തിരുവനന്തപുരം. ജില്ലയിൽ പഞ്ചായത്ത് അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതിൽ അപ്രതീക്ഷിത ടിസ്റ്റുകൾ. ഇരട്ടി ഭൂരിപക്ഷം ഉണ്ടായിട്ടും നാവായിക്കുളം പഞ്ചായത്തിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് പരാജയം. പാങ്ങോട് പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയോടെ വിജയിച്ച യുഡിഎഫ് പ്രസിഡൻ്റ് രാജിവച്ചു.
നാവായിക്കുളം പഞ്ചായത്തിലെ അട്ടിമറി യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഇരട്ടി ഭൂരിപക്ഷം ഉണ്ടായിട്ടും ഔദ്യോഗിക സ്ഥാനാർഥി പരാജയപ്പെട്ടത് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് തർക്കത്തിൽ. 24 സീറ്റുള്ള പഞ്ചായത്തിൽ യുഡിഎഫിന് 12 ഉം എൽഡിഎഫും ബിജെപിയും ആറു വീതം എന്നതാണ് കക്ഷിനില. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം ഒത്തുതീർപ്പാകാതെ വന്നതോടെ കോൺഗ്രസ് അംഗമായ ആസിഫ് കടയിൽ എൽഡിഎഫ് പിന്തുണയിൽ പ്രസിഡന്റായി. എൽഡിഎഫിലെ 6 അംഗങ്ങളും യുഡിഎഫിലെ നാലുപേരും പിന്തുണച്ചു. യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് 8 വോട്ട് മാത്രമാണ് ലഭിച്ചത്. പാങ്ങോട് പഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയിലാണ് യുഡിഎഫ് വിജയിച്ചത്. എസ്ഡിപിഐ പിന്തുണയുണ്ടെങ്കിൽ രാജി വയ്ക്കണമെന്ന കെ.പി.സി.സി നിർദേശത്തിന് പിന്നാലെ പ്രസിഡൻ്റായ എസ്. ഗീത രാജിവച്ചു. പള്ളിക്കൽ പഞ്ചായത്തിൽ സ്വതന്ത്രനെ പ്രസിഡൻ്റാക്കി യുഡിഎഫ് ഭരണം പിടിച്ചു. പുല്ലമ്പാറ പഞ്ചായത്തിലും സ്വതന്ത്ര ൻ്റ പിന്തുണയോടെ യുഡിഎഫ് വിജയിച്ചു. മംഗലപുരം പഞ്ചായത്തിൽ യുഡിഎഫ് വിമതനെ പഞ്ചായത്ത് പ്രസിഡൻ്റാക്കി എൽഡിഎഫ് ഭരണം പിടിച്ചു. വെമ്പായം പഞ്ചായത്തിൽ യുഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധു ആയതോടെ എൽഡിഎഫ് ഭരണം പിടിച്ചു. മലയിൻകീഴ് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സ്വതന്ത്രയെ ഒപ്പം നിർത്തി ഭരണം പിടിക്കാനുള്ള ബിജെപി ശ്രമം പാളി. യുഡിഎഫിലെ നിയാദുൽ അക്സർ പഞ്ചായത്ത് പ്രസിഡന്റായി.





































