സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ-ടെറ്റ് യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍, അധ്യാപകര്‍ക്ക് യോഗ്യത നേടാന്‍ പരമാവധി അവസരങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
സുപ്രീം കോടതി വിധി പ്രകാരം ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകള്‍ ഒഴികെ, ആര്‍ടിഇ ആക്റ്റ് ബാധകമായ എല്ലാ സ്‌കൂളുകളിലെയും അധ്യാപകര്‍ സര്‍വിസില്‍ തുടരുന്നതിന് അധ്യാപക യോഗ്യതാ പരീക്ഷ പാസാകേണ്ടതുണ്ട്. വിരമിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രം ശേഷിക്കുന്ന അധ്യാപകര്‍ക്ക് കെ-ടെറ്റ് യോഗ്യതയില്ലാതെ തന്നെ വിരമിക്കല്‍ പ്രായം വരെ സര്‍വീസില്‍ തുടരാം. എന്നാല്‍ ഇവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ കെ-ടെറ്റ് നിര്‍ബന്ധമാണ്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വിസ് ബാക്കിയുള്ള അധ്യാപകര്‍ വിധി വന്ന തീയതി മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കെ-ടെറ്റ് യോഗ്യത നേടിയിരിക്കണം. 2025 ഓഗസ്റ്റ് 31-ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് സര്‍വിസിലുള്ള 1,46,301 അധ്യാപകരില്‍ 75,015 പേര്‍ക്ക് കെ-ടെറ്റ് യോഗ്യതയില്ല. എന്നാല്‍ ഇവരില്‍ വലിയൊരു വിഭാഗത്തിന് സുപ്രീം കോടതി വിധിയുടെ ആനുകൂല്യം ലഭിക്കും. അധ്യാപകര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ യോഗ്യത നേടാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം, മന്ത്രി പറഞ്ഞു.

































