ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള ചിത്രം പ്രചരിപ്പിച്ച കോൺഗ്രസ്‌ നേതാവിനെതിരെ കേസ്

Advertisement

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്‌മണ്യത്തിനെതിരെ കേസെടുത്തു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 122 പ്രകാരം കോഴിക്കോട് ചേവായൂർ പൊലീസാണ് സ്വമേധയാ കേസെടുത്തത്.

സോണിയാ ഗാന്ധിക്കും അടൂർ പ്രകാശിനുമൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയുള്ള ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുള്ള ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്ത് നിർത്തി സ്വകാര്യം പറയുന്ന ചിത്രമാണ് എൻ. സുബ്രഹ്‌മണ്യം പങ്കുവെച്ചിരുന്നത്. ഈ ചിത്രം മുൻനിർത്തി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും രമേശ് ചെന്നിത്തലയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സ്വകാര്യ സംഭാഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി ചെവിയിൽ പറഞ്ഞത് എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ചില നിർദേശങ്ങൾ കൊടുത്തതാണോ എന്ന് സംശയിച്ചാൽ അതിൽ തെറ്റുണ്ടാകും എന്ന് കരുതുന്നില്ലെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തിയിരുന്നു.
കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ ചെവിയിൽ ഉണ്ണികൃഷ്ണൻ പോറ്റി മന്ത്രിച്ചത് അദ്ദേഹത്തിന് സ്വർണക്കൊള്ളയുമായി ബന്ധമുള്ളത് കൊണ്ടാണോ എന്നാണ് രമേശ് ചെന്നിത്തല ചോദിച്ചത്. അടുപ്പമുള്ള ആൾ വന്ന് സംസാരിക്കുന്ന പോലെയാണ് ഉണ്ണികൃഷ്ണൻ പോറ്റി സംസാരിക്കുന്നത്. അത്രയും സ്വാതന്ത്ര്യമാണ്. പാർട്ടി സെക്രട്ടറി ഗോവിന്ദന് മാഷിന് പോലും അടുത്ത് നിന്ന് ചെവിയിൽ സംസാരിക്കാൻ വയ്യാത്ത മുഖ്യമന്ത്രിയാണിത്. ഇതിനർത്ഥമെന്താണ്…? -എന്നും ചെന്നിത്തല ചോദിച്ചിരുന്നു.
എന്നാൽ, മുഖ്യമന്ത്രിയുമായി ഉണ്ണികൃഷ്ണൻ പോറ്റി ഒരു തരത്തിലുള്ള കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്നും കോൺഗ്രസ് നേതാവ് പുറത്തുവിട്ട ചിത്രം എ.ഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും വ്യാജമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഇതിന്റെ സത്യാവസ്ഥ ഉടൻ പുറത്തുവരുമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here