തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനവുമായി ബന്ധപ്പെട്ട് വമ്പൻ കരാറുകളിൽ ഒപ്പിട്ട് സംസ്ഥാന സർക്കാർ. കരാർ വഴി വൻകിട ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാനിനും തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL), കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ഒ.സി.എൽ (IOCL), കോൺകോർ (CONCOR), സി.ഡബ്ല്യു.സി (CWC) എന്നിവരുമായി ചേർന്ന് 2000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കാണ് ഇന്ന് ധാരണാപത്രം ഒപ്പിട്ടത്.
ഐ.ഒ.സി.എല്ലുമായി 700 കോടി രൂപയുടെ കരാറാണ് ഒപ്പുവെച്ചത്. വിഴിഞ്ഞത്തെത്തുന്ന കൂറ്റൻ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിനായുള്ള വൻകിട ബങ്കറിങ് സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. ഇതോടെ വിഴിഞ്ഞം ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ഹബ്ബായി മാറും. കോൺകോറുമായി 600 കോടിയുടെ കരാറും ഒപ്പിട്ടു. റെയിൽ വഴി സുരക്ഷിതമായി രാജ്യമെമ്പാടും ചരക്ക് എത്തിക്കാനുള്ള കണ്ടെയ്‌നർ ഡിപ്പോകളും ചരക്ക് നീക്ക സംവിധാനങ്ങളും വികസിപ്പിക്കുയാണ് ലക്ഷ്യം. സി.ഡബ്ല്യു.സിയുമായും 700 കോടി രൂപയുടെ ധാരണപത്രത്തിൽ ഒപ്പുവെച്ചു. അത്യാധുനിക മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് പാർക്കും വലിയ ഗോഡൗണുകളും കരാറിന്റെ ഭാഗമായി ഒരുക്കു.
സർക്കാരിന് സാമ്പത്തിക ബാധ്യതകളില്ലാതെ നിർമ്മിക്കുന്ന ഈ പാർക്കിൽ വലിയ കോൾഡ് സ്റ്റോറേജുകളും കയറ്റുമതി അനുബന്ധ യൂണിറ്റുകളും സജ്ജീകരിക്കും. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വിഴിഞ്ഞം തുറമുഖം പ്രവർത്തിക്കുമ്പോഴും, കപ്പലുകൾക്കാവശ്യമായ ഇന്ധനം, യാർഡുകൾ, ചരക്ക് നീക്കാനുള്ള റെയിൽ ഗതാഗതം എന്നീ തന്ത്രപ്രധാന സംവിധാനങ്ങൾ പൊതുമേഖലയിൽ തന്നെ നിലനിർത്താൻ സർക്കാർ ശ്രദ്ധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.






























