ബിനോയി വിശ്വം അല്ലാലോ പിണറായി വിജയൻ,വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരി

Advertisement

തിരുവനന്തപുരം.  എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിൻ്റെ നിലപാടല്ല തനിക്കെന്നും വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് തനിക്ക് ശരിയായ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിനോയി വിശ്വം അല്ലാലോ പിണറായി വിജയൻ. പിണറായി വിജയൻ സ്വീകരിച്ചത് പിണറായി വിജയന്റെ നിലപാടാണ്. ബിനോയി വിശ്വത്തിന് അങ്ങനെ ഒരു നിലപാട് ഉണ്ടാകും, അദ്ദേഹം കാറിൽ കയറ്റില്ലായിരിക്കും. ഞാൻ കാറിൽ കയറ്റിയത് ശരിയാണ്. അത് ശരിയാണെന്ന് തന്നെയാണ് ഞാൻ ഇപ്പോഴും കരുതുന്നത്. അതിൽ ഒരു തെറ്റുണ്ടെന്ന് ഞാൻ നേരത്തെ പറഞ്ഞില്ലല്ലോ. ആ നിലപാട് തന്നെയാണ് എനിക്ക് ഇപ്പോഴും ഉള്ളത്. അതിന്റെ സാഹചര്യം ഞാൻ പറഞ്ഞിട്ടുണ്ട്’,അദ്ദേഹം പറഞ്ഞു.

സിപിഐ ചതിയൻ ചന്തുവാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശവും അദ്ദേഹം തള്ളി. സിപിഐ എന്ന് പറയുന്നത് ഞങ്ങളുടെ മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകകക്ഷിയാണ് .നല്ല ഊഷ്മളമായ ബന്ധമാണ് മുന്നണി കാര്യത്തിൽ ആ പാർട്ടിയുമായി ഞങ്ങൾക്കുള്ളത്. ഏതെങ്കിലും തരത്തിലുള്ള ഒരു വഞ്ചനയും ചതിയും കാണിക്കുന്നു എന്ന തോന്നൽ ഞങ്ങൾക്ക് ആർക്കുമില്ല’, അദ്ദേഹം വ്യക്തമാക്കി

കുറച്ചു സീറ്റ് കുറച്ചു വോട്ടുകൾക്കും നാല് സീറ്റിനും വേണ്ടി ഏതെങ്കിലും വർഗീയ ശക്തികളുമായി കൂട്ടുകൂടുക എന്ന രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ ഞങ്ങളില്ല. ഇത് ഞങ്ങളുടെ തുറന്ന സമീപനമാണ് വർഗീയ ശക്തികളെ അകറ്റി നിർത്താൻ ആവണം. വർഗീയതയുമായി ബന്ധപ്പെടാതിരിക്കണം. ഏതു വർഗീയതയും നാടിന് ആപത്ത് മാത്രമേ സൃഷ്ടിക്കു എന്നത് തിരിച്ചറിയാൻ ആവണം ഇതാണ് പ്രധാനം’

കേരളത്തിൻറെ അന്തരീക്ഷം കുറച്ചുകൂടി ഗൗരവമായിട്ട് നമ്മൾ ഉൾക്കൊള്ളണം. കാരണം കേരളീയ സമൂഹത്തിൻറെ ഒരു പ്രത്യേകത എല്ലാകാലത്തും വർഗീയതയെ പൂർണമായി അകറ്റി നിർത്തിയിരുന്നു എന്നുള്ളതാണ്. പക്ഷേ ഇവിടെ കോൺഗ്രസ് മതനിരപേക്ഷത ഒക്കെ പറയുമെങ്കിലും നാല് വോട്ടിനു വേണ്ടി ഏത് വർഗീയതയുമായി കൂടിച്ചേരുന്നതിന് മടി കാണിച്ചിരുന്നില്ല. തൽക്കാലം വോട്ട് പോരട്ടെ എന്ന നിലപാടാണ് അവർ സ്വീകരിച്ചിരുന്നത് അതിൻറെ ഭാഗമായാണ് ദശാബ്ദങ്ങൾക്ക് മുൻപ് ഇവിടെ കോലീബി സഖ്യം ഉണ്ടായത്.

