ആർ ശ്രീലേഖയ്‌ക്കെതിരായ പരാതി: അറസ്റ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് അഡ്വ. കുളത്തൂർ ജയ്സിങ്

Advertisement

തിരുവനന്തപുരം: ആർ ശ്രീലേഖയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം താൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷന്റെ അനുമതി വാങ്ങാതെയാണ് ശാസ്തമംഗലം വാർഡ് കൗൺസിലർ ചട്ടലംഘനം നടത്തിയതെന്ന കാര്യമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചതെന്നും, ഇതിനെതിരെ ആർ ശ്രീലേഖ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലേഖയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന ആവശ്യം ഒരിക്കലും ഉന്നയിച്ചിട്ടില്ല. പരാതി സംസ്ഥാന പോലീസ് മേധാവിക്ക് അന്വേഷണത്തിനായി കൈമാറിയതിൽ ശ്രീലേഖ അസ്വസ്ഥപ്പെടേണ്ട കാര്യമില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകുന്നവർ എല്ലാവരും ഒരു രാഷ്ട്രീയ പാർട്ടിയിലുള്ളവരല്ലെന്നും, അന്യായങ്ങൾക്കെതിരെ പരാതി നൽകുന്നത് ഒരു പൗരന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

ശാസ്തമംഗലത്തെ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ മുറികൾ, മുൻപ് രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ എംഎൽഎക്കും കൗൺസിലർക്കും നൽകിയതായും ജയ്സിങ് ആരോപിച്ചു. കോർപ്പറേഷൻ കൗൺസിലർമാർക്ക് ഒരേ ആനുകൂല്യമാണ് നിയമപരമായി അനുവദിച്ചിരിക്കുന്നതെന്നും, ഇതിന് വിരുദ്ധമായ നടപടികളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേഷൻ കൗൺസിലിന്റെ അനുമതി ഇല്ലാതെ കെട്ടിടത്തിൽ കയറി ബോർഡ് വച്ച് ഓഫീസ് തുറന്ന നടപടി നിയമപരമായി കയ്യേറ്റമായേ കാണാനാകൂവെന്നും ജയ്സിങ് പറഞ്ഞു. എംഎൽഎയുടെ ഓഫീസ് ഒഴിപ്പിക്കാൻ ശ്രീലേഖയ്ക്ക് കോർപ്പറേഷൻ ചുമതല നൽകിയിട്ടില്ലെന്നും, അത്തരമൊരു രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ ഓഫീസ് തുറന്നത് ചട്ടലംഘനമാണെന്നും, തുല്യനീതി ഉറപ്പാക്കുന്നതിനായി എല്ലാ കൗൺസിലർമാർക്കും ഒരേ രീതിയിൽ നിയമം നടപ്പാക്കണമെന്നും ജയ്സിങ് ആവശ്യപ്പെട്ടു. കോർപ്പറേഷൻ കെട്ടിടത്തിൽ സൗജന്യമായി ഓഫീസ് അനുവദിക്കാൻ കഴിയില്ലെങ്കിൽ, വാടകയ്ക്ക് വിട്ട് കോർപ്പറേഷനു വരുമാനം ലഭിക്കുന്ന സംവിധാനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ ശ്രീലേഖ നടത്തിയ നടപടികൾ തുല്യനീതിക്കും മാനദണ്ഡങ്ങൾക്കും എതിരാണെന്നും, ശാസ്തമംഗലം കോർപ്പറേഷൻ കെട്ടിടത്തിൽ നിന്ന് ശ്രീലേഖയെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അഡ്വ. കുളത്തൂർ ജയ്സിങ് വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here