സിപിഐയെ ചതിയന്‍ ചന്തുവെന്ന് പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

Advertisement

തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ച സിപിഐയെ ചതിയന്‍ ചന്തുവെന്ന് പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്ത് വര്‍ഷം സിപിഎമ്മിന്റെ ഒപ്പം നിന്ന് സുഖിച്ച് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു. വിമര്‍ശനം ഉണ്ടെങ്കില്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരു മാറാട് കലാപം പോലും ഉണ്ടായില്ലെന്നും പിണറായി സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വര്‍ഗീയ കലാപം ഉണ്ടായോ? പറയാനാണെങ്കില്‍ എനിക്ക് ഒരുപാട് ഉണ്ട്. വര്‍ഗീയ കലാപകാരികളാണ് ഇപ്പോള്‍ ഇവിടെ നടത്തുന്നത്. കലാപം ഇനിയും ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പണ്ട് ഉണ്ടായിരുന്നില്ലേ? ഇനിയും ഉണ്ടാവണോ?. ഒരു മാറാട് കലാപം ഉണ്ടായില്ലേ. എന്തെല്ലാം കലാപം ഉണ്ടായി. പത്തുവര്‍ഷം ഭരിച്ചിട്ട് വര്‍ഗീയ കലാപം ഉണ്ടായോ? അതുമാത്രം കണ്ടാല്‍ മതി.’ – വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സ്വര്‍ണക്കൊള്ളയില്‍ കൊള്ള നടത്തിയവര്‍ ആരായാലും പിടിക്കട്ടെ. അതില്‍ പിണറായി എന്തുചെയ്തു? കോടതി പറഞ്ഞത് അനുസരിച്ച് ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ലേ?. ആര് എന്ത് തെറ്റ് ചെയ്താലും അവനെല്ലാം അനുഭവിക്കും.പത്മകുമാര്‍ കള്ളനാണ് എന്ന് ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. കൊള്ളക്കാരനാണ്. ഉപ്പും തിന്നവന്‍ വെള്ളം കുടിക്കും. പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു.
വിവാദ മലപ്പുറം പ്രസ്താവനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പ്രകോപിതനായി. മലപ്പുറത്ത് സ്‌കൂളുകള്‍ തുടങ്ങാന്‍ സമ്മതിക്കുന്നില്ല എന്ന് വെള്ളാപ്പള്ളി ആവര്‍ത്തിച്ചപ്പോള്‍ ഇപ്പോള്‍ ഭരിക്കുന്നത് പിണറായി സര്‍ക്കാരല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നിലാണ് വെള്ളാപ്പള്ളി നടേശന്‍ കുപിതനായത്. തുടര്‍ന്ന് കുറെ നാളായി തുടങ്ങിയിട്ട് എന്ന് പറഞ്ഞ് മൈക്ക് തട്ടി മാറ്റി വെള്ളാപ്പള്ളി തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here