നടന്‍ ശ്രീനിവാസന്റെ മരണം വലിയ നോവാണ് ആരാധകര്‍ക്കുണ്ടാക്കിയത്. പതിനായിരങ്ങളാണ് അവസാനമായ പ്രിയപ്പെട്ട ശ്രീനിവാസനെ കാണാനായി ഒഴുകി എത്തിയത്. എന്നാല്‍ സ്വന്തം പിതാവിന്റെ വിയോഗത്തില്‍ ഉള്ളുലഞ്ഞിരുന്ന മകന്‍ ധ്യാന്‍ ശ്രീനിവാസനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്.
ശ്രീനിവാസന്റെ ഭൗതിക ശരിരം കാണാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ തൊട്ടടുത്തിരുന്ന ധ്യാന്‍ എഴുന്നേറ്റില്ല എന്നതാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെ കാരണം. ‘കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആദരവ് നല്‍കി പെരുമാറണം, കേരളത്തിന്റെ മുഖ്യമന്ത്രി അച്ഛനെ ഒരുനോക്ക് കാണാന്‍ വന്നപ്പോള്‍ അല്‍പ്പം ബഹുമാനമൊക്കെയാകാം, രാഷ്ട്രീയം നോക്കണ്ട പ്രായത്തെ മാനിച്ചെങ്കിലും ഒന്ന് എഴുന്നേല്‍ക്കാമായിരുന്നു, എഴുന്നേറ്റില്ലെങ്കിലും അദ്ദേഹം തോളില്‍ കൈവച്ചപ്പോള്‍ ആ കൈയ്യില്‍ ഒന്ന് തൊടാമായിരുന്നു’ എന്നൊക്കെയാണ് കമന്റുകള്‍. ഈ കമന്റുകള്‍ക്കെതിരെയും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.































