തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) യുടെ ഭാഗമായുള്ള ഹിയറിങിൽ പ്രായമായവരും പ്രവാസികളും ഹാജരാകേണ്ട. ഇവർ നേരിട്ട് എത്തണമെന്ന് ശാഠ്യം പിടിക്കരുതെന്ന് ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (ഇആർഒ)മാർക്ക് നിർദ്ദേശം നൽകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ രാഷ്ട്രീയ പാർടി യോഗത്തിൽ വ്യക്‌തമാക്കി. നേരിട്ട് എത്താൻ കഴിയാത്തവർക്ക് പകരക്കാരെ നിയോഗിക്കാം. അന്തിമ തീരുമാനം ഇആർഒമാരുടേത് ആയിരിക്കും.
ഹിയറിങ് നോട്ടീസ് നൽകുമ്പോൾ തന്നെ ബിഎൽഒമാർക്ക് രേഖകൾ വാങ്ങാം. 19.32 ലക്ഷം വോട്ടർമാരെയാണ് മാപ്പിങ് നടത്താൻ കഴിയാത്തത്. മുഴുവൻ പേർക്കും നോട്ടീസ് നൽകും. പക്ഷേ ആരെയൊക്കെ ഹിയറിങിന് വിളിക്കണമെന്ന് ഇആർഒമാർക്ക് തീരുമാനിക്കാം.
രണ്ടു ദിവസത്തിനകം നോട്ടീസ് വിതരണം പൂർത്തിയാകും. പേരിലെ അക്ഷരത്തെറ്റ്, പ്രായവ്യത്യാസം തുടങ്ങിയ കാരണത്താൽ മാപ്പിങ് നടക്കാത്തവരെ ബിഎൽഒമാരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ഹിയറിങിൽ നിന്ന് ഒഴിവാക്കും. ഹിയറിങിൽ ബിഎൽഎമാർ പങ്കെടുക്കണമോ എന്ന് ഇആർഒമാർക്ക് തീരുമാനിക്കാം. മാപ്പിങ് നടത്താനാകാത്തവരെ അന്തിമ പട്ടികയിൽ നിന്ന് ന്യായീകരണമില്ലാതെ പുറത്താക്കില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
പുതിയതായി 5,003 പോളിങ് ബൂത്തുകൾ കൂടി രൂപീകരിച്ചു. ഇവിടങ്ങളിൽ നിയമിച്ച ബിഎൽഒമാർക്ക് പരിശീലനം നൽകും. എല്ലാ ശനിയാഴ്‌ചയും നടന്നിരുന്ന രാഷ്‌ട്രീയപാർടി പ്രതിനിധികളുടെ യോഗം ഇനി അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ ഉണ്ടാകൂ.
Advertisement
































