കുളത്തൂപ്പുഴ: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. കൊല്ലം കിളികൊല്ലൂർ ഗീതാ ഭവനിൽ വിഷ്ണു (37), ഭാര്യ കടമാൻകോട് രമ്യാ ഭവനിൽ രമ്യ (24) എന്നിവരെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 16ന് കുളത്തൂപ്പുഴയിലെ ലക്ഷ്മി ഫിനാൻസിലാണ് ദമ്പതികൾ തട്ടിപ്പ് നടത്തിയത്. പ്യൂരിറ്റി കുറഞ്ഞ സ്വർണം മറ്റൊരു ലോഹവുമായി വിളക്കിച്ചേർത്ത് യഥാർഥ സ്വർണമാണെന്ന് ധരിപ്പിച്ചാണ് പണയംവച്ചത്. സ്ഥാപനത്തെ കബളിപ്പിച്ച് 74,000 രൂപ കൈക്കലാക്കുകയും ചെയ്തു.
മുക്കുപണ്ടത്തിൽ പ്രതികൾ 30,000 രൂപ വരെ ചെലവഴിച്ച് സ്വർണം പൂശിയതായി പൊലീസ് കണ്ടെത്തി. ഇത് വിദഗ്ദർക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത രീതിയിലുള്ള നിർമാണമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പ് നടത്തിയ ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.പിന്നീട് സ്ഥാപനത്തിലെ ജീവനക്കാർ സ്വർണം വിശദമായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. പ്രതികളെ വയനാട്ടിൽനിന്നാണ് പിടികൂടിയത്.
എസ്ഐ പൗലോസ്, പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, സാബിൻ, ഷീബ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് വയനാട്ടിൽ പോയി പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ചോദ്യം ചെയ്യലിൽ പ്രതികൾ സമാനരീതിയിൽ പലയിടങ്ങളിലും മുക്കുപണ്ടം പണയം വെച്ചിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
































