കൊല്ലം: കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ മരണപ്പെട്ടത് കൊല്ലം ശാസ്താംകോട്ട സ്വദേശി. ഇന്ന് പുലർച്ചെ അബ്ദല്ലിയയിൽ പ്രവർത്തിക്കുന്ന ഖനന കേന്ദ്രത്തിലാണ് അപകടം. ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് പുത്തൻവിള തെക്കതിൽ സോളമൻ ഉപദേശിയുടെ മകൻ സുനിൽ സോളമനാണ് (43) മരിച്ചത്. ആറ് വർഷത്തോളമായി കുവൈറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് നാട്ടിലെത്തി മടങ്ങിയത്. റിഗ്ഗിൽ ജോലിക്കിടെ പ്രഷർ പൈപ്പ് പൊട്ടി തലയ്ക്ക് പിന്നിൽ ശക്തമായി വന്നടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. നിയമ നടപടികൾ പൂർത്തിയാക്കി വൈകാതെ മൃതദേഹം നാട്ടിലെത്തിക്കും.
































