ശാസ്താംകോട്ട: കക്കൂസ് ഉദ്ഘാടനം ചെയ്താൽ പടമെടുത്ത് ഓടുന്ന നേതാക്കളും, വിവിധതലത്തിൽ പണിതു മറിക്കുന്ന ഉദ്യോഗസ്ഥര്യം സേവകരുമറിഞ്ഞില്ല ഒരു മനുഷ്യ ജീവി ചത്തുവീണ് നായ്ക്കൾക്കു ഭക്ഷണമാകുന്നത്.
വടക്കൻ മൈനാഗപ്പള്ളിയിൽ ഷെഡിനുള്ളിൽ തനിച്ച് താമസിക്കുകയായിരുന്ന മധ്യവയസ്ക്കൻ മരിച്ചത് പട്ടിണി മൂലമെന്ന് സൂചന.രോഗവും പട്ടിണിയുമാണ് വടക്കൻ മൈനാഗപ്പള്ളി സോമവിലാസം ചന്തയ്ക്ക് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണപിള്ളയെ(55) മരണത്തിലേക്ക് നയിച്ചതെന്നാണ്
നാട്ടുകാർ പറയുന്നത്.മരണം സംഭവിച്ച ശേഷം അടച്ചുറപ്പില്ലാത്ത കൂരയിൽ കിടക്കുകയായിരുന്ന മൃതദേഹം നായ്ക്കൾ ഭക്ഷിക്കുകയായിരുന്നു.നായ്ക്കൾ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടയിൽ മരച്ചുവട്ടിൽ തട്ടി മൃതദേഹം കിടന്നു.പൂർണമായും ഭക്ഷിച്ച നിലയിൽ മൃതദ്ദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ്.അവിവാഹിതനായ രാധാകൃഷ്ണ പിള്ള കുടുംബ വീട് സ്ഥിതി ചെയ്യുന്നതിനും ഏറെ പിറകിൽ കാടുപിടിച്ചു കിടക്കുന്ന ഭാഗത്താണ് കഴിഞ്ഞു വന്നത്.4 പേരിൽ മൂത്ത സഹോദരൻ മരണപ്പെട്ടതോടെ കുടുംബവീട് പൂട്ടി സഹോദര ഭാര്യ വിദേശത്ത് മക്കളുടെ അടുത്തേക്ക് പോയിരുന്നു.ഏതാനും ദിവസം മുമ്പ് മടങ്ങി എത്തിയ ഇവർ പരിസരം വൃത്തിയാക്കുന്നതിനിടയിൽ ദുർഗന്ധം ശ്രദ്ധിക്കുകയും ജോലിക്കെത്തിയ അഭിലാഷ് എന്നയാളോട് നോക്കാൻ ആവശ്യപ്പെടുകയും ചെയ്തു.രാധാകൃഷ്ണപിള്ളയുടെ സുഹൃത്ത് കൂടിയായ ഇയ്യാൾ നോക്കുമ്പോഴാണ് ദാരുണാന്ത്യം പുറംലോകമറിയുന്നത്.ആദ്യം നായ്ക്കൾ വല്ലതും ചത്തതിൻ്റെ ദുർഗന്ധമാവും വമിക്കുന്നതെന്നാണ് അഭിലാഷ് കരുതിയിരുന്നത്.ആഴ്ചകളായി ദുർഗന്ധം ഉണ്ടായിരുന്നെങ്കിലും പരിസരവാസികൾ കാര്യമാക്കിയിരുന്നില്ല.ഒരു മാസത്തിൽ അധികമായി രാധാകൃഷ്ണപിള്ളയെ നാട്ടിൽ കാണാനില്ലായിരുന്നു. കുടുംബക്ഷേത്രത്തിൽ വിളക്ക് വയ്ക്കുന്നതും പൂജാകർമ്മങ്ങൾ ചെയ്യുന്നതും ഇദ്ദേഹമായിരുന്നു.ഇതിലൂടെ ലഭിക്കുന്ന തുഛമായ വരുമാനമായിരുന്നു ഏകാശ്രയം.ക്ഷയരോഗത്തിന് ചികിത്സയിലുമായിരുന്നു.അടുത്ത ബന്ധുക്കൾ പോലും സഹായിച്ചിരുന്നില്ല എന്നാണ് പറയപ്പെടുന്നത്.മരണമറിഞ്ഞ് എത്തിയവർക്ക് ചെറിയ കൂരയിൽ ആഹാരസാധങ്ങൾ ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല.കണ്ടത് മുഷിഞ്ഞ കുറച്ച് വസ്ത്രങ്ങൾ മാത്രം.വിവരമറിഞ്ഞ് പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ഇന്ന് (വ്യാഴം) വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കാൻ കഴിയുകയുള്ളുവെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി ബി.മുകേഷ് പറഞ്ഞു.






































