19 കിലോ ഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറിന്‍റെ വില കുത്തനെ വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍. 111 രൂപയാണ് ജനുവരി ഒന്നിന് വര്‍ധിപ്പിച്ചത്. വില വര്‍ധനവ് വാണിജ്യ സിലിണ്ടറുകള്‍ക്ക് മാത്രമാണ്, വീട്ടാവശ്യങ്ങള്‍ക്കുള്ള സിലണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
പുതിയ തീരുമാനത്തോടെ ഹോട്ടലുകള്‍, റസ്റ്റോറന്‍റ്, കാറ്ററിങ് സര്‍വീസ് അടക്കമുള്ള മേഖലകളില്‍ പ്രവര്‍ത്തന ചെലവ് ഉയരും. പുതുക്കിയ നിരക്കോടെ 19 കിലോ വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 1691.50 രൂപയായി. നേരത്തെ 1580.50 രൂപയായിരുന്നു വില. കൊച്ചിയിൽ വില 1,698 രൂപയായി. നേരത്തെ 1587 രൂപയായിരുന്നു. കോഴിക്കോട്ട് 1,719 രൂപ. തിരുവനന്തപുരത്ത് 1,730 രൂപ എന്നിങ്ങനെയാണ് പുതിയ വില.
വാണിജ്യ എല്‍പിജി സിലണ്ടര്‍ വിലയില്‍ കഴിഞ്ഞ വർഷം അവസാനം കമ്പനികള്‍ നേരിയ കുറവുവരുത്തിയിരുന്നു. ഈ ആശ്വാസം ഇല്ലാതാക്കുന്ന തരത്തിലുള്ള വര്‍ധനയാണ് ഇന്നുണ്ടായത്. ഡിസംബറിൽ 10 രൂപയും നവംബറിൽ 5 രൂപയുമായിരുന്നു സിലണ്ടറിന് കുറച്ചിരുന്നത്. ഒക്ടോബറില്‍ 15.50 രൂപ വര്‍ധിപ്പിച്ചിരുന്നെങ്കിലും ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 225 രൂപയാണ് വാണിജ്യ സിലണ്ടര്‍ വിലയില്‍ വന്ന കുറവ്.
വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന 14.20 കിലോഗ്രാം സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ വില 860 രൂപയാണ്. കോഴിക്കോട് 861.5 രൂപ, തിരുവനന്തപുരത്ത് 862 രൂപ എന്നിങ്ങനെയാണ് നിലവിലെ വില. 2024 മാർച്ച് എട്ടിനായിരുന്നു അവസാനമായി വീട്ടാവശ്യത്തിനുള്ള പാചകവാതക സിലണ്ടര്‍ വില കുറച്ചത്.

































