കൊല്ലം:ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്ന് പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടിയതായി കോടതി ഉത്തരവിട്ടു. തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ്. ബൈജു, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരുടെ റിമാന്‍ഡാണ് പുതുക്കിയത്.
കെ.എസ്. ബൈജു ദ്വാരപാലക ശില്‍പ കേസില്‍ സ്വാഭാവിക ജാമ്യത്തിനായി നാളെ ഹര്‍ജി നല്‍കും. കട്ടിളപ്പാളി കേസില്‍ അദ്ദേഹത്തിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ബൈജുവിന് ജയില്‍മോചനം സാധ്യമാകും.
കൊല്ലം വിജിലന്‍സ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടി ഉത്തരവ് പുറപ്പെടുവിച്ചത്. പങ്കജ് ഭണ്ഡാരിയെ ഓണ്‍ലൈനായി ഹാജരാക്കിയപ്പോള്‍ മറ്റ് രണ്ട് പ്രതികളെ നേരിട്ട് കോടതിയില്‍ എത്തിച്ചു. ഇതുവരെ കേസിലെ ആറു പ്രതികള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. പത്മകുമാറും കെ.എസ്. ബൈജുവും കട്ടിളപ്പാളി കേസില്‍ ജാമ്യം നേടിയിരുന്നുവെങ്കിലും ദ്വാരപാലക കേസ് നിലനില്‍ക്കുന്നതിനാലാണ് റിമാന്‍ഡില്‍ തുടരുന്നത്.

































