പത്തനംതിട്ട. ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഭഗവാന് നിവേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയ സംഭവത്തിൽ പ്രായശ്ചിത്തം ചെയ്യാൻ അനുമതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് അനുമതി നൽകിയത്. തന്ത്രിയുടെ സമയം ലഭിക്കുന്ന മുറയ്ക്ക് പ്രായശ്ചിത്തകർമ്മങ്ങൾ നടത്തും.
ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഭഗവാന് നിവേദ്യം അർപ്പിക്കും മുൻപ് ദേവസ്വം മന്ത്രി വി എൻ വാസവനും മറ്റ് ബന്ധപ്പെട്ട വിഐപികൾക്കും നിവേദ്യം വിളമ്പിയത് വലിയ വിവാദമായിരുന്നു. ഇതിൽ പ്രായശ്ചിത്തം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തന്ത്രി രംഗത്ത് വന്നിരുന്നു. ആചാരലംഘനം നടന്നന്നായിരുന്നു തന്ത്രിയുടെ നിലപാട്. ഇത് പ്രകാരം തന്ത്രി നിർദ്ദേശിച്ച പ്രായശ്ചിത്ത കർമ്മങ്ങൾ ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകി. നിവേദ്യം വിളമ്പിയതിൽ വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിന് വീഴ്ച സംഭവിച്ചെന്ന് ഭാരവാഹികൾ വിലയിരുത്തിയിരുന്നു. എത്രയും വേഗം പ്രായശ്ചിത്തകർമ്മങ്ങൾ ചെയ്യണമെന്നായിരുന്നു തന്ത്രിയുടെ നിർദ്ദേശം. ക്ഷേത്രത്തിലെ കളഭത്തിനു മുമ്പ് പ്രായശ്ചിത്തം നടത്തണമെന്ന് തന്ത്രി നിർദ്ദേശിച്ചെങ്കിലും ദേവസം ബോർഡിൻറെ അനുമതി വേണമെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തു. ഇതിലാണ് പ്രായശ്ചിത്തം നടത്താൻ ദേവസ്വം ബോർഡ് അനുമതി നൽകിയത്. തന്ത്രിയുടെ സമയം ലഭിക്കുന്ന മുറയ്ക്ക് ക്ഷേത്രത്തിൽ പ്രായശ്ചിത്തകർമ്മങ്ങൾ ചെയ്യും.
ക്ഷേത്ര ഉപദേശക സമിതിയും പള്ളിയോട സേവാ സംഘവും നാട്ടുകാരും ചേർന്ന് ക്ഷേത്രത്തിന് വലം വെച്ച് ശ്രീ കോവിലിനു മുമ്പിൽ പിടിപ്പണം സമർപ്പിക്കണം. അകത്ത് ഒരു പറ അരിയുടെ നിവേദ്യം ഭഗവാന് സമർപ്പിച്ച ശേഷം പത്തു പറ അരിയുടെ സദ്യ നൽകണമെന്നാണ് തന്ത്രി നിർദ്ദേശിച്ച പ്രായശ്ചിത്തം. തനിക്ക് സദ്യ വിളമ്പിയതിൽ ആചാരലംഘനം ഇല്ലെന്നും വിവാദമാക്കുന്നതിന് പിന്നിൽ മറ്റ് താൽപര്യങ്ങൾ ഉണ്ടാകാമെന്നും മന്ത്രി അന്ന് പ്രതികരിച്ചിരുന്നു.
വള്ളസദ്യ ഭഗവാന് നിവേദിക്കും മുൻപ് മന്ത്രിക്ക്, പ്രായശ്ചിത്തത്തിന് അനുമതി
Advertisement



































