തെക്കുംഭാഗം, പുളിമൂട്ടില്‍കടവ്-സെന്‍റ്സെബാസ്റ്റ്യന്‍ഐലന്‍റ്നടപ്പാലം 3 കോടിപടപ്പനാല്‍-പുളിമൂട്ടില്‍കടവ് റോഡ് 5.5 കോടി

Advertisement

ചവറ. നിയോജകമണ്ഡലത്തില്‍ തെക്കുംഭാഗം, പുളിമൂട്ടില്‍ കടവ് – സെന്‍റ് സെബാസ്റ്റ്യന്‍ ഐലന്‍റ് നടപ്പാലത്തിന് 3 കോടി 20ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. സാങ്കേതികാനുമതി ലഭിച്ചാലുടന്‍ ടെന്‍റര്‍ നടപടി സ്വീകരിക്കും.
മണ്ണ് പരിശോധന ഉള്‍പ്പെടെയുളളവ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2022-23 ബഡ്ജറ്റില്‍ ഒരുകോടി രൂപ പാലത്തിന് വകയിരുത്തിയെങ്കിലും എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോള്‍ 3 കോടി കവിഞ്ഞു. അതനുസരിച്ച് 3.20 കോടിയ്ക്ക് പുതുക്കിയ ഭരണാനുമതിയും ലഭിച്ചു.
തെക്കുംഭാഗം, തേവലക്കര ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന പൊതുമരാമത്ത് റോഡായ പടപ്പനാല്‍ – പുളിമൂട്ടില്‍ കടവ് റോഡ് ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി ബിറ്റുമിന്‍ കോണ്‍ക്രീറ്റ് (ബി.സി. ലെയര്‍) ചെയ്യുന്നതിന് 5.5 കോടി അനുവദിച്ചു.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റോഡ് പരിശോധന കഴിഞ്ഞാലുടന്‍ വര്‍ക്ക് ടെന്‍റര്‍ ചെയ്യുമെന്നും തെക്കുംഭാഗത്തിന്‍റെ പ്രധാന പൊതുമരാമത്ത് റോഡ് തകരാറിലാകുന്നതിനുമുന്‍പ് ബി.സി. ലെയറിന് തുക അനുവദിപ്പിക്കാന്‍ കഴിഞ്ഞുവെന്നും ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.
തെക്കുംഭാഗം ഗ്രാമപഞ്ചായത്തിന് അനുവദിച്ച കാടന്‍മൂല-കൊച്ചുതുരുത്ത് പാലത്തിന് ഒരു ഭൂഉടമയുടെ സമ്മതപത്രം ലഭിക്കാഞ്ഞതിനാല്‍ ഭൂമി അക്വയര്‍ ചെയ്യുന്നതിനുളള നടപടികള്‍ പുരോഗതിയിലാണ്. ഭൂമി ഏറ്റെടുത്താലുടന്‍ പണി ആരംഭിക്കും. ഇതോടെ തെക്കുംഭാഗത്ത് പാലങ്ങള്‍ എന്നാവശ്യത്തിന് വിരാമം ആകുമെന്നും എംഎല്‍എ പറഞ്ഞു.

Advertisement