തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ സത്യപ്രതിജ്ഞയ്ക്കിടെ ദൈവങ്ങളുടെ പേര് പറഞ്ഞു സത്യപ്രതിജ്ഞ ചെയ്തതില്‍ പരാതി പ്രളയം. തദ്ദേശ വകുപ്പിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമാണ് പരാതികള്‍ ലഭിക്കുന്നത്. അതേസമയം, പരാതികള്‍ ഉയര്‍ന്നാല്‍ അയോഗ്യത സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ അധികാരമില്ലെന്നാണ് കമ്മിഷന്റെ നിലപാട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കോടതികളാണെന്ന നിലപാടിലാണ് കമ്മിഷനും തദ്ദേശ വകുപ്പും.
സത്യവാചകത്തില്‍ ഇല്ലാത്ത പേരുകള്‍ പറഞ്ഞുള്ള സത്യപ്രതിജ്ഞ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ വീണ്ടും യഥാരീതിയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഉത്തരവുണ്ടാകുമെന്നും സൂചിപ്പിക്കുന്നു.
ദൈവനാമത്തില്‍ എന്നല്ലാതെ ദൈവങ്ങളുടെയും പേര് പറയാന്‍ ചട്ടപ്രകാരം അനുവദനീയമല്ല. ആ സാഹചര്യത്തില്‍ ഇവരുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്നാണ് പരാതിയിലുള്ളത്. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യമുണ്ട്.































