സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിയിട്ട് പത്ത് ദിവസം. ഡോക്ടർമാർ അനിശ്ചിതകാല ഒ പി ശസ്ത്രക്രിയ ബഹിഷ്കരണം തുടരുന്ന സാഹചര്യത്തിൽ സമരം അവസാനിപ്പിക്കാൻ നാളെ മന്ത്രിമാർ തമ്മിൽ ചർച്ച നടത്തും. ആരോഗ്യ മന്ത്രി വീണ ജോർജ് ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ എന്നിവരാണ് ചർച്ച നടത്തുക. ആരോഗ്യ -ധന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാരും ചർച്ചയിൽ പങ്കെടുക്കും.
ചർച്ചയിലെ തീരുമാനം ഡോക്ടർമാരെ അറിയിക്കും. ആശുപത്രികളുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് മന്ത്രിമാർ ചർച്ചക്ക് ഒരുങ്ങുന്നത്. KGMCTA അധ്യാപനവും ബഹുഷ്കരിച്ചിരിക്കുന്നതിനാൽ മെഡിക്കൽ വിദ്യാർത്ഥികളുടെ അധ്യായനവും താറുമാറായി.
നാളെമുതൽ പരീക്ഷ ജോലികൾ ബഹിഷ്കരിക്കാനും സംഘടന തീരുമാനിച്ചിരുന്നു. മന്ത്രിമാർ ചർച്ചയ്ക്ക് തയ്യാറായതിനാൽ ഇന്ന് വൈകുന്നേരം KGMCTA ഭാരവാഹികൾ യോഗം ചേർന്നാകും അതിൽ തീരുമാനമെടുക്കുക.






























