കൊല്ലം. ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തു അന്വേഷിക്കും.പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പ് തള്ളി കേസെടുത്തു അന്വേഷിക്കാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവ് നൽകി.ഇ.ഡിക്ക് കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകൾ കൈമാറാനും കോടതി ഉത്തരവിട്ടു.
അതേ സമയം കേസിൽ മുരാരി ബാബു,എൻ വാസു,കെ.എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷ
ഹൈക്കോടതി തള്ളി.
ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ.ഡിയുടെ ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്.കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചത്.എന്നാൽ മുഴുവൻ രേഖകൾ കൈമാറുന്നതിൽ എസ്.ഐ.ടി എതിർപ്പ് അറിയിച്ചിരുന്നു.ഇത് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും സമാന്തര അന്വേഷണം വേണ്ടെന്നുമായിരുന്നു എസ്ഐടിയുടെ നിലപാട്.കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്നായിരുന്നു എസ്ഐടിക്ക് വേണ്ടി വാദിച്ച പ്രോസിക്യൂഷൻ അറിയിച്ചത്.എന്നാൽ
കള്ളപ്പണ ഇടപാടു നടന്നിട്ടുണ്ടെന്നും അന്താരാഷ്ട്ര സ്വർണ്ണക്കൊള്ളയെന്നു ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇ.ഡി അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.അതിനിടെ സ്വർണക്കവർച്ച കേസുകളിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു,മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ തള്ളി.ഹൈക്കോടതിയാണ് തള്ളിയത്. ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശുപാർശ നൽകി എന്നതാണ് എൻ വാസുവിനെതിരായ കേസ്. സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികൾ എന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്.തിരുവാഭരണ കമ്മീഷണർ കെ.എസ് ബൈജുവിന്റെ
ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്.
































