മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനഹൃദയങ്ങൾ കീഴടക്കിയ പ്രിയ നടൻ ശ്രീനിവാസന് വിട നൽകി കേരളം. ഇന്ന് രാവിലെ 11:50 ഓടെ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അങ്ങേയറ്റം വൈകാരിക നിമിഷങ്ങൾക്കാണ് കണ്ടനാട്ടെ വീടും പരിസരവും സാക്ഷിയായത്. മക്കളായ വിനീതും ധ്യാനും അന്ത്യകർമങ്ങൾ നിർവഹിച്ചു. മൂത്തമകൻ വിനീത് ശ്രീനിവാസൻ ആണ് ചിതയ്ക്ക് തീ കൊളുത്തിയത്.
ഒരേസമയം മലയാളത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസനെ പേനയും പേപ്പറും നെഞ്ചോട് ചേർത്താണ് ആത്മസുഹൃത്ത് സത്യൻ അന്തിക്കാട് യാത്രയാക്കിയത്. അവാസാനമായി പ്രിയ താരത്തെ ഒരു നോക്ക് കാണാൻ കണ്ടനാട്ടെ വീട്ടിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ശനിയാഴ്ച എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിനും ജനസാഗരമാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.
രാഷ്ട്രീയ – സിനിമ- സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്. മലയാളികളുടെ മുഴുവൻ ഇഷ്ടവും നെഞ്ചിലേറ്റിയാണ് ശ്രീനിവാസൻ മടങ്ങുന്നത്. ഇന്നലെ രാവിലെയാണ് മലയാളിയുടെ പ്രിയപ്പെട്ട ശ്രീനി വിടപറഞ്ഞത്. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.
































