും 75% വര്‍ധനവുണ്ടായി, ഇത് മാസത്തിലെ ഒരു പ്രധാന ആകര്‍ഷണമാണ്. 2025 നവംബറില്‍, വാണിജ്യ വാഹനങ്ങളുടെ കയറ്റുമതി 28,553 യൂണിറ്റായി ഉയര്‍ന്നു, കഴിഞ്ഞ വര്‍ഷത്തെ 16,321 യൂണിറ്റുകളുടെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍, അതായത് കയറ്റുമതി ഏകദേശം ഒന്നര മടങ്ങ് വര്‍ദ്ധിച്ചു. ബജാജിന്റെ ആഭ്യന്തര വാണിജ്യ വാഹന വില്‍പ്പന 45,006 യൂണിറ്റായി (21% വര്‍ധനവ്) ഉയര്‍ന്നു.
1896ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട, പ്രകൃതിജീവനത്തെക്കുറിച്ചുള്ള ആത്യന്തിക മാനിഫെസ്റ്റോ ആയി വിശേഷിപ്പിക്കപ്പെടുന്ന കൃതി. ദ്രുതഗതിയില്‍ വ്യവസായവത്കരണവും നഗരവത്കരണവും നടന്നിരുന്ന ഒരുകാലത്ത്, സൂര്യപ്രകാശത്തിന്റെയും ശുദ്ധജലത്തിന്റെയും ശുദ്ധവായുവിന്റെയും രോഗശമനശേഷിയെ വെളിപ്പെടുത്തുകയായിരുന്നു ഈ കൃതിയിലൂടെ അഡോള്‍ഫ് ജസ്റ്റ്. പ്രകൃതിയില്‍നിന്ന് ശരീരത്തെ തടയുന്ന സകലതിനെയും ഒഴിവാക്കി ഏദനിലേക്കും അതുവഴി പ്രകൃതിയിലേക്കും മടങ്ങാന്‍ ജസ്റ്റ് ഇതില്‍ ആഹ്വാനം ചെയ്യുന്നു. ലാളിത്യം മുഖമുദ്രയാകുന്ന ജീവിതരീതിയെ തത്ത്വചിന്താപരമായി അവതരിപ്പിക്കുന്ന ഈ കൃതി ‘പ്രകൃതിയിലേക്കു മടങ്ങല്‍’ പ്രസ്ഥാനത്തിലെ സുപ്രധാനഗ്രന്ഥമാണ്. പരിഭാഷ – മുളക്കുളം മുരളീധരന്‍. മാതൃഭൂമി. വില 323 രൂപ.
സന്ധികളെ ബാധിക്കുന്ന നീര്‍ക്കെട്ടിനെയാണ് ആര്‍ത്രൈറ്റിസ് എന്ന് പറയുന്നത്. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് സന്ധിവാതം മൂലമുള്ള വിഷമതകളെ ലഘൂകരിക്കാന്‍ സഹായിക്കും. സന്ധിവാതമുള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന് ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ആന്റി ഓക്സിഡന്റ് ഗുണങ്ങളുമുണ്ട്. ഇവയും സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ‘ഡയാലില്‍ ഡൈസള്‍ഫൈഡ്’ എന്ന ഘടകം സന്ധിവാതത്തോട് പൊരുതാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും സന്ധിവാത രോഗികള്‍ക്ക് നല്ലതാണ്. സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷ് സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് സന്ധികളിലെ നീര്‍ക്കെട്ടിന് ആശ്വാസം നല്‍കും. വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡുമൊക്കെ അടങ്ങിയതിനാൽ ബദാം, വാള്‍നട്സ്, പിസ്ത, ചിയാസീഡ്, ഫ്ലക്സ്സീഡ് തുടങ്ങിയവ കഴിക്കാം. ഗ്രീന്‍ ടീ കുടിക്കുന്നത് സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ അസ്ഥികള്‍ക്ക് ബലം നല്‍കും.