കൊച്ചി: വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിന് മൂന്ന് യുവ ഡോക്ടർമാർ അടിയന്തര വൈദ്യസഹായം നൽകിയ യുവാവ് മരിച്ചു. പത്താനാപുരം സ്വദേശി വി.ഡി ലിനു(40) ആണ് മരണത്തിന് കീഴടങ്ങിയത്. എറണാകുളം ഉദയംപേരൂരിൽ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഉദയംപേരൂർ വലിയകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റത്. ഇതില്‍ ലിനുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. രക്തം വാര്‍ന്ന് ശ്വാസമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ലിനു. ഈ സമയം അതുവഴി യാത്രചെയ്തിരുന്ന ഡോക്ടർമാരാണ് ലിനുവിന് അടിയന്തര വൈദ്യസഹായം നൽകി ആശുപത്രിയിലെത്തിച്ചത്. എന്നാൽ തുടർ ചികിത്സക്കിടെയാണ് ലിനു മരണത്തിന് കീഴടങ്ങിയത്.
റോഡരികിൽ മൊബൈൽ ഫ്‌ളാഷ് ലൈറ്റുകളുടെ വെട്ടത്തിലായിരുന്നു ബ്ലേഡും സ്‌ട്രോയും ഉപയോഗിച്ച് എറണാകുളം ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ ഡോ.തോമസ് പീറ്റർ, ഭാര്യ ഡോ.ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ.മനൂപ് എന്നിവർ ചേർന്ന് ലിനുവിന്റെ കഴുത്തിൽ മുറിവുണ്ടാക്കി ശ്വാസനാളത്തിലേക്ക് ചെറിയ പ്ലാസ്റ്റിക് സ്‌ട്രോ കടത്തി ശ്വസനം വീണ്ടെടുത്തിരുന്നത്.ഉടൻ തന്നെ എറണാകുളത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ ഉച്ചയോടെ ലിനു മരിക്കുകയായിരുന്നു.






























