തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ്; ശബരിനാഥ് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി

Advertisement

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. ശബരിനാഥനാണ് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. കവടിയാര്‍ വാര്‍ഡില്‍ നിന്നാണ് ശബരിനാഥന്‍ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ മേരി പുഷ്പവും മത്സരിക്കും. കുന്നുകുഴി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറാണ്. എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ സിപിഎമ്മിലെ ഐ പി ബിനുവിനെ പരാജയപ്പെടുത്തിയാണ് മേരി പുഷ്പം നഗരസഭയിലെത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മേരി പുഷ്പമാണ് വിജയിച്ചിരുന്നത്.
നഗരസഭയില്‍ രാഷ്ട്രീയ പോരാട്ടം കടുത്ത സാഹചര്യത്തിലാണ് ശക്തമായ സ്ഥാനാര്‍ത്ഥികളെ തന്നെ അണിനിരത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇടതുമുന്നണിയും തീരുമാനിച്ചിട്ടുണ്ട്. പുന്നക്കാമുഗള്‍ വാര്‍ഡില്‍ നിന്നും വിജയിച്ച ആര്‍ പി ശിവജിയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം തീരുമാനം.
101 വാര്‍ഡുകളുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ 50 സീറ്റുകള്‍ ബിജെപി നേടി. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് കുറവുള്ളത്. 29 സീറ്റ് മാത്രമാണ് കോര്‍പറേഷനില്‍ ഇത്തവണ എല്‍ഡിഎഫിന് നേടാനായത്. യുഡിഎഫിന് 19 സീറ്റും ലഭിച്ചു. രണ്ട് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here