ഇപ്പോൾ നടന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ ഇവിടെ തിരുവനന്തപുരം കോർപ്പറേഷൻ ആണല്ലോ ബിജെപി നേടിയിട്ടുള്ളത് .ആ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച കറുത്ത കൈ ഏതാണ് എന്ന് ചെറിയൊരു അന്വേഷണം നിങ്ങൾ നടത്തിയാൽ മനസ്സിലാകും. അവിടെ ചില ഡിവിഷനുകളിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വോട്ടിൽ സാരമായ കുറവ് വന്നിട്ടുണ്ട്. ആ വോട്ട് ബിജെപി സ്ഥാനാർത്ഥിക്ക് പോയതായി കാണുന്നുണ്ട്. അങ്ങനെയുള്ള നീക്കങ്ങൾ എങ്ങനെ വന്നു? തിരുവനന്തപുരം കോർപ്പറേഷന്റെ ജയത്തിലും ഒരു പങ്ക് ഇത്തരത്തിലുള്ള നീക്കങ്ങൾ വഹിച്ചിട്ടുണ്ട്. രണ്ടു ഭാഗത്ത് നീക്കങ്ങൾ ഉണ്ടായതായി കാണാൻ സാധിക്കും. എൽഡിഎഫ് ജയിച്ചുവരാൻ സാധ്യതയുള്ള സ്ഥലത്ത് രണ്ടുകൂട്ടരും പ്രാദേശികമായി ഉണ്ടാക്കിയ പരസ്പര ധാരണയിൽ വോട്ടുകൾ മാറി ചെയ്തു എന്ന് അതിന്റെ കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെയാണ് ഇത്തരത്തിൽ ഒരു അവസ്ഥ വന്നത്. നമ്മുടെ സമൂഹത്തിന്റെ റേതായ ജാഗ്രതയിൽ കുറവ് വരുന്നുണ്ടോ. വർഗീയതക്കെതിരെ ശക്തമായ പൊതുബോധം നിലനിന്നിരുന്ന ഒരു സമൂഹമാണിത്. ജാതിവഭേദവും മതദ്വേഷവും ഏതുമില്ലാതെ സർവ്വരും സോദരത്തേനെ വാഴുന്ന ഒരിടം എന്ന നിലയിലാണ് നമ്മുടെ നാടിനെ മാറ്റിയെടുക്കാൻ ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകർ പരിശ്രമിച്ചത്.

നമ്മുടെ സംസ്ഥാനത്തിൻറെ ആ കാലത്തെ തുടർച്ച അത് നമുക്ക് നഷ്ടപ്പെട്ടു പോകുന്നുണ്ടോ?വർഗീയതക്കെതിരെയുള്ള ജാഗ്രതാബോധം അതിൽ കുറവ് വരുന്നുണ്ടോ? നമ്മുടെ നാടിന് പലതരത്തിലുള്ള പ്രത്യേകതകൾ നാം പറയാറുണ്ട്. ഇവിടെ ആർക്കും ഏതു തരത്തിലുള്ള വിശ്വാസവും കൊണ്ടു നടക്കാം. ഏത് വിശ്വാസിക്കും അവരുടെ വിശ്വാസം അനുസരിച്ച് ഇവിടെ ജീവിക്കാം. ഏത് ആരാധനാലയത്തിലും അവരുടെ വിശ്വാസം അനുസരിച്ച് ആരാധിക്കാനുള്ള അവകാശം ഇവിടെയുണ്ട്. ഇതൊന്നും നമ്മുടെ രാജ്യത്ത് നടക്കാത്ത കാര്യമാണ്. പലയിടത്തും നടക്കാത്ത കാര്യമാണ്. ഭക്ഷണത്തിന്റെ പേരിൽ ,വിശ്വാസത്തിന്റെ പേരിൽ, വസ്ത്രത്തിന്റെ പേരിൽ എല്ലാം ആളുകളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് നമ്മൾ കാണുകയാണ്. ഇതിൽ നിന്നെല്ലാമുള്ള ഒരു തുരുത്തായാണ് മതനിരപേക്ഷതയുടെ ഏറ്റവും ശക്തമായ കേന്ദ്രമായാണ് കേരളം നിൽക്കുന്നത്.

ആ കേരളം മാറുകയാണോ, ആ മാറ്റം എങ്ങോട്ട് എന്നത് നാം ഗൗരവമായി കാണണം. മറ്റു തർക്കങ്ങളൊക്കെ നമുക്ക് എപ്പോഴും ഉന്നയിക്കാം പക്ഷേ നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാണുന്ന തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് നമ്മുടെ നാട് തിരിച്ചു പോവുകയാണെങ്കിൽ അത് കേരളത്തിൽ ഇന്ന് കാണുന്ന പലതും നഷ്ടപ്പെടുന്നതിനിടയാക്കും. കേരള തനിമ നഷ്ടപ്പെടും, മതനിരപേക്ഷത മൂല്യങ്ങൾ നഷ്ടപ്പെടും, ഇവിടെ നാം അഭിമാനിക്കുന്ന പലതും ഇല്ലാതാകും. ആ ഒരു അവസ്ഥ നാമെല്ലാവരും ഗൗരവത്തോടെ കാണണം. അതിനെതിരെയുള്ള ജാഗ്രത നല്ലതുപോലെ ഉയർത്തികൊണ്ടുവരാൻ നമുക്ക് കഴിയണം. വർഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ ആവണം. ഞങ്ങൾക്ക് ഇതിൽ തുറന്ന മനസ്സാണ്’, മുഖ്യമന്ത്രി പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here