Advertisement
മൂന്നാർ: വരയാടുകളുടെ പ്രജനനം മുൻനിർത്തി ഫെബ്രുവരി മുതൽ രണ്ട് മാസത്തേക്ക് ഇരവികുളം ദേശീയ ഉദ്യാനം അടയ്ക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കാൻ തുടങ്ങുന്നതിനിടെ അഞ്ചിലധികം പുതിയ കുഞ്ഞുങ്ങളെ കണ്ടെത്തി. ഇതോടെ വരയാടുകളുടെ സുരക്ഷിതമായ പ്രജനനത്തിന് വകുപ്പ് നേരത്തെ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചു. സാധാരണയായി ജനുവരി മധ്യത്തോടെയാണ് ആടുകൾ പ്രസവിച്ചുതുടങ്ങുന്നത്. എന്നാൽ ആദ്യവാരത്തിൽ തന്നെ കുഞ്ഞുങ്ങളെ കണ്ടു തുടങ്ങി.
കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ഏപ്രിലിൽ നടന്ന കണക്കെടുപ്പിൽ 830 വരയാടുകളെ കണ്ടെത്തി. ഇതിൽ 144 എണ്ണം പുതുതായി പിറന്നവയായിരുന്നു. ക്രിസ്മസ് പുതുവത്സര അവധി പ്രമാണിച്ച് ആയിരക്കണക്കിന് സഞ്ചാരികളാണ് രാജമല സന്ദർശിച്ചത്. വരയാടുകളെ തൊട്ടടുത്ത് കാണാൻ കഴിയുന്ന രാജ്യത്തെ ഏക പ്രദേശമാണ് വരയാടുകളുടെ ആവാസകേന്ദ്രമായ രാജമല.
































