തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ്. സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ കർണാടകയിലെ ജ്വല്ലറി ഉടമ ഗോവർധനും അറസ്റ്റിലായി. ഉണ്ണികൃഷ്ണൻ പോറ്റി ഗോവർധനാണ് സ്വർണം വിറ്റത്.
ദ്വാരപാലക ശിൽപത്തിൽനിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയും. ശബരിമലയിൽനിന്ന് കടത്തിക്കൊണ്ടുപോയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസാണ് വേർതിരിച്ചെടുത്തത്. വേർതിരിച്ച സ്വർണം കൽപേഷ് എന്ന ഇടനിലക്കാരൻ വഴി ഗോവർധന് കൊടുത്തു എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ബെല്ലാരിയിൽ ഗോവർധന്‍റെ ജ്വല്ലറിയിൽ നടന്ന തെളിവെടുപ്പിൽ 800 ഗ്രാമിലധികം സ്വർണം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഗോവർധനുമായി അടുത്ത ബന്ധമുണ്ടെന്നും ജ്വല്ലറിയില്‍ പോയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയാണ് പരിചയപ്പെടുത്തിയതെന്നും തന്ത്രി മൊഴി നൽകിയിരുന്നു.
ഇന്ത്യയിലെ പല പ്രധാന ക്ഷേത്രങ്ങളിലും സ്വർണം പൂശൽ ജോലികൾ ചെയ്തിട്ടുള്ള സ്ഥാപനമാണ് സ്മാർട്ട് ക്രിയേഷൻസ്. അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ രൂക്ഷ വിമർശനമാണ് ഹൈകോടതി നടത്തിയത്. സ്വർണക്കൊള്ള അപൂർവമായ കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കി. കേസിനാസ്പദമായ സംഭവങ്ങൾ ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ മതപരമായ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണ്. ആരോപണം കേട്ടുകേൾവിയില്ലാത്തതും ഗൗരവമേറിയതെന്നും ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.
































