കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസ്. ഡ്രൈവര്‍ യദു നല്‍കിയ സ്വകാര്യ അന്യായത്തിലാണ് നടപടി. മറുപടി തേടിയാണ് കോടതി ഇരുവര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് അയച്ചത്. ഇരുവരെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് യദു കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയത്.
കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞ സംഭവത്തില്‍ ആര്യാ രാജേന്ദ്രനെയും സച്ചിന്‍ ദേവിനെയും ആര്യയുടെ ബന്ധുവായ സ്ത്രീയെയും ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ആര്യാ രാജേന്ദ്രന്റെ സഹോദരന്‍ അരവിന്ദ് മാത്രമാണ് കേസിലെ പ്രതി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയിട്ടില്ലെന്നാണ് കന്റോണ്‍മെന്റ് പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്. തിരുവനന്തപുരം ജെഎഫ്എംസി കോടതിയിലായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.
അരവിന്ദിനെതിരെ വാഹനം തടഞ്ഞു എന്ന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. സീബ്ര ലൈനില്‍ വാഹനം നിര്‍ത്തിയിട്ട് യാത്ര തടഞ്ഞതാണ് കുറ്റം. അസഭ്യം പറയല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഒഴിവാക്കിയത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചതിനെ പ്രതിരോധിക്കുകയായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.































