നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു

Advertisement

നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു. ജെ അല്‍ഫോണ്‍സ് എന്നാണ് യഥാര്‍ത്ഥ പേര്. 77 വയസായിരുന്നു. തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിവെയാണ് മരണം. നടന്‍ എന്നതിന് പുറമെ എല്‍ഐസി ചീഫ് ഏജന്റുമായിരുന്നു.
1965-ല്‍ സത്യന്‍ നായകനായ ഒതേനന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചെറിയ വേഷങ്ങള്‍ ചെയ്ത് സജീവമായി മാറുകയായിരുന്നു. പുന്നപ്രയില്‍ ഷൂട്ടിങ് കാണാനെത്തിയപ്പോള്‍ സുഹൃത്ത് വഴി ലഭിച്ച വേഷമായിരുന്നു ആദ്യ സിനിമയിലെത്തിച്ചത്. മഞ്ഞിലാസിന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.
പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അനന്തരം മുതലുള്ള സിനിമകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളുടേയും കൂടെ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും അഭിനയിച്ച് കയ്യടി നേടി. സത്യന്റേയും നസീറിന്റേയും കാലം മുതല്‍ പുതിയ തലമുറയ്ക്കൊപ്പം വരെ അഭിനയിച്ച അതുല്യ കലാകാരനാണെന്നാണ് സംവിധായകന്‍ വിനയന്‍ അനുശോചിച്ചത്.
ഞാന്‍ ഗന്ധര്‍വന്‍, മതിലുകള്‍, സംഘം, അധികാരം, ദി കിങ്, ജലോത്സവം, കടുവ, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ വേഷമിട്ടു. ദി കിങ്ങിലെ മുഖ്യമന്ത്രിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടതാണ്. പ്രേംനസീര്‍ മുതല്‍ പുതുതലമുറയിലെ ധ്യാന്‍ ശ്രീനിവാസന്‍ വരെയുള്ള നടന്‍മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനാണ് ഒടുവില്‍ അഭിനയിച്ച സിനിമ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here