ന്യൂഡൽഹി: പ്രണയബന്ധം തകരുന്നതോ പങ്കാളി ബന്ധം വേർപെടുത്തുന്നതോ ആത്മഹത്യാ പ്രേരണാ കുറ്റമായി കാണാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. മുൻ പെൺസുഹൃത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം.
2025 ഒക്ടോബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രണയബന്ധം പിരിഞ്ഞതിന് ശേഷം യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. പിന്നാലെയാണ് മുൻ സുഹൃത്തായ യുവതി ആത്മഹത്യ ചെയ്തത്. തുടർന്ന് യുവതിയുടെ പിതാവ് യുവാവിനെതിരെ പരാതി നൽകുകയായിരുന്നു. എട്ട് വർഷത്തോളം പ്രണയത്തിലായിരുന്നു ഇരുവരും. എന്നാൽ വെവ്വേറെ മതങ്ങളിൽപ്പെട്ടവരായതിനാൽ വീട്ടുകാർ അവരുടെ പ്രണയബന്ധത്തെ എതിർത്തു. പിന്നാലെയാണ് ഇരുവരും പിരിയാൻ തീരുമാനിച്ചത്.
പ്രതിയുടെ വിവാഹം നടന്നതിന്റെ അഞ്ചാം ദിവസം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. തുടർന്നാണ് പ്രതിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയത്. യുവതി ഏത് മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് അറിയില്ലെന്നും ആത്മഹത്യാക്കുറിപ്പ് പോലും കണ്ടെത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. എട്ട് വർഷത്തെ പ്രണയബന്ധത്തിനൊടുവിൽ യുവാവിനെതിരെ ഒരു പരാതി പോലും യുവതി ഉന്നയിച്ചിട്ടില്ല. അവരുടെ ഡയറിയിൽ പോലും യുവാവിനെ വിവാഹം ചെയ്യാനുള്ള ആഗ്രഹമാണ് എഴുതിയിരുന്നത് എന്നതും കോടതി നിരീക്ഷിച്ചു.
യുവാവും യുവതിയും പരസ്പരമുള്ള ആശയവിനിമയം അവസാനിപ്പിച്ച തീയതിയും, യുവതി ആത്മഹത്യ ചെയ്ത തീയതിയും തമ്മിൽ ദിവസങ്ങളുടെ വ്യത്യാസമുണെന്നും കോടതി പറഞ്ഞു. ഈ സാഹചര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് യുവാവിന് ജാമ്യം നൽകിയത്. 25,000 രൂപയുടെ ബോണ്ടിലും സമാന തുകയുടെ ജാമ്യ വ്യവസ്ഥയിലുമാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. മരിച്ചയാളുടെ കുടുംബത്തെയോ സാക്ഷികളെയോ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന കർശന നിർദ്ദേശവും കോടതി നൽകിയിട്ടുണ്ട്.




























