ആലപ്പുഴ .നഗരസഭ യുഡിഎഫ് ഭരിക്കും. സ്വതന്ത്രന്റെ പിന്തുണ ഉറപ്പായതോടെയാണ് ഭരണം ലഭിച്ചത്. ഏറെ നാളത്തെ എൽഡിഎഫ് ഭരണം അവസാനിപ്പിച്ചാണ് യുഡിഎഫ് നഗരസഭ തിരിച്ചു പിടിച്ചത്.
യുഡിഎഫ് 23 സീറ്റിലും എൽഡിഎഫ് 22 സീറ്റിലും ജയിച്ചതോടെയാണ് നഗരസഭയിൽ സ്വതന്ത്രൻ നിർണായക ശക്തിയായത്. മംഗലം വാർഡിൽ നിന്ന് ജയിച്ച ജോസ് ചെല്ലപ്പൻ പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫിന് 24 സീറ്റുകളുമായി നഗരസഭ ഭരിക്കാം. ജോസ് മുന്നോട്ട് വെച്ച വികസന രേഖ അംഗീകരിക്കാമെന്ന ഉറപ്പിലാണ് പിന്തുണ. ആലപ്പുഴ നഗരത്തിന്റെ വികസനവും ലഹരിമുക്ത നഗരത്തിനുള്ള പദ്ധതികളും അടങ്ങിയതാണ് കരട് രേഖ. പദ്ധതികൾ രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാക്കാമെന്ന് യുഡിഎഫിന്റെ ഉറപ്പ്.
നഗരസഭ വൈസ് ചെയർപേഴ്സൺ സ്ഥാനം ജോസ് ചെല്ലപ്പന് നൽകാനും യുഡിഎഫിൽ ധാരണയായി. മുസ്ലീം ലീഗ് ആദ്യം എതിർപ്പറിയിച്ചെങ്കിലും ഭരണം പിടിക്കാൻ മറ്റു വഴികളില്ലെന്നായതോടെയാണ് വിട്ടുവീഴ്ച്ച. ലീഗിന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷസ്ഥാനം നൽകാനാണ് തീരുമാനം. കഴിഞ്ഞ തവണ രണ്ട് ടേമുകളിലായി നഗരസഭ ഭരിച്ച ചെയർപേഴ്സൺമാരെ ഇത്തവണയും എൽഡിഎഫ് മത്സരരംഗത്തിറക്കി വിജയിപ്പിച്ചിരുന്നു. തുടർഭരണം ലക്ഷ്യമിട്ട എൽഡിഎഫിന്റെ സ്വപ്നങ്ങൾ സ്വതന്ത്രന്റെ അട്ടിമറിയിൽ ഇല്ലാതായി.































