തിരുവനന്തപുരം. ഇങ്ങനെ മുന്നോട്ടു പോയിട്ട് കാര്യമില്ല, തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ച CPM വിലയിരുത്തലുകൾ തള്ളി CPI. ഭരണ വിരുദ്ധ വികാരവും ശബരിമല സ്വർണ്ണ കൊള്ളയും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് സിപിഐ നേതൃയോഗങ്ങളുടെ കണ്ടെത്തൽ. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരുത്താതെ മുന്നോട്ട് പോയിട്ട് കാര്യമില്ല എന്നാണ് സിപിഐയുടെ അഭിപ്രായം
മുഖ്യമന്ത്രിയോടുള്ള എതിർപ്പും തോൽവിയിൽ പങ്കുഭവിച്ചതായി ചർച്ചയിൽ അഭിപ്രായമുയർന്നു.
തോൽവിയുടെ ആഴവും പരപ്പും വ്യക്തമായിട്ടും ഭരണവിരുദ്ധ വികാരമോ ശബരിമല വിഷയമോ തിരിച്ചടിയായില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഐഎം. മുന്നണിയിലെ ഒന്നാമത്തെ കക്ഷിയുടെ ഈ വിലയിരുത്തലുകളെ അപ്പാടെ തള്ളുകയാണ് സിപിഐ. ക്ഷേമാനുകൂല്യങ്ങൾ വാരിക്കോരി പ്രഖ്യാപിച്ചിട്ടും കനത്ത തോൽവി ഉണ്ടായത് ഭരണവിരുദ്ധ വികാരം അല്ലെങ്കിൽ മറ്റെന്താണെന്നാണ് സിപിഐയുടെ നേതൃയോഗങ്ങളിൽ ഉയർന്ന ചോദ്യം.ശബരിമല സ്വർണ്ണ കൊള്ള സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടായ സംശയവും തോൽവിയിൽ നിർണായകമായ എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും എക്സിക്യൂട്ടീവിന്റെയും വിലയിരുത്തൽ
മുഖ്യമന്ത്രിയുടെ ചില നിലപാടുകളോട് ജനങ്ങൾക്കുള്ള എതിർപ്പും തോൽവിയിൽ പ്രധാന പങ്കു വഹിച്ചതായി സിപിഐ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായി വർഗീയ വിരുദ്ധ പരാമർശം നടത്തുന്ന വെള്ളാപ്പള്ളി നടേശനോടുള്ള ആഭിമുഖ്യം, ശബരിമല സ്വർണ്ണ കൊള്ളയിൽ അറസ്റ്റിലായ എ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തുടങ്ങിയ കാര്യങ്ങളിലാണ് മുഖ്യമന്ത്രിയോട് ജനങ്ങൾക്ക് എതിർപ്പുള്ളതെന്നാണ് സിപിഐ നേതൃയോഗങ്ങളിൽ ഉയർന്ന അഭിപ്രായം.സംഘപരിവാർ അജണ്ട ഉൾക്കൊള്ളുന്ന പി എം ശ്രീ പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പുവെച്ചതും ജനങ്ങൾക്കിടയിൽ സംശയം ജനിക്കാൻ ഇടയാക്കിയെന്നും വിമർശനമുണ്ട്. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ വിദണ്ഡവാദങ്ങളുമായി മുന്നോട്ടുപോയിട്ട് കാര്യമില്ലെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫലപ്രദമായ തിരുത്തൽ നടപടികൾ കൂടിയേ തീരൂ.തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത തിരിച്ചടിക്ക് കാരണം വാർഡ് വിഭജനത്തിലെ അപാകതകൾ ആണെന്നാണ് സിപിഐയുടെ നിലപാട്. വാർഡ് വിഭജനംതങ്ങൾക്ക് അനുകൂലമാക്കാൻ ഉദ്യോഗസ്ഥരുമായി ചേർന്ന് സിപിഎം ഇടപെടൽ നടത്തിയെന്നാണ് CPI യുടെ വിമർശനം.വിഭജനത്തിന്റെ ഗുണം സിപിഎമ്മിന് കിട്ടിയുമില്ല, സിപിഐക്ക് നഷ്ടമുണ്ടാവുകയും ചെയ്തുവെന്ന് എല്ലാ ജില്ലകളിൽ നിന്നുള്ള നേതാക്കളും ഒരുപോലെ ചൂണ്ടിക്കാട്ടി. നാളെ ചേരുന്ന സിപിഐ സംസ്ഥാന കൗൺസിലിലെ ചർച്ചയ്ക്കുശേഷം തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ വിലയിരുത്തൽ സിപിഐ പൂർത്തിയാക്കും. പാർട്ടി നിലപാട് എൽഡിഎഫ് യോഗത്തെ അറിയിക്കാനും തീരുമാനമുണ്ട്.







































