അനശ്വരരായി ദേവപ്രയാഗും, ദിവാകർ എസ് രാജേഷും

Advertisement

തിരുവനന്തപുരം. അനശ്വരരായി ദേവപ്രയാഗും, ദിവാകർ എസ് രാജേഷും ഇനി നിരവധി മനുഷ്യരിലൂടെ ജീവിക്കും. ദേവപ്രയാഗിന്റെ 7 അവയവങ്ങളും ദിവാകറിന്റെ 5 അവയവങ്ങളുമാണ് ദാനം ചെയ്തത്. സംസ്ഥാന സർക്കാരിൻ്റെ അവയവദാന പദ്ധതിയായ കെ സോട്ടോയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.


നിലമേൽ ഉണ്ടായ വാഹനാപകടത്തിലാണ് ഒൻപതുകാരനായ ദേവപ്രയാഗ് മരിച്ചത്. തിരുവനന്തപുരം തിരുമല സ്വദേശിയായ ദേവ പ്രയാഗ് ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സ്ഥിരീകരിച്ചത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കിംസ് എന്നീ ആശുപത്രികൾക്കും കണ്ണാശുപത്രിക്കുമായാണ് ദേവപ്രയാഗിന്റെ അവയവങ്ങൾ കൈമാറിയത്. ഒരു വൃക്കയും കരളും കിംസിലെ രോഗിയിൽ മാറ്റിവെച്ചു. ഹാർട്ട് വാൽവ് , നേത്രപടലങ്ങൾ എന്നിവ രോഗികൾക്ക് കൈമാറാനായി സൂക്ഷിച്ചുവെക്കും. ഒരു കിഡ്നിയും പാൻക്രിയാസും രോഗിക്ക് യോജിക്കാത്തതിനാൽ ഉപയോഗിക്കാനായില്ല. ആശുപത്രി അധികൃതർ ദേവപ്രയാഗിന് ആദരമർപ്പിച്ചു. അപകടത്തിൽ ദേവപ്രയാഗിന്റെ പിതാവും മരിച്ചിരുന്നു.

തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്നാണ് കവടിയാർ സ്വദേശിയായ ദിവാകർ എസ് രാജേഷ് മരിച്ചത്. ദിവാകറിന്റെ വൃക്കയും കരളും രണ്ട് നേത്രപടലങ്ങളും ദാനം ചെയ്തു. ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ രോഗികൾക്കും ഒരു വൃക്ക കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലെ രോഗിക്കും നൽകി. ഇരു കുടുംബങ്ങൾക്കും സംസ്ഥാന സർക്കാർ നന്ദി അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here