ആലപ്പുഴ. ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുന്നിൽ സാഹസം കാണിച്ച പാപ്പാനും കുഞ്ഞിൻറെ അച്ഛനുമായ കൊട്ടിയം അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിൽ നിന്നാണ് ഹരിപ്പാട് പോലീസ് എത്തി കസ്റ്റഡിയിൽ എടുത്തത്. കുഞ്ഞിൻറെ പേടി മാറ്റാൻ എന്ന പേരിൽ ആനയുടെ കൊമ്പിൽ കുഞ്ഞിനെ ഇരുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻറെ കിഴക്കേ നടയിലെ വലിയ കൊട്ടാരം വളപ്പിൽ പിഞ്ചുകുഞ്ഞിനെ വെച്ച് ആനയ്ക്ക് മുൻപിൽ കൈവിട്ട കളി നടത്തിയത്. കുഞ്ഞിൻറെ അച്ഛനും ആനയുടെ പാപ്പാനുമായ കൊട്ടിയം അഭിലാഷ് കുഞ്ഞിനെ കൊണ്ട് ആനയ്ക്ക് ഉമ്മ നൽകുകയും ആനയുടെ കൊമ്പിൽ ഇരുത്താൻ ശ്രമിക്കുകയും ആയിരുന്നു. ഇതിനിടയിൽ കുഞ്ഞ് നിലത്ത് വീണു. അഭിലാഷും രണ്ടാം പാപ്പാൻ ജിതിൻ രാജും മദ്യ ലഹരിയിൽ ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്. പോലീസ് ദൃശ്യങ്ങൾ കണ്ട് സ്വമേധയാ കേസെടുത്തതിന് പിന്നാലെ അഭിലാഷ് മുങ്ങി. ഇന്ന് പെരുമ്പാവൂർ ഉള്ള ഭാര്യവീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു. ജിതിൻ രാജിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃഗങ്ങളെ ഉപയോഗിച്ച് ആക്രമണം നടത്തുക, ബാലനീതി വകുപ്പ് എന്നിവയാണ് ചുമത്തിയിരിക്കുന്നത്.































