എറണാകുളം:തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ വിമർശനവുമായി സിപിഐ. സംഘടനാ വീഴ്ചകൾ കാര്യമായി ബാധിച്ചെന്നാണ് വിമർശനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുത്ത എറണാകുളം ജില്ലാ എക്സിക്യൂട്ടീവിലാണ് വിമർശനം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമായി ഉണ്ടായി. വെള്ളാപ്പള്ളിയുടെ പ്രസ്ഥാവനകൾ ഇതിന് ആക്കം കൂട്ടി. വെള്ളാപ്പള്ളിക്കൊപ്പമാണ് എൽഡിഎഫ് എന്ന ധാരണ ശക്തമായതും പ്രശ്നമായി. വെള്ളാപ്പള്ളിക്ക് മറുപടി പറയേണ്ട ആളല്ല സംസ്ഥാന സെക്രട്ടറി എന്നും വിമർശനം.
ഭരണവിരുദ്ധ വികാരമുണ്ട്. ഇത് തിരിച്ചടിയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സീറ്റുകളുടെ വച്ചുമാറ്റം വേണ്ടെന്ന നിലപാടിലാണ് സിപിഐ. പറവൂരിലും, മുവാറ്റുപുഴയിലും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി മുന്നോട്ടു നീങ്ങാൻ ധാരണയായി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ ശൈലി അദ്ദേഹമോ പാർട്ടിയോ തിരുത്തണം, അതു സാധിക്കുന്നില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി മാറി നിൽക്കുന്നതാകും നല്ലതെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ ആവശ്യം വരെ ഉയർന്നിരുന്നു. പിണറായിയുടെ ശൈലിക്കെതിരെ രൂക്ഷവിമർശനമാണ് ഉണ്ടായത്. പിണറായി– വെള്ളാപ്പള്ളി സഖ്യം ന്യൂനപക്ഷത്തെ അകറ്റി. ഭൂരിപക്ഷ വോട്ട് കിട്ടുമെന്നു വിചാരിച്ചാകും രണ്ടുപേരും കൂടി ഇതെല്ലാം ചെയ്തത്. ന്യൂനപക്ഷം ശത്രുക്കളുമായി. എല്ലാം പിണറായി തിരുമാനിക്കുന്നതു കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്നും വിമർശനം ഉയർന്നിരുന്നു.






































