കൊല്ലം. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബളി – ബെംഗളൂരു – കൊല്ലം സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു..
ഹുബ്ബളിയിൽ നിന്ന് കൊല്ലത്തേക്ക് (ട്രെയിൻ നമ്പർ 07313) 2025 സെപ്റ്റംബർ 28 മുതൽ ഡിസംബർ 28 വരെ എല്ലാ ഞായറാഴ്ചയും സർവീസ് നടത്തും. തിരികെ കൊല്ലം – ഹുബ്ബളി (ട്രെയിൻ നമ്പർ 07314) സർവീസ് 2025 സെപ്റ്റംബർ 29 മുതൽ ഡിസംബർ 29 വരെ എല്ലാ തിങ്കളാഴ്ചയും നടത്തും.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നീ പ്രധാന സ്റ്റേഷനുകളിൽ ഈ പ്രത്യേക സർവീസിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത് ബാംഗ്ലൂർ അടക്കമുള്ള സ്ഥലങ്ങളിൽ ജോലി നോക്കുന്നതും പഠനത്തിനായി പോയിട്ടുള്ളതുമായ ആയിരക്കണക്കിന് യാത്രക്കാർക്ക് സഹായകരമാണ്.
ഈ പ്രത്യേക സർവീസ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, സൗത്ത് സെൻട്രൽ റെയിൽവേ ജനറൽ മാനേജർ എന്നിവർക്ക് കത്ത് നൽകുകയും, തുടർന്ന് ആശയവിനിമയങ്ങൾ നടത്തുകയും ചെയ്തതിന്റെ ഫലമായാണ് ഈ തീരുമാനം ഉണ്ടായത്.
ശബരിമല തീർത്ഥാടകർക്കും മറ്റ് യാത്രക്കാർക്കും ഒരുപോലെ ഗുണം ലഭിക്കുന്ന തരത്തിൽ മണ്ഡലത്തിനകത്തെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത് ഏറെ ഗുണകരമാണ് എന്നും എം പി പറഞ്ഞു. .






































