കൊല്ലം : കരിങ്ങന്നൂരിൽ നിന്നും ഓയൂരിലേക്കുള്ള വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഓയൂർ കരിങ്ങന്നുർ സ്വദേശിയെ പൂയപ്പള്ളി എസ്.ഐയും മറ്റ് പോലീസുകാരും ചേർന്ന് മർദ്ദിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് കൊല്ലം റൂറൽ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ഇക്കൊല്ലം മാർച്ച് 8 ന് രാത്രി കോവിൽകുന്നിന് സമീപത്ത് നിന്ന് തന്നെ അകാരണമായി ജീപ്പിൽകയറ്റി പൂയപ്പള്ളി സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ചെന്ന പരാതിയിൽ കമ്മീഷൻ അംഗം വി. ഗീതയുടെ നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് റൂറൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചത്.
കൊട്ടാരക്കര താലൂക്ക്, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തുടരുകയാണെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. എന്നാൽ പരാതിക്കാരൻ പോലീസ് നിരീക്ഷണത്തിലായിരുന്നവെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോയ വിരോധത്തിലാണ് പരാതി നൽകിയതെന്നും കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. പരാതിക്കാരന് പരാതിയുമായി മുന്നോട്ടുപോകാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
ഭാവിയിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഇത്തരം നടപടികൾ ഉണ്ടാകരുതെന്ന് പരാതിക്കാരൻ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു. കമ്മീഷൻ നോട്ടിസയച്ചെങ്കിലും പരാതിക്കാരൻ ഹാജരാകാത്ത സാഹചര്യത്തിൽ കേസ് തീർപ്പാക്കി.
































