മർദ്ദനത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

Advertisement

കണ്ണൂർ. ശ്രീകണ്ഠാപുരത്ത് മർദ്ദനത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. യുപി സ്വദേശി നയിം സൽമാനിയാണ് മരിച്ചത്. മരണ കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ക്രിസ്മസ് ദിവസം ശ്രീകണ്ഠാപുരം ചേപ്പറമ്പിലാണ് സംഭവം നടന്നത്. ബാർബർ ഷോപ്പിലെ തൊഴിലാളിയായ നയിം, ഫേഷ്യൽ ചെയ്തതിന്റെ കൂലിയുമായി ബന്ധപ്പെട്ട് ഒരു യുവാവുമായി തർക്കമുണ്ടായിരുന്നു. ഫേഷ്യലിന് 300 രൂപ ആവശ്യപ്പെട്ടെങ്കിലും യുവാവ് 200 രൂപ മാത്രമാണ് നൽകിയത്. ഇതിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ യുവാവ് സുഹൃത്തുക്കളെ കൂട്ടി വന്ന് നയിമിനെ മർദ്ദിക്കുകയായിരുന്നു.

നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും, രാത്രിയിൽ അക്രമിസംഘം നയിം താമസിക്കുന്ന സ്ഥലത്തെത്തി വീണ്ടും സംഘർഷമുണ്ടാക്കുകയും സ്കൂട്ടർ തകർക്കുകയും ചെയ്തു.
പിറ്റേദിവസം കടയുടമ ജോണിയോടൊപ്പം പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോകുന്നതിനിടെ നയിം റോഡരികിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ മരണം സംഭവിച്ചു.


നയിം നേരത്തെ തന്നെ ഹൃദ്രോഗിയായിരുന്നുവെന്നും മർദ്ദനത്തെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാകാം ഹൃദയാഘാതത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം.
മകന്റെ പരാതിയിൽ ശ്രീകണ്ഠാപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മൃതദേഹം ജന്മനാടായ യുപിയിലെ ബിജ്‌നോറിലേക്ക് കൊണ്ടുപോയി.
സംഭവത്തിൽ ഉൾപ്പെട്ട അക്രമികളെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here