തിരുവനന്തപുരം: മരണാനന്തര അവയവദാനത്തിൽ വീണ്ടും മാതൃകയായി കേരളം. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ (37) അഞ്ച് അവയവങ്ങള്‍ ദാനം ചെയ്യും. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് ഗ്രന്ഥി, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുക. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരുന്നു.
ഞായറാഴ്ച പുലർച്ചെ ഒരുമണിക്ക് വീട്ടിലേക്ക് വരുമ്പോൾ ജിജിന്റെ ബൈക്കിൽ തോട്ടയ്ക്കാട് വെച്ച് ഒരു കാർ ഇടിക്കുകയായിരുന്നു. ഗുരുതമായ പരിക്കേറ്റ ജിജിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകി.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ക്ലർക്ക് 39 കാരൻ സി.ജിജിന്റെ ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കാണ് നൽകിയത്. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് തന്നെയാണ്. മറ്റൊരു കിഡ്നി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും നൽകി. കോർണിയകൾ രണ്ടും തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് മാറ്റി. ജിജിന്റെ ഹൃദയവും കരളും വൃക്കകളും സ്വീകരിച്ചവരുടെ ശസ്ത്രക്രിയ ആശുപത്രികളിൽ തുടരുകയാണ്.
അഞ്ജലിയാണ് ജിജിന്റെ ഭാര്യ. അശ്വമാലിക മകളാണ്. ഈ വർഷത്തെ ഏഴാമത്തെ അവയവ ദാതാവാണ് ജിജിൻ


































