പൂത്ത ബ്രഡും റസ്കുമടക്കം കൂട്ടത്തോടെ വാങ്ങിക്കൂട്ടിയപ്പോൾ ഈ ചതി പ്രതീക്ഷിച്ചില്ല, ഉണ്ടാക്കി വിറ്റത് കട്ലറ്റ്, ഷെറിൻ ഫുഡ് പൂട്ടിച്ചു

Advertisement

കോഴിക്കോട്: കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. കോഴിക്കോട് പയ്യോളി ഐ.പി.സി റോഡിലെ ഷെറിൻ ഫുഡ്‌സ് എന്ന സ്ഥാപനത്തിനെതിരെയാണ് അധികൃതർ നടപടിയെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഴകിയതും പൂത്തതുമായ ബ്രഡ് ക്രംസ്, ചപ്പാത്തി, ബൺ, റസ്‌ക് തുടങ്ങിയവ ഷെറിൻ ഫുഡ്‌സിലെ ജീവനക്കാർ വ്യാപകമായി ശേഖരിച്ചിരുന്നു. കാലിത്തീറ്റ നിർമാണത്തിന് എന്നുപറഞ്ഞാണ് കടക്കാരിൽ നിന്നും മറ്റുമായി ഇവ ശേഖരിച്ചത്. എന്നാൽ ഇവ ഉപയോഗിച്ച് കട്‌ലറ്റ്, എണ്ണക്കടികൾ, ഫാസ്റ്റ് ഫുഡ് എന്നിവ സ്ഥാപനത്തിൽ ഉണ്ടാക്കിയിരുന്നെന്ന് കണ്ടെത്തിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

സ്ഥാപനത്തിൽനിന്ന് ഏകദേശം 3000 കിലോ ക്രംസ്, 500 കിലോ ചപ്പാത്തി തുടങ്ങിയവ പിടിച്ചെടുത്തു. സാമ്പിൾ പരിശോധനാ ഫലം ലഭിച്ചയുടൻ തുടർനടപടികൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംശയാസ്പദ രീതിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതോ വിതരണം ചെയ്യുന്നതോ ശ്രദ്ധയിൽ പെട്ടാൽ നേരിട്ട് അറിയിക്കണമെന്നും പരാതിക്കാരന്റെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here