തിരുവനന്തപുരം. വിവാദങ്ങൾക്കൊടുവിൽ ഓഫീസ് കെട്ടിടം മാറി വട്ടിയൂർക്കാവ് എംഎൽഎ.വികെ പ്രശാന്ത്.ശാസ്തമംഗലത്തുനിന്ന് മരുതുംകുഴിയിലേക്കാണ് എം എൽ എ ഓഫീസിന്റെ പ്രവർത്തനം മാറ്റിയത്.ഓഫീസ് കെട്ടിടത്തെ ചൊല്ലി കൗൺസിലർ ആർ ശ്രീലേഖയും വി കെ പ്രശാന്ത് എംഎൽഎയും തമ്മിലുള്ള തർക്കം വലിയ വിവാദത്തിന് വഴി വച്ചിരുന്നു.
ശാസ്തമംഗലത്ത് കൗൺസിലറായി ആർ ശ്രീലേഖ വിജയിച്ചെത്തിയതോടെയാണ് വി കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസിനെ ചൊല്ലി തർക്കമുയരുന്നത്.നഗരസഭയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎയുടെ ഓഫീസ് മാറണമെന്നായിരുന്നു ആർ ശ്രീലേഖയുടെ ആവശ്യം.അതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൗൺസിലറുടെ ഓഫീസിന് സൗകര്യക്കുറവ് ഉണ്ടെന്നായിരുന്നു ആർ ശ്രീലങ്കയുടെ വാദം.
ഇത് വലിയ വിവാദത്തിന് വഴിവെച്ചു.ആദ്യം മാറില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ വി കെ പ്രശാന്ത് പിന്നീട് ഓഫീസ് മറ്റൊരിടത്തേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു.തുടർന്നാണ് മരുതുംകുഴി ജംഗ്ഷനിലേക്ക് ഓഫീസ് പ്രവർത്തനം മാറ്റിയത്. ഇന്നുമുതൽ പുതിയ ഓഫീസിന്റെ പ്രവർത്തനമാരംഭിച്ചു. വിവാദങ്ങൾക്കില്ലെന്നും വികസനമാണ് ലക്ഷ്യമെന്നും വി കെ പ്രശാന്ത് പറഞ്ഞു.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ പാർട്ടിയാണ് തീരുമാനിക്കേണ്ടത്.പാർട്ടി പറയുന്നത് അനുസരിക്കുമെന്നും വി കെ പ്രശാന്ത്. എംഎൽഎയുടെ ഓഫീസ് മാറ്റത്തെ കുറിച്ച് ഇതുവരെ ആർ ശ്രീലേഖ പ്രതികരിച്ചിട്ടില്ല.


































