‘കേരളം പിന്നോട്ട്, കാരണം കേരള മോഡൽ’; യുവാക്കൾ കേരളം വിടുന്നത് ആകസ്മികമല്ലെന്ന് രാജീവ് ചന്ദ്രശേഖർ

Advertisement

തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങൾ നിക്ഷേപം, സംരംഭകത്വം, തൊഴിലവസരങ്ങൾ എന്നിവയിൽ എല്ലാം മുന്നേറുമ്പോൾ കേരളം എന്തുകൊണ്ട് പിന്നോട്ടുപോകുന്നുവെന്ന് ഓരോ മലയാളിയും ചോദിക്കേണ്ട ചോദ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മിന്‍റെയും കോൺഗ്രസിന്റെയും ‘കേരള മോഡൽ’ കേരളത്തെ പരാജയപ്പെടുത്തി. ഇവിടെയുള്ള ജനങ്ങളെ, പ്രത്യേകിച്ച് യുവജനങ്ങളെ പരാജയപ്പെടുത്തിയെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

‘നിക്ഷേപം കഴിവ് ഉള്ളിടത്തേക്ക് പോകുന്നു, കഴിവ് അവസരങ്ങൾ ഉള്ളിടത്തേക്ക് പോകുന്നു’ എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളം സ്വന്തം യുവ പ്രതിഭകളെ കയറ്റുമതി ചെയ്യുമ്പോൾ, അടിസ്ഥാനപരമായി എന്തൊക്കെയോ തകരുകയാണ്. പ്രതിഭകൾ കേരളം വിടുന്നത് ആകസ്മികമല്ല, പതിറ്റാണ്ടുകളുടെ മോശം ഭരണത്തിന്റെയും അഴിമതിയുടെയും ഫലമാണിതെന്ന് ”ഇന്ത്യൻ എക്സ്പ്രസി’ന് നൽകിയ അഭിമുഖത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലും പാലക്കാട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളിലുമാണ് ബിജെപി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഏകദേശം 3000 മുതൽ 3500 വരെ വാർഡുകൾ ജയിക്കുക എന്നതായിരുന്നു ലക്ഷ്യം. 2000 വാർഡുകളിൽ ഒന്നാം സ്ഥാനത്തെത്തി. 500-ലധികം വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തി. വരുന്ന നിയമസഭയിൽ, യുഡിഎഫും എൻഡിഎയും തമ്മിൽ വ്യത്യസ്തമായ ഒരു രാഷ്ട്രീയ ചർച്ചയും സംവാദവും ജനങ്ങൾക്ക് കാണാൻ കഴിയും. കാരണം എൽഡിഎഫിനെ ജനങ്ങൾ തഴഞ്ഞിരിക്കുന്നു. മൂന്നാമതൊരു അവസരം നൽകില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

16 വർഷമായി ശശി തരൂർ തിരുവനന്തപുരത്ത് നിന്ന് കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുന്നു. എന്നിട്ടും കോണ്‍ഗ്രസ് ഇതുവരെ തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്ക് പ്രചാരണത്തിന് 35 ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 8,000 വോട്ടുകൾ കൂടി ലഭിച്ചിരുന്നെങ്കിൽ വിജയിക്കുമായിരുന്നു. എന്നാൽ ഇന്ന് കേരളത്തിലെ രാഷ്ട്രീയം ആഴത്തിലുള്ള മാറ്റത്തിലൂടെ കടന്നുപോകുന്നുവെന്ന് വ്യക്തമാണ്. ഞങ്ങൾ മതേതരരല്ല, മറിച്ച് വർഗീയവാദികളാണെന്ന പ്രചാരണം തകർന്നുകൊണ്ടിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു.

കേരളത്തിലെ യുവാക്കൾ അങ്ങേയറ്റം നിരാശരാണ്. നമ്മുടെ കോളേജുകളിൽ ഏകദേശം 30 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. ജോലിക്ക് മാത്രമല്ല, പഠനത്തിനും കുട്ടികൾ ഇപ്പോൾ കേരളത്തിന് പുറത്തേക്ക് പോകുന്നു. ഇന്ന് ആളുകൾ പറയുന്നത് നീണ്ട പ്രസംഗങ്ങൾ വേണ്ട എന്നാണ്. തന്റെ കുട്ടിക്കായി, തന്റെ കരിയറിനായി നിങ്ങൾ എന്തുചെയ്യുമെന്ന് പറയൂ എന്നാണ് പറയുന്നത്. അതിനാൽ സംഘടനാപരമായി ഞങ്ങൾ കൂടുതൽ ഡിജിറ്റൽ ഫസ്റ്റ്, മൈക്രോ മീറ്റിംഗുകളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ, നിരവധി യുവ മുഖങ്ങൾ പാർട്ടിയിലേക്ക് വന്നെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം നിക്ഷേപവും സംരംഭകത്വവും കുതിച്ചുയരുമ്പോൾ, പ്രതിഭകൾ സ്ഥലം വിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണ്. നിക്ഷേപങ്ങൾ കഴിവുള്ളിടത്തേക്ക് പോകുന്നു, കഴിവ് അവസരങ്ങൾ ഉള്ളിടത്തേക്ക് പോകുന്നു. കേരളത്തിൽ അവസരങ്ങളില്ലെങ്കിൽ, പ്രതിഭകൾ ഓടിപ്പോകും. പിന്നെ നിക്ഷേപങ്ങൾ വന്നിട്ട് എന്തുകാര്യം? ഇതാണ് നമ്മൾ ജീവിക്കുന്ന യാഥാർത്ഥ്യമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